വായ്പാ തിരിച്ചടവിൽ ഇളവ് പ്രഖ്യാപിച്ച് ഖത്തർ സെൻട്രൽ ബാങ്ക്

  1. Home
  2. Business

വായ്പാ തിരിച്ചടവിൽ ഇളവ് പ്രഖ്യാപിച്ച് ഖത്തർ സെൻട്രൽ ബാങ്ക്

qatar


പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വായ്പാ തിരിച്ചടവുകൾക്ക് മൂന്ന് മാസത്തെ ഇളവ് പ്രഖ്യാപിച്ച് ഖത്തർ സെൻട്രൽ ബാങ്ക്. രാജ്യത്തെ സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കുന്നതിനും ബിസിനസ് മേഖലയിലെ പണലഭ്യത നിലനിർത്തുന്നതിനുമായാണ് ഈ സുപ്രധാന തീരുമാനം. നിലവിലെ സാഹചര്യങ്ങൾ ബാധിച്ച കോർപ്പറേറ്റ് ഇടപാടുകാർക്ക് വായ്പാ തുകയും പലിശയും തിരിച്ചടയ്ക്കാൻ മൂന്ന് മാസത്തെ അധിക സമയം ലഭിക്കും.

ബാങ്കുകളുടെ നിലവിലുള്ള നയങ്ങൾക്കും മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായാണ് ഈ ഇളവ് അനുവദിക്കുക. ഈ ഗ്രേസ് പിരിയഡിൽ യാതൊരുവിധ അധിക നികുതിയോ ഫീസോ ഈടാക്കില്ലെന്നത് കമ്പനികൾക്ക് വലിയ ആശ്വാസമാകും. ബിസിനസ് തടസ്സങ്ങളില്ലാതെ മുന്നോട്ട് കൊണ്ടുപോകാൻ ഈ തീരുമാനം സഹായിക്കുമെന്നാണ് സെൻട്രൽ ബാങ്കിന്റെ വിലയിരുത്തൽ.

ആഭ്യന്തര വിപണിയിൽ ഖത്തറി റിയാലിന്റെ ലഭ്യത ഉറപ്പാക്കുന്നതിനായി ബാങ്കുകൾക്ക് പരിധികളില്ലാത്ത 'റിപ്പോ' (Repo) സൗകര്യവും ബാങ്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. കൂടാതെ, ബാങ്കുകൾ കേന്ദ്ര ബാങ്കിൽ സൂക്ഷിക്കേണ്ട കരുതൽ ധനാനുപാതം (Cash Reserve Ratio) 4.5 ശതമാനത്തിൽ നിന്ന് 3.5 ശതമാനമായി കുറച്ചു. ഇതിലൂടെ വിപണിയിൽ കൂടുതൽ പണം ലഭ്യമാകുമെന്ന് ബാങ്ക് പ്രതീക്ഷിക്കുന്നു. അന്താരാഷ്ട്ര സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും വെല്ലുവിളികൾക്കിടയിലും ഖത്തറിന്റെ സാമ്പത്തിക മേഖല കരുത്തോടെ മുന്നോട്ട് പോകുകയാണെന്നും സെൻട്രൽ ബാങ്ക് വ്യക്തമാക്കി.