എ.ഐ.യിൽ വൻ കുതിച്ചുചാട്ടം: ഇന്ത്യയിൽ 1.5 ലക്ഷം കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ച് മൈക്രോസോഫ്റ്റ്; തൊഴിലവസരം ഇരട്ടിയാകും
ആഗോള ഐ.ടി. ഭീമനായ മൈക്രോസോഫ്റ്റ് ഇന്ത്യയിൽ 1.5 ലക്ഷം കോടി രൂപയുടെ (1750 കോടി ഡോളർ) വൻ നിക്ഷേപം പ്രഖ്യാപിച്ചു. സി.ഇ.ഒ. സത്യ നദെല്ലയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബുധനാഴ്ച നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ഏഷ്യയിലെ മൈക്രോസോഫ്റ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നിക്ഷേപ പദ്ധതിക്ക് കളമൊരുങ്ങിയത്. നിർമിത ബുദ്ധി (AI) സാങ്കേതിക വിദ്യാമേഖലയിലെ അടിസ്ഥാന വികസന പ്രവർത്തനങ്ങൾക്കാണ് ഈ തുക പ്രധാനമായും വിനിയോഗിക്കുക. അടുത്ത രണ്ടു വർഷത്തിനുള്ളിൽ ബെംഗളൂരുവിൽ നിർമിത ബുദ്ധി അടിസ്ഥാന സൗകര്യങ്ങളിലും ക്ലൗഡ് സംവിധാനങ്ങളിലും മൈക്രോസോഫ്റ്റ് വിവിധ പദ്ധതികൾ പൂർത്തിയാക്കും. ഈ നിക്ഷേപം രാജ്യത്തെ എ.ഐ. ശേഷി വർദ്ധിപ്പിക്കുകയും യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ നൽകുകയും ചെയ്യും.
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സത്യ നദെല്ല എക്സിലൂടെ സന്തോഷം പങ്കുവെച്ചു. ഇന്ത്യയുടെ എ.ഐ. അവസരങ്ങളിലേക്ക് പ്രചോദനം പകരുന്നതായിരുന്നു കൂടിക്കാഴ്ചയെന്നും, ഈ നിക്ഷേപം രാജ്യത്തിന്റെ എ.ഐ. ഭാവിക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളും വൈദഗ്ധ്യ വികസനവും സാധ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സത്യ നദെല്ലയുടെ പോസ്റ്റ് പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും സന്തോഷം പ്രകടിപ്പിച്ചു. നിർമിതബുദ്ധിയിൽ ലോകം ഇന്ത്യയെക്കുറിച്ച് ശുഭാപ്തിവിശ്വാസം പുലർത്തുന്നുവെന്നും, രാജ്യത്തെ എ.ഐ. ശേഷി നവീകരിക്കാനുള്ള ഈ അവസരം യുവാക്കൾ പ്രയോജനപ്പെടുത്തുമെന്നും പ്രധാനമന്ത്രി കുറിച്ചു.
ബെംഗളൂരുവിലെ എ.ഐ. അടിസ്ഥാന സൗകര്യ വികസന പദ്ധതിയിൽ പുതിയ ഡാറ്റാ സെന്ററും വൈദഗ്ധ്യ പരിശീലന കേന്ദ്രവുമെല്ലാം ഉൾപ്പെടും. കഴിഞ്ഞ ഒക്ടോബറിൽ ഗൂഗിൾ സി.ഇ.ഒ. സുന്ദർ പിച്ചൈ വിശാഖപട്ടണത്ത് എ.ഐ. ഹബ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മൈക്രോസോഫ്റ്റിന്റെ ഈ വൻ നിക്ഷേപം. 2030-ഓടെ ഒരു കോടി ഇന്ത്യക്കാർക്ക് എ.ഐ.യിൽ പരിശീലനം നൽകാനാണ് മൈക്രോസോഫ്റ്റ് ലക്ഷ്യമിടുന്നത്.
