എൻ. ചന്ദ്രശേഖരൻ ടാറ്റാ സൺസ് ചെയർമാനായി തുടരും; കാലാവധി 5 വർഷത്തേക്ക് കൂടി നീട്ടി, എതിർത്ത് നോയൽ ടാറ്റ

  1. Home
  2. Business

എൻ. ചന്ദ്രശേഖരൻ ടാറ്റാ സൺസ് ചെയർമാനായി തുടരും; കാലാവധി 5 വർഷത്തേക്ക് കൂടി നീട്ടി, എതിർത്ത് നോയൽ ടാറ്റ

n chandrasekharan


ടാറ്റാ സൺസ് ചെയർമാനായി എൻ. ചന്ദ്രശേഖരന്റെ കാലാവധി അടുത്ത അഞ്ച് വർഷത്തേക്ക് കൂടി നീട്ടാൻ കമ്പനി ബോർഡ് യോഗം തീരുമാനിച്ചു. ബോർഡിലെ മറ്റ് അംഗങ്ങളെല്ലാം പ്രമേയത്തെ അനുകൂലിച്ചപ്പോൾ, നോയൽ ടാറ്റ നിർദേശത്തിനെതിരെ വോട്ട് രേഖപ്പെടുത്തി. ടാറ്റാ സൺസിന്റെ ലിസ്റ്റിങ്, നേതൃത്വ പിന്തുടർച്ച എന്നിവയുമായി ബന്ധപ്പെട്ട് ഭിന്നതകൾ നിലനിൽക്കുന്നതിനിടയിലാണ് ബോർഡിന്റെ നിർണായക തീരുമാനം.

ചന്ദ്രശേഖരന്റെ കാലാവധി നീട്ടിയ വാർത്ത പുറത്തുവന്നതോടെ ടാറ്റാ ഗ്രൂപ്പ് ഓഹരികളിൽ വലിയ മുന്നേറ്റമുണ്ടായി. നിലവിലെ കാലാവധി 2027 ഫെബ്രുവരി 20-ന് പൂർത്തിയാകുമ്പോൾ പദവിയിൽനിന്ന് പടിയിറങ്ങാൻ തീരുമാനിച്ചതായി ചന്ദ്രശേഖരൻ മുൻപ് ബോർഡിനെ അറിയിച്ചിരുന്നു. സർ ദൊറാബ്ജി ടാറ്റാ ട്രസ്റ്റ്, സർ രത്തൻ ടാറ്റാ ട്രസ്റ്റ്, നോമിനേഷൻ ആൻഡ് റെമ്യൂണറേഷൻ കമ്മിറ്റി എന്നിവർ അഞ്ച് വർഷത്തെ കാലാവധി നീട്ടലിന് ഏകകണ്ഠമായി ശുപാർശ ചെയ്തിരുന്നെങ്കിലും, 2026 ഫെബ്രുവരി 24-ന് നടന്ന യോഗത്തിൽ നോയൽ ടാറ്റയുടെ പിന്തുണ ലഭിക്കാത്തതിനെ തുടർന്ന് പ്രമേയം നടപ്പിലായിരുന്നില്ല. ബോർഡിൽ ഏകകണ്ഠ പിന്തുണയില്ലാത്തതിനാൽ പുനർനിയമനത്തിനില്ലെന്നും, സുഗമമായ അധികാര കൈമാറ്റത്തിനായി പിൻഗാമിയെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് 2026 ഓഗസ്റ്റിൽ ചന്ദ്രശേഖരൻ ബോർഡിന് പ്രസ്താവന നൽകിയിരുന്നു. തുടർന്നുണ്ടായ തർക്കങ്ങൾക്കൊടുവിലാണ് ഇപ്പോൾ കാലാവധി നീട്ടി നൽകാൻ ബോർഡ് തീരുമാനിച്ചിരിക്കുന്നത്.

അതിനിടെ, കമ്പനിയിലെ പ്രതിസന്ധി പൂർണമായി ഒഴിഞ്ഞിട്ടില്ല. സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യുന്നത് ഒഴിവാക്കാൻ കോർ ഇൻവെസ്റ്റ്മെന്റ് കമ്പനി (CIC) പദവി ഒഴിവാക്കാനായി ടാറ്റാ സൺസ് സമർപ്പിച്ച അപേക്ഷ കഴിഞ്ഞ ആഴ്ച റിസർവ് ബാങ്ക് തള്ളിയിരുന്നു. ഇതോടെ 'അപ്പർ ലെയർ എൻബിഎഫ്‌സി'കൾക്ക് ബാധകമായ നിയന്ത്രണ ചട്ടക്കൂടിന് കീഴിൽ തന്നെ ടാറ്റ സൺസിന് തുടരേണ്ടിവരും. 2024 മാർച്ച് മാസത്തിലാണ് ടാറ്റാ സൺസ് ഈ അപേക്ഷ നൽകിയത്. വിഷയത്തിൽ ടാറ്റാ സൺസ് നിയമനടപടി സ്വീകരിച്ചാൽ തങ്ങളുടെ ഭാഗം കൂടി കേൾക്കണമെന്ന് ആവശ്യപ്പെട്ട് ആർ.ബി.ഐ ബോംബെ ഹൈക്കോടതിയിൽ കാവിയറ്റ് ഹർജി ഫയൽ ചെയ്തിട്ടുണ്ട്. നിലവിൽ ടാറ്റാ ട്രസ്റ്റുകൾക്ക് ടാറ്റാ സൺസിൽ 66 ശതമാനവും ഷാപ്പൂർജി പല്ലൊഞ്ചി ഗ്രൂപ്പിന് 18 ശതമാനവും ഓഹരി പങ്കാളിത്തമാണുള്ളത്.