ആഗോള വിപണിയിൽ എണ്ണവില കുതിക്കുന്നു; ബാരലിന് 112 ഡോളർ കടന്നു, നാല് വർഷത്തിനിടയിലെ ഉയർന്ന നിരക്കിൽ
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം വഷളായതോടെ ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്നു. ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്ന ബ്രെൻഡ് ക്രൂഡ് വില ബാരലിന് 112.6 ഡോളറിലെത്തി. ഒരു ദിവസത്തിനിടെ അഞ്ച് ശതമാനത്തോളമാണ് വില വർദ്ധിച്ചത്. 2022 ജൂലൈയ്ക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.
ഇറാന്റെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ മിസൈൽ ആക്രമണമാണ് വിപണിയിൽ പെട്ടെന്നുള്ള വിലക്കയറ്റത്തിന് കാരണമായത്. ഇറാന്റെ പ്ലൂട്ടോണിയം ഉൽപ്പാദന കേന്ദ്രമായ അറാക് പ്ലാന്റിന് നേരെയുണ്ടായ ആക്രമണം എണ്ണ വിതരണ ശൃംഖലയെ ബാധിക്കുമെന്ന ആശങ്ക നിക്ഷേപകർക്കിടയിൽ ശക്തമായിട്ടുണ്ട്. ഊർജ്ജ കേന്ദ്രങ്ങളെ ആക്രമിക്കില്ലെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉറപ്പ് ലംഘിച്ചാണ് ഇസ്രയേൽ നീക്കം നടത്തിയത്. ഇതോടെ മേഖലയിലെ പ്രധാന അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ഇറാൻ തിരിച്ചടി പ്രഖ്യാപിച്ചതും വിപണിയെ കൂടുതൽ അസ്ഥിരപ്പെടുത്തി.
ഊർജ്ജ കേന്ദ്രങ്ങൾക്കും പവർ സ്റ്റേഷനുകൾക്കും നേരെയുള്ള ആക്രമണം വെറും വാക്കല്ലെന്ന് തെളിഞ്ഞതായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി പ്രതികരിച്ചു. ഇതിന് ശക്തമായ തിരിച്ചടി നൽകുമെന്ന് ഐആർജിസി (IRGC) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പശ്ചിമേഷ്യയിലെ സംഘർഷം തുടരുന്നത് എണ്ണ ഉൽപ്പാദനത്തെയും കയറ്റുമതിയെയും തടസ്സപ്പെടുത്തിയാൽ വരും ദിവസങ്ങളിൽ അന്താരാഷ്ട്ര വിപണിയിൽ വില ഇനിയും ഉയരാൻ സാധ്യതയുണ്ട്. ഇത് ഇന്ത്യയുൾപ്പെടെയുള്ള ഇറക്കുമതി രാജ്യങ്ങളിൽ ഇന്ധനവില വർദ്ധനവിന് കാരണമായേക്കാം.
