പുതിയ സ്‌കോഡ കോഡിയാക് വിപണിയില്‍
2026 മോഡല്‍ സ്‌കോഡ കോഡിയാക് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 37 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ പുറത്തിറങ്ങിയ ഈ രണ്ടാം തലമുറ കോഡിയാക്കിന് പുതിയ അപ്ഡേറ്റിലൂടെ അഡാസ് (Advanced Driver Assistance Systems) ഫീച്ചര്‍ കൂടി ലഭിച്ചിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയപ്പോള്‍ ഈ ഫീച്ചര്‍ വാഹനത്തില്‍ ഉണ്ടായിരുന്നില്ല.
ഫോക്സ്വാഗണ്‍ വാഹനങ്ങളിലേതിന് സമാനമായാണ് അഡാസ് ഫീച്ചര്‍ കോഡിയാക്കിലും ഉള്‍പ്പെടുത്തിയിരിക്കുന്നത്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ പുതിയ തലമുറയിലേക്ക് മാറുന്ന കുഷാക്ക് (Kushaq), സ്ലാവിയ (Slavia) എന്നീ മോഡലുകളിലും ഈ ഫീച്ചര്‍ വരുമെന്നാണ് പ്രതീക്ഷ. പുറംമോടിയിലും ഇന്റീരിയര്‍ ഡിസൈനിലും മാറ്റങ്ങളൊന്നുമില്ല. സ്‌കോഡയുടെ സിഗ്‌നേച്ചര്‍ ഗ്രില്ല്, ഏറോ-എന്‍ഹാന്‍സ്ഡ് വീലുകള്‍, കണക്റ്റഡ് ടെയില്‍ ലാമ്പ് എന്നിവ ഇതിലും കാണാം. 'സ്‌പോര്‍ട്ട്ലൈന്‍' (Sportline) വേരിയന്റില്‍ പൂര്‍ണ്ണമായും കറുപ്പ് നിറത്തിലുള്ള കാബിന്‍ ലഭിക്കുമ്പോള്‍, 'സെലക്ഷന്‍ L&K' (Selection L&K) വേരിയന്റില്‍ കറുപ്പും തവിട്ടും കലര്‍ന്ന കാബിനാണ് നല്‍കിയിരിക്കുന്നത്.
L&K വേരിയന്റിലെ പ്രധാന ഫീച്ചറുകളില്‍ ത്രീ-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഡ്യുവല്‍ ഡിജിറ്റല്‍ സ്‌ക്രീനുകള്‍, മാട്രിക്‌സ് എല്‍ഇഡി ഹെഡ്ലാമ്പുകള്‍, കണക്റ്റഡ് കാര്‍ ടെക്‌നോളജി, 360 ഡിഗ്രി കാമറ, വെന്റിലേഷനും മസാജിംഗ് സൗകര്യവുമുള്ള ലെതറെറ്റ് സീറ്റുകള്‍ എന്നിവ ഉള്‍പ്പെടുന്നു. ഏഴ് എയര്‍ബാഗുകള്‍, ABS വിത്ത് EBD, സ്റ്റെബിലിറ്റി പ്രോഗ്രാം, TPMS എന്നിവ എല്ലാ വേരിയന്റുകളിലും സ്റ്റാന്‍ഡേര്‍ഡായി ലഭിക്കും.
