വിമാന ടിക്കറ്റ് റീഫണ്ടില്‍ പുതിയ മാനദണ്ഡങ്ങള്‍

  1. Home
  2. Business

വിമാന ടിക്കറ്റ് റീഫണ്ടില്‍ പുതിയ മാനദണ്ഡങ്ങള്‍

FLIGHT


ഇനിമുതല്‍ ബുക്കിങ് നടത്തി 48 മണിക്കൂറിനകം അധിക നിരക്ക് നല്‍കാതെ തന്നെ യാത്രക്കാര്‍ക്ക് വിമാന ടിക്കറ്റ് റദ്ദാക്കാനോ മാറ്റാനോ കഴിയും. ചില ഉപാധികളോടെയുള്ള ഈ മാറ്റം ഉള്‍പ്പെടുത്തി വിമാനക്കമ്പനികളുമായി ബന്ധപ്പെട്ടുള്ള ടിക്കറ്റ് റീഫണ്ട് മാനദണ്ഡങ്ങള്‍ ഡിജിസിഎ പരിഷ്‌കരിച്ചു.

കൂടുതല്‍ യാത്രക്കാര്‍ക്ക് അനുയോജ്യമായ രീതിയിലാണ് മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ചത്. ബുക്കിങ് നടത്തി 24 മണിക്കൂറിനുള്ളില്‍ യാത്രക്കാരന്‍ തെറ്റ് ചൂണ്ടിക്കാണിച്ചാല്‍ തിരുത്തലിനായി വിമാന കമ്പനികള്‍ അധിക നിരക്ക് ഈടാക്കരുതെന്നും പുതുക്കിയ മാനദണ്ഡം പറയുന്നു. എയര്‍ലൈനിന്റെ വെബ്സൈറ്റ് വഴി ടിക്കറ്റ് നേരിട്ട് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ട്രാവല്‍ ഏജന്റ്/പോര്‍ട്ടല്‍ വഴി ടിക്കറ്റ് വാങ്ങുന്ന സാഹചര്യത്തില്‍, റീഫണ്ടിന്റെ ഉത്തരവാദിത്തം എയര്‍ലൈനുകള്‍ക്കായിരിക്കും. കാരണം ഏജന്റുമാര്‍ അവരുടെ നിയുക്ത പ്രതിനിധികളാണ്.14 പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ റീഫണ്ട് പ്രക്രിയ പൂര്‍ത്തിയാക്കുന്നുവെന്ന് എയര്‍ലൈനുകള്‍ ഉറപ്പാക്കണമെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) പറഞ്ഞു. മെഡിക്കല്‍ എമര്‍ജന്‍സി മൂലം ടിക്കറ്റ് റദ്ദാക്കുന്നതിനുള്ള മാനദണ്ഡങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്. കൃത്യസമയത്ത് റീഫണ്ട് ലഭിക്കാത്തതിനെക്കുറിച്ചുള്ള യാത്രക്കാരുടെ പരാതികള്‍ വര്‍ദ്ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഇടപെടല്‍.