'സുരക്ഷാഭീഷണി ഏറ്റവും ഉയർന്നനിലയിൽ'; ഇറാൻ-യു.എസ് സംഘർഷത്തിൽ ഹോർമുസിലെ ചരക്കുനീക്കം മന്ദഗതിയിൽ
യു.എസ്-ഇറാൻ സംഘർഷം വീണ്ടും ശക്തമായതോടെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര ചരക്കുകപ്പൽ നീക്കം കടുത്ത പ്രതിസന്ധിയിൽ. മേഖലയിലെ സമുദ്രസുരക്ഷാ ഭീഷണി ഇപ്പോഴും ഏറ്റവും ഉയർന്ന 'Severe' (ഗുരുതരം) നിലയിൽ തന്നെ തുടരുകയാണെന്ന് യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് ഏജൻസി (UKMTO) വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങളും, ഇതിന് പിന്നാലെ ഇറാനിലെ സൈനിക ലക്ഷ്യങ്ങൾക്ക് നേരെ യു.എസ് നടത്തിയ ശക്തമായ പ്രത്യാക്രമണങ്ങളുമാണ് മേഖലയെ വീണ്ടും യുദ്ധസമാനമായ അന്തരീക്ഷത്തിലേക്ക് തള്ളിവിട്ടത്.
കപ്പൽ ഗതാഗതത്തിൽ വൻ കുറവ്
ഇരുരാജ്യങ്ങളും തമ്മിൽ നേരത്തെയുണ്ടാക്കിയ താൽക്കാലിക ഉടമ്പടികൾ ലംഘിച്ചാണ് പുതിയ ആക്രമണങ്ങൾ നടന്നിരിക്കുന്നത്. ആഗോള എണ്ണ-എൽ.എൻ.ജി (LNG) നീക്കത്തിന്റെ അഞ്ചിലൊന്നും നടക്കുന്നത് ഹോർമുസ് കടലിടുക്ക് വഴിയാണ്. എന്നാൽ നിലവിലെ അസ്ഥിരത കാരണം കപ്പൽ ഗതാഗതം ജൂൺ 28-ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് താഴ്ന്നു. വ്യാഴാഴ്ച വെറും 10 കപ്പലുകൾ മാത്രമാണ് ഇതുവഴി കടന്നുപോയത്. ബുധനാഴ്ച ഇത് 14-ഉം തിങ്കളാഴ്ച 22-ഉം ആയിരുന്നു.
ടാങ്കറുകളുടെ നീക്കം ഇങ്ങനെ:
ഷിപ്പ് ട്രാക്കിങ് വിവരങ്ങൾ അനുസരിച്ച് ഈയടുത്ത ദിവസങ്ങളിൽ ചുരുങ്ങിയത് അഞ്ച് എൽ.എൻ.ജി ടാങ്കറുകളാണ് ചരക്കുകളില്ലാതെ (Ballast) ഹോർമുസിൽ പ്രവേശിച്ചത്.
- ഗ്രീക്ക് കമ്പനിയായ ഗാസ് ലോഗിന്റെ 'ഗാസ് ലോഗ് ഷാങ്ഹായ്', ഖത്തർ എനർജിയുടെ 'അൽ റയ്യാൻ' എന്നീ കപ്പലുകൾ ജൂലൈ 9-ന് കടലിടുക്കിന് പുറത്ത് കാണപ്പെടുകയും രാത്രിയോടെ ഹോർമുസിലേക്ക് പ്രവേശിക്കുകയും ചെയ്തു.
- ഖത്തർ എനർജിയുടെ തന്നെ 'അൽ സമ്‌രിയ', 'അൽ ഗട്ടാര' എന്നീ കപ്പലുകളെ ജൂൺ 18, 19 തീയതികളിലും, 'അൽ ദഫ്‌ന' എന്ന കപ്പലിനെ ജൂൺ 29-നുമാണ് ഇതിന് മുൻപ് പുറത്ത് കണ്ടിരുന്നത്.
- വ്യാഴാഴ്ച ഭീമൻ ക്രൂഡ് വാഹക കപ്പലായ 'നിസ്സോസ് കീ' ഹോർമൂസിൽ പ്രവേശിച്ചിട്ടുണ്ടെന്നാണ് വിവരം.
ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ആഗോള ഷിപ്പിങ് കമ്പനികളും വിവിധ രാജ്യങ്ങളും ഏറെ ജാഗ്രതയോടെയാണ് ഹോർമുസിലെ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നത്. സുരക്ഷ മുൻനിർത്തി ഒട്ടുമിക്ക പ്രമുഖ കമ്പനികളും തങ്ങളുടെ കപ്പലുകളുടെ റൂട്ടുകളിൽ മാറ്റം വരുത്തുകയോ ചരക്കുനീക്കം താൽക്കാലികമായി നിർത്തിവെക്കുകയോ ചെയ്യുകയാണ്.
