സൗദി ഈന്തപ്പഴത്തിന് ഇന്ത്യൻ വിപണിയിൽ വൻ സ്വീകാര്യത; കയറ്റുമതിയിൽ 25 ശതമാനം വർധനവ്
സൗദി അറേബ്യയിൽ നിന്നുള്ള ഈന്തപ്പഴത്തിന് ഇന്ത്യൻ വിപണിയിൽ ആവശ്യകത വർധിക്കുന്നു. 2024നെ അപേക്ഷിച്ച് 2025ൽ ഇന്ത്യയിലേക്കുള്ള കയറ്റുമതിയിൽ 25 ശതമാനം വർധനവ് രേഖപ്പെടുത്തിയതായി നാഷണൽ സെന്റർ ഫോർ പാംസ് ആൻഡ് ഡേറ്റ്‌സ് അറിയിച്ചു.ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2025ൽ സൗദിയുടെ ആകെ ഈന്തപ്പഴ കയറ്റുമതി മൂല്യം 193.8 കോടി റിയാലിലെത്തി. ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിലെ വർധിച്ച ഉപഭോഗമാണ് ഈ നേട്ടത്തിന് പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്.നിലവിൽ ലോകത്തെ 125-ലധികം രാജ്യങ്ങളിലേക്ക് സൗദി ഈന്തപ്പഴം കയറ്റുമതി ചെയ്യപ്പെടുന്നുണ്ട്. ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കൽ, വിതരണ ശൃംഖലയുടെ ആധുനികവൽക്കരണം, പുതിയ വിപണികൾ കണ്ടെത്തൽ എന്നിവയാണ് വളർച്ചയ്ക്ക് പിന്നിലെ പ്രധാന ഘടകങ്ങളെന്ന് അധികൃതർ വ്യക്തമാക്കി.
