ഒമാൻ സാമ്പത്തിക പരിഷ്കരണത്തിലേക്ക്; ബിസിനസ് നടപടികൾ എളുപ്പമാക്കും, വൻകിട നിക്ഷേപങ്ങൾ ആകർഷിക്കും

  1. Home
  2. Business

ഒമാൻ സാമ്പത്തിക പരിഷ്കരണത്തിലേക്ക്; ബിസിനസ് നടപടികൾ എളുപ്പമാക്കും, വൻകിട നിക്ഷേപങ്ങൾ ആകർഷിക്കും

oman


ഒമാന്റെ സാമ്പത്തിക വികസനത്തിന്റെ അടുത്ത ഘട്ടത്തിൽ ബിസിനസ് നടപടികൾ കൂടുതൽ എളുപ്പമാക്കുന്നതിനും ഉന്നത നിലവാരമുള്ള വിദേശ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും മുൻഗണന നൽകുമെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന വകുപ്പ് മന്ത്രി അൻവർ ബിൻ ഹിലാൽ അൽ ജാബ്രി വ്യക്തമാക്കി. സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ അധ്യക്ഷതയിൽ ചേർന്ന മിനിസ്റ്റേഴ്‌സ് കൗൺസിൽ യോഗത്തിന് ശേഷം ഒമാൻ ന്യൂസ് ഏജൻസിക്ക് നൽകിയ പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

രാജ്യത്തെ നിക്ഷേപ അന്തരീക്ഷം ശക്തമാക്കുന്നതിനായി പ്രത്യേക ദേശീയ പ്രോഗ്രാം രൂപീകരിക്കാനും എണ്ണയിതര വ്യാപാര സന്തുലിതാവസ്ഥ വർധിപ്പിക്കുന്നതിന് ദീർഘകാല പദ്ധതി തയ്യാറാക്കാനും സുൽത്താൻ നിർദേശം നൽകിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് സാമ്പത്തിക രംഗത്ത് നിർണായക മാറ്റങ്ങൾക്ക് ഒമാൻ തുടക്കമിടുന്നത്.

ആഗോളതലത്തിൽ ഒമാന്റെ മത്സരക്ഷമത വർധിപ്പിക്കാനും മികച്ച നിക്ഷേപ സൗഹൃദ രാജ്യമാക്കി മാറ്റാനും ലക്ഷ്യമിട്ടുള്ള സമഗ്രമായ പദ്ധതികളാണ് നടപ്പിലാക്കുന്നത്. സർക്കാർ നടപടിക്രമങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുക, എണ്ണയിതര കയറ്റുമതി വിപുലീകരിക്കുക, ഒമാനി ഉൽപ്പന്നങ്ങൾക്കായി പുതിയ അന്താരാഷ്ട്ര വിപണികൾ കണ്ടെത്തുക എന്നിവയ്ക്കാണ് മന്ത്രാലയം പ്രധാനമായും ഊന്നൽ നൽകുന്നത്. ഈ പദ്ധതികൾ രാജ്യത്തെ സ്വകാര്യ മേഖലയുടെ വളർച്ചയ്ക്കും സാമ്പത്തിക വൈവിധ്യവൽക്കരണത്തിനും കരുത്തേകുന്നതിനൊപ്പം ‘ഒമാൻ വിഷൻ 2040’ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ നിർണായക പങ്കുവഹിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.