പിഴകളിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് ഷാർജ സിവിൽ ഡിഫൻസ്; ബിസിനസ്സ് മേഖലയ്ക്ക് വൻ ആശ്വാസം
എമിറേറ്റിലെ ബിസിനസ്സ് മേഖലയ്ക്ക് വലിയ ആശ്വാസമേകുന്ന തരത്തിൽ നിയമലംഘനങ്ങൾക്കുള്ള പിഴത്തുകയിലും അഗ്നിശമന സേവനവുമായി ബന്ധപ്പെട്ട ചെലവുകളിലും 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് ഷാർജ സിവിൽ ഡിഫൻസ്. ഷാർജ എക്സിക്യൂട്ടീവ് കൗൺസിലിന്റെ നിർദ്ദേശപ്രകാരം, എമിറേറ്റിലെ ബിസിനസ്സ് സൗഹൃദ അന്തരീക്ഷം കൂടുതൽ ശക്തമാക്കാൻ ലക്ഷ്യമിട്ടാണ് ഈ സാമ്പത്തിക ആശ്വാസ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.
2019 മുതൽ 2026 വരെയുള്ള കാലയളവിൽ രേഖപ്പെടുത്തിയിട്ടുള്ള ഭരണപരവും നിയന്ത്രണപരവുമായ നിയമലംഘന പിഴകൾക്കാണ് ഈ 50 ശതമാനം ഇളവ് ലഭിക്കുക. 2026 ജൂൺ 16 മുതൽ ആരംഭിച്ച ഈ ആനുകൂല്യം മൂന്ന് മാസക്കാലത്തേക്ക് ലഭ്യമായിരിക്കും. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് ഷാർജ സിവിൽ ഡിഫൻസിന്റെ ഔദ്യോഗിക ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴിയോ 06 516 3333 എന്ന നമ്പറിലോ ബന്ധപ്പെടാമെന്ന് അധികൃതർ അറിയിച്ചു.
ഷാർജ എക്സിക്യൂട്ടീവ് കൗൺസിലിന്റെ തീരുമാനപ്രകാരം, ബിസിനസ്സ് മേഖലയെ പിന്തുണയ്ക്കുന്നതിനായി ഷാർജ പൊലീസും ഈ ആഴ്ച ആദ്യം ഇളവ് പാക്കേജ് പ്രഖ്യാപിച്ചിരുന്നു. സെക്യൂരിറ്റി പെർമിറ്റ് പുതുക്കൽ ഫീസ്, നിയമലംഘന പിഴകൾ, സെക്യൂരിറ്റി സിസ്റ്റം സബ്‌സ്‌ക്രിപ്‌ഷൻ ഫീസ് എന്നിവയിൽ 50 ശതമാനം കുറവും, നിർബന്ധിത പരിശീലന പരിപാടികളുടെ ഫീസിൽ 20 ശതമാനം കുറവും ഉൾപ്പെടുന്നതാണ് ഷാർജ പൊലീസിന്റെ പാക്കേജ്. സിവിൽ ഡിഫൻസിന്റെ പുതിയ പ്രഖ്യാപനം കൂടി വന്നതോടെ എമിറേറ്റിലെ കച്ചവടക്കാർക്കും സംരംഭകർക്കും ഇത് വലിയ തുണയാകും.
