സൗദി-ഹൂതി സംഘർഷം; ആഗോള വിപണിയിൽ എണ്ണവില ബാരലിന് 113 ഡോളറിന് മുകളിൽ
സൗദി അറേബ്യയ്ക്ക് നേരെ യെമനിലെ ഹൂതി വിമതരുടെ ആക്രമണങ്ങൾ ശക്തമായതിനെ തുടർന്ന് ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്നു. ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്ന ബെഞ്ച്മാർക്കായ ബ്രെൻഡ് ക്രൂഡ് വില ബാരലിന് 113 ഡോളറിന് മുകളിലെത്തി. അഞ്ച് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരപ്പാണിത്. ഒറ്റ ദിവസംകൊണ്ട് നാല് ശതമാനത്തോളമാണ് ക്രൂഡ് ഓയിൽ വില വർധിച്ചത്.
സൗദിയിലെ ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ തുടർച്ചയായി ഉണ്ടാകുന്ന ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ ആഗോളതലത്തിൽ എണ്ണവിതരണത്തെ സാരമായി ബാധിക്കുമെന്ന ആശങ്ക ശക്തമാക്കിയിട്ടുണ്ട്. സ്ഥിതിഗതികൾ ഗുരുതരമായതിനെ തുടർന്ന് സൗദി അരാംകോയുടെ ദഹ്റാനിലെ ആസ്ഥാനം ഒഴിപ്പിക്കാൻ അധികൃതർ ഉത്തരവിട്ടതായി റിപ്പോർട്ടുകളുണ്ട്. ഇതിനുപുറമെ, ലിബിയയിലെ എണ്ണ പൈപ്പ്ലൈനിലുണ്ടായ തകരാറുകളും വിപണിയിൽ വിലവർധനവിന് ആക്കംകൂട്ടിയിട്ടുണ്ട്. സംഘർഷം തുടർന്നാൽ ഇത് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഇന്ധനവില വർധനവിനും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനും കാരണമായേക്കുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
