രൂപയ്ക്ക് ചരിത്രത്തിലെ റെക്കോർഡ് വീഴ്ച; ഡോളറിനെതിരെ മൂല്യം 93 കടന്നു
ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ വ്യാപാര ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തി. അന്താരാഷ്ട്ര വിപണിയിൽ അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ മൂല്യം 93.08 എന്ന റെക്കോർഡ് താഴ്ചയിലേക്കാണ് കൂപ്പുകുത്തിയത്. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയും ആഗോള വിപണിയിൽ ഡോളർ കരുത്താർജ്ജിച്ചതുമാണ് രൂപയ്ക്ക് തിരിച്ചടിയായത്.
ഇന്ത്യ ശക്തമായ ജിഡിപി വളർച്ച നിലനിർത്തുന്ന സാഹചര്യത്തിലും ആഗോള സാമ്പത്തിക പ്രതിസന്ധികൾ രൂപയെ പ്രതികൂലമായി ബാധിക്കുകയാണ്. പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് എണ്ണവിലയിലുണ്ടായ അസ്ഥിരതയും ഇതിന് പ്രധാന കാരണമായി. ഇന്ത്യ പ്രധാനമായും ഇറക്കുമതി ചെയ്യുന്ന ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 100 ഡോളറിന് മുകളിൽ തുടരുന്നത് വ്യാപാര കമ്മി വർദ്ധിപ്പിക്കാൻ ഇടയാക്കി.
അതേസമയം, കടലിൽ കുടുങ്ങിക്കിടക്കുന്ന ഇറാനിയൻ എണ്ണയ്ക്ക് മേലുള്ള ഉപരോധം നീക്കുമെന്ന് അമേരിക്ക വ്യക്തമാക്കിയതോടെ ക്രൂഡ് ഓയിൽ വിലയിൽ നേരിയ കുറവ് പ്രകടമായിട്ടുണ്ട്. ഇന്ന് രാവിലത്തെ കണക്കനുസരിച്ച് ബ്രെന്റ് ഓയിൽ 1.53 ശതമാനം കുറഞ്ഞ് 106.99 ഡോളറിലും, വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (WTI) ക്രൂഡ് ഓയിൽ 2.02 ശതമാനം കുറഞ്ഞ് 93.62 ഡോളറിലുമാണ് വ്യാപാരം നടക്കുന്നത്. എണ്ണവിലയിലെ ഈ കുറവ് വരും ദിവസങ്ങളിൽ രൂപയ്ക്ക് നേരിയ ആശ്വാസം നൽകിയേക്കുമെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.
