ഐ.പി.ഒ. നടപടികൾ താൽക്കാലികമായി നിർത്തിവെച്ച് ഫോൺപേ; പശ്ചിമേഷ്യൻ യുദ്ധവും വിപണിയിലെ തകർച്ചയും പ്രതിസന്ധി

  1. Home
  2. Business

ഐ.പി.ഒ. നടപടികൾ താൽക്കാലികമായി നിർത്തിവെച്ച് ഫോൺപേ; പശ്ചിമേഷ്യൻ യുദ്ധവും വിപണിയിലെ തകർച്ചയും പ്രതിസന്ധി

phone pe


ആഗോള സാമ്പത്തിക വിപണിയിലെ അസ്ഥിരത കണക്കിലെടുത്ത് ഓഹരി വിപണി പ്രവേശനത്തിൽ (IPO) നിന്ന് താൽക്കാലികമായി പിന്മാറുന്നതായി പ്രമുഖ ഡിജിറ്റൽ പേമെന്റ് കമ്പനിയായ ഫോൺപേ അറിയിച്ചു. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളും ഓഹരി വിപണിയിലെ തകർച്ചയുമാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിലെന്ന് കമ്പനി വ്യക്തമാക്കി. വിപണിയിൽ സ്ഥിരത കൈവന്ന ശേഷം മാത്രമേ ലിസ്റ്റിംഗ് നടപടികളുമായി മുന്നോട്ട് പോകൂ എന്ന് ഫോൺപേ സി.ഇ.ഒ സമീർ നിഗം പറഞ്ഞു. ഇന്ത്യയിൽ ലിസ്റ്റ് ചെയ്യാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2025 സെപ്റ്റംബർ വരെയുള്ള കണക്കനുസരിച്ച് 65 കോടിയിലധികം ഉപഭോക്താക്കളുള്ള രാജ്യത്തെ ഏറ്റവും വലിയ പേമെന്റ് ആപ്പുകളിൽ ഒന്നാണ് ഫോൺപേ.

ഐ.പി.ഒ നടപടികൾ മാറ്റിവെച്ചെങ്കിലും സാങ്കേതിക രംഗത്ത് സുപ്രധാനമായ മാറ്റങ്ങളുമായി കമ്പനി മുന്നോട്ട് പോകുകയാണ്. വിസ, മാസ്റ്റർകാർഡ് ഉപഭോക്താക്കൾക്കായി 'ഫോൺപേ പിജി ബോൾട്ട്' (PhonePe PG Bolt) എന്ന പുതിയ സേവനം കമ്പനി അവതരിപ്പിച്ചു. ഓൺലൈൻ ഇടപാടുകൾ കൂടുതൽ സുരക്ഷിതമാക്കുന്നതിനായി ടോക്കണൈസേഷൻ സാങ്കേതികവിദ്യയാണ് ഇതിൽ ഉപയോഗിക്കുന്നത്. ഇതിലൂടെ ഓരോ തവണ പണമടക്കുമ്പോഴും സി.വി.വി (CVV) നമ്പർ നൽകേണ്ടി വരില്ല. മറ്റു പേജുകളിലേക്ക് റീഡയറക്ട് ചെയ്യാതെ തന്നെ ഇടപാടുകൾ വേഗത്തിൽ പൂർത്തിയാക്കാനും വൺ-ക്ലിക്ക് പേമെന്റ് അനുഭവം നൽകാനും ഇതിലൂടെ സാധിക്കും. ഉപഭോക്താക്കളുടെ സൗകര്യം വർധിപ്പിക്കുന്നതിനൊപ്പം മർച്ചന്റ് പങ്കാളികൾക്ക് കൂടുതൽ വളർച്ചയുണ്ടാക്കാൻ ഈ പുതിയ ഫീച്ചർ സഹായിക്കുമെന്ന് ഫോൺപേ ചീഫ് ബിസിനസ് ഓഫിസർ യുവരാജ് സിങ് ഷെഖാവത്ത് വ്യക്തമാക്കി.