സൗദിയിലെ തുറമുഖങ്ങളിൽ സ്റ്റോറേജ് ഫീസിളവ് നീട്ടി; ബിസിനസ് മേഖലയ്ക്ക് വലിയ ആശ്വാസം

  1. Home
  2. Business

സൗദിയിലെ തുറമുഖങ്ങളിൽ സ്റ്റോറേജ് ഫീസിളവ് നീട്ടി; ബിസിനസ് മേഖലയ്ക്ക് വലിയ ആശ്വാസം

saudi port


സൗദി കിഴക്കൻ പ്രവിശ്യയിലെ പ്രധാന തുറമുഖങ്ങളിൽ ട്രാൻസിറ്റ് ചരക്കുകളുടെ സ്റ്റോറേജ് ഫീസ് ഒഴിവാക്കുന്നതിനുള്ള കാലാവധി സൗദി പോർട്ട്‌സ് അതോറിറ്റി (മവാനി) 60 ദിവസത്തേക്ക് കൂടി നീട്ടി നൽകി. ദമ്മാം കിങ് അബ്ദുൽ അസീസ് തുറമുഖം, ജുബൈൽ കൊമേഴ്‌സ്യൽ തുറമുഖം എന്നിവിടങ്ങളിലാണ് ഈ ഇളവ് ബാധകമാകുന്നത്. വ്യാപാര മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് അതോറിറ്റിയുടെ ഈ നടപടി.

അതോറിറ്റി പുറപ്പെടുവിച്ച പുതിയ സർക്കുലർ പ്രകാരം ട്രാൻസിറ്റ് ചരക്കുകളായ കണ്ടെയ്‌നറുകൾ, ഫ്‌ലാറ്റ്ബെഡുകൾ, ട്രെയിലറുകൾ, സാധാരണ കണ്ടെയ്‌നറുകൾ എന്നിവയ്‌ക്ക് പുറമെ ഇന്റർനാഷണൽ മാരിടൈം ഡെയ്ഞ്ചറസ് ഗുഡ്‌സ് കോഡിൽ ഉൾപ്പെടുന്ന എല്ലാത്തരം ചരക്കുകൾക്കും ഈ ആനുകൂല്യം ലഭ്യമാകും. ഇതോടൊപ്പം തന്നെ ഇതേ തുറമുഖങ്ങളിലേക്ക് ഇറക്കുമതി ചെയ്യുന്ന ശൂന്യമായ കണ്ടെയ്‌നറുകൾ, ഫ്‌ലാറ്റ്ബെഡുകൾ, ട്രെയിലറുകൾ എന്നിവ സൗജന്യമായി സൂക്ഷിക്കാനുള്ള കാലാവധി 20 ദിവസമായി ഉയർത്താനും അതോറിറ്റി തീരുമാനിച്ചിട്ടുണ്ട്.

നിലവിലെ ആഗോള വിപണി സാഹചര്യങ്ങളിൽ ബിസിനസ് ചെലവുകൾ കുറയ്ക്കാനും സപ്ലൈ ചെയിൻ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കാനും ഈ തീരുമാനം സഹായിക്കും. സൗദി അറേബ്യയെ ഒരു ആഗോള ലോജിസ്റ്റിക് ഹബ്ബാക്കി മാറ്റുക എന്ന ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ചുവടുവെപ്പായാണ് മവാനിയുടെ ഈ നീക്കം വിലയിരുത്തപ്പെടുന്നത്.