എണ്ണയിതര കയറ്റുമതിയിൽ വൻ കുതിച്ചുചാട്ടവുമായി സൗദി അറേബ്യ

  1. Home
  2. Business

എണ്ണയിതര കയറ്റുമതിയിൽ വൻ കുതിച്ചുചാട്ടവുമായി സൗദി അറേബ്യ

saudi


എണ്ണയെ മാത്രം ആശ്രയിക്കുന്ന സമ്പദ്‌വ്യവസ്ഥ എന്ന നിലയിൽ നിന്ന് വലിയ മാറ്റങ്ങളിലേക്ക് കുതിക്കുന്ന സൗദി അറേബ്യ, എണ്ണയിതര കയറ്റുമതിയിൽ ചരിത്രപരമായ നേട്ടം കൈവരിച്ചു. 2025-ൽ രാജ്യത്തിന്റെ എണ്ണയിതര കയറ്റുമതി വരുമാനം 62,400 കോടി റിയാലിൽ എത്തി. മുൻവർഷത്തെ 54,300 കോടി റിയാലിനെ അപേക്ഷിച്ച് 15 ശതമാനം വളർച്ചയാണ് ഈ മേഖലയിൽ രേഖപ്പെടുത്തിയത്. ഇതോടെ സൗദിയുടെ ആകെ കയറ്റുമതിയുടെ 44 ശതമാനവും എണ്ണയിതര ഉൽപന്നങ്ങളായി മാറി. ജി20 രാജ്യങ്ങളിൽ ഏറ്റവും ഉയർന്ന വളർച്ചാ നിരക്ക് രേഖപ്പെടുത്തിയ രാജ്യമായി ഇതോടെ സൗദി മാറി.

സാമ്പത്തിക വൈവിധ്യവൽക്കരണത്തിനായുള്ള സൗദിയുടെ വിഷൻ 2030 പദ്ധതികൾ ഫലം കാണുന്നു എന്നതിന്റെ തെളിവാണ് ഈ കണക്കുകൾ. 2021-ൽ 32,500 കോടി റിയാലായിരുന്ന എണ്ണയിതര കയറ്റുമതി വെറും നാല് വർഷം കൊണ്ടാണ് ഇരട്ടിയോളമായി വർധിച്ചത്. പെട്രോകെമിക്കൽ ഇതര ഉൽപന്നങ്ങൾ 12 ശതമാനം വളർച്ചയോടെ 7,800 കോടി റിയാൽ നേടി. ഭക്ഷ്യ-കാർഷിക മേഖലയിലെ കയറ്റുമതി 2,400 കോടി റിയാലായി ഉയർന്നപ്പോൾ, മെഷിനറി-ഇലക്ട്രിക്കൽ ഉപകരണങ്ങളുടെ കയറ്റുമതിയിലും വലിയ വർധനയുണ്ടായി.

സേവന കയറ്റുമതി (Service Exports) മേഖലയിലും സൗദി വലിയ മുന്നേറ്റം നടത്തി. ട്രാവൽ, ട്രാൻസ്‌പോർട്ടേഷൻ മേഖലകളുടെ കരുത്തിൽ 11 ശതമാനം വളർച്ചയോടെ 26,000 കോടി റിയാൽ വരുമാനം ഈ രംഗത്തുനിന്നുണ്ടായി. പുനർ കയറ്റുമതി (Re-export) മേഖലയിൽ 53 ശതമാനത്തിന്റെ അവിശ്വസനീയമായ കുതിപ്പാണ് ഉണ്ടായത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രാദേശിക ഉൽപന്നങ്ങളും വിപുലമായ ആഗോള വ്യാപാര പങ്കാളിത്തവുമാണ് സൗദിയെ ഈ വലിയ സാമ്പത്തിക വിജയത്തിലേക്ക് നയിച്ചത്.