ലോക എൽ.എൻ.ജി കയറ്റുമതിയിൽ നേട്ടവുമായി ഖത്തർ; ആസ്‌ത്രേലിയയെ മറികടന്ന് രണ്ടാം സ്ഥാനം

  1. Home
  2. Business

ലോക എൽ.എൻ.ജി കയറ്റുമതിയിൽ നേട്ടവുമായി ഖത്തർ; ആസ്‌ത്രേലിയയെ മറികടന്ന് രണ്ടാം സ്ഥാനം

lng


ഇന്റർനാഷണൽ ഗ്യാസ് യൂണിയന്റെ (ഐ.ജി.യു) ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ആഗോള ദ്രവീകൃത പ്രകൃതിവാതക (എൽ.എൻ.ജി) കയറ്റുമതിയിൽ ഖത്തർ രണ്ടാം സ്ഥാനം സ്വന്തമാക്കി. കഴിഞ്ഞവർഷം 81.5 ദശലക്ഷം ടൺ എൽ.എൻ.ജി കയറ്റുമതി ചെയ്ത ഖത്തർ, ആഗോള വാതക വ്യാപാരത്തിന്റെ 18.7 ശതമാനവും സ്വന്തമാക്കി ആസ്‌ത്രേലിയയെ പിന്നിലാക്കി. ഉൽപാദന കേന്ദ്രങ്ങളുടെ പൂർണ ശേഷിയുള്ള പ്രവർത്തനമാണ് മുൻവർഷത്തെക്കാൾ 4.3 ദശലക്ഷം ടണ്ണിന്റെ അധിക വളർച്ച നേടാൻ ഖത്തറിനെ സഹായിച്ചത്.

നോർത്ത് ഫീൽഡ് വികസന പദ്ധതികൾ പൂർത്തിയാകുന്നതോടെ പ്രതിവർഷ ഉൽപാദന ശേഷി 142 ദശലക്ഷം ടണ്ണിലേക്ക് ഉയർത്താനാണ് ഖത്തർ ലക്ഷ്യമിടുന്നത്. നിലവിൽ 110.7 ദശലക്ഷം ടൺ കയറ്റുമതിയുമായി അമേരിക്കയാണ് പട്ടികയിൽ ഒന്നാമതുള്ളത്. 80.3 ദശലക്ഷം ടണ്ണോടെ ആസ്‌ത്രേലിയ മൂന്നാമതും 30.5 ദശലക്ഷം ടണ്ണോടെ റഷ്യ നാലാമതുമാണ്. കഴിഞ്ഞവർഷം ലോകത്താകമാനം 437 മില്യൺ ടൺ എൽ.എൻ.ജി വ്യാപാരം നടന്ന് പുതിയ റെക്കോർഡിട്ടപ്പോൾ, ഇതിന്റെ 62 ശതമാനവും വിതരണം ചെയ്തത് അമേരിക്ക, ഖത്തർ, ആസ്‌ത്രേലിയ എന്നീ മുൻനിര രാജ്യങ്ങളാണ്.