സൗദിയിൽ മാർക്കറ്റിങ്, സെയിൽസ് ജോലികളിൽ സൗദിവൽക്കരണം വർദ്ധിപ്പിച്ചു; ലംഘിച്ചാൽ കടുത്ത പിഴ

  1. Home
  2. Business

സൗദിയിൽ മാർക്കറ്റിങ്, സെയിൽസ് ജോലികളിൽ സൗദിവൽക്കരണം വർദ്ധിപ്പിച്ചു; ലംഘിച്ചാൽ കടുത്ത പിഴ


സ്വദേശി യുവതീ യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സൗദി അറേബ്യയിൽ മാർക്കറ്റിങ്, സെയിൽസ് മേഖലകളിൽ സൗദിവൽക്കരണ നിരക്ക് ഉയർത്തി. മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ് പ്രകാരം ഏപ്രിൽ 19 മുതൽ നിയമം പ്രാബല്യത്തിൽ വന്നു. സ്വകാര്യ മേഖലയിലെ മാർക്കറ്റിങ്, സെയിൽസ് പ്രൊഫഷനുകളിൽ മൂന്നോ അതിലധികമോ തൊഴിലാളികളെ നിയമിക്കുന്ന സ്ഥാപനങ്ങൾ ഇനി മുതൽ 60 ശതമാനം സൗദിവൽക്കരണം പാലിച്ചിരിക്കണം.

ഈ മാസം അഞ്ചാം തീയതി മുതൽ അഡ്മിനിസ്ട്രേറ്റീവ് രംഗത്തെ 69 തസ്തികകളിൽ സമ്പൂർണ്ണ സ്വദേശിവൽക്കരണം നടപ്പിലാക്കിയതിന് പിന്നാലെയാണ് മന്ത്രാലയത്തിന്റെ ഈ പുതിയ നീക്കം. സെക്രട്ടേറിയൽ ജോലി, ട്രാൻസ്ലേഷൻ, ഡാറ്റാ എൻട്രി, അഡ്മിനിസ്ട്രേറ്റീവ് സപ്പോർട്ട് തുടങ്ങിയ മേഖലകളിൽ ഒന്നോ അതിലധികമോ ജീവനക്കാരുള്ള എല്ലാ സ്വകാര്യ സ്ഥാപനങ്ങൾക്കും സ്വദേശിവൽക്കരണം നിർബന്ധമാക്കിയിട്ടുണ്ട്. ഈ തസ്തികകളിൽ വിദേശികളെ നിയമിക്കുന്നത് ഗുരുതരമായ തൊഴിൽ നിയമ ലംഘനമായി കണക്കാക്കും.

പുതിയ നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കനത്ത പിഴയും മറ്റ് ശിക്ഷാ നടപടികളും ഉണ്ടാകുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഓരോ തസ്തികയിലും സൗദിവൽക്കരണം കണക്കാക്കുന്ന രീതിയും നിയമലംഘകർക്കുള്ള പിഴകളും സംബന്ധിച്ച വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്വകാര്യ മേഖലയിൽ സ്വദേശികൾക്ക് കൂടുതൽ മാന്യമായ തൊഴിൽ സാഹചര്യങ്ങൾ ഒരുക്കുന്നതിലൂടെ രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ഭദ്രമാക്കുകയാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.