നയാരയ്ക്ക് പിന്നാലെ ഇന്ധനവില കുത്തനെ കൂട്ടി ഷെൽ ഇന്ത്യയും

  1. Home
  2. Business

നയാരയ്ക്ക് പിന്നാലെ ഇന്ധനവില കുത്തനെ കൂട്ടി ഷെൽ ഇന്ത്യയും

shell india


ഇന്ധന വിപണിയിൽ സാധാരണക്കാർക്ക് തിരിച്ചടിയായി നയാര എനർജിക്ക് പിന്നാലെ പ്രമുഖ സ്വകാര്യ എണ്ണക്കമ്പനിയായ ഷെൽ ഇന്ത്യയും ഇന്ധനവില കുത്തനെ വർദ്ധിപ്പിച്ചു. ഏപ്രിൽ 1 മുതലാണ് പുതുക്കിയ നിരക്കുകൾ നിലവിൽ വന്നത്. ആഗോള വിപണിയിൽ എണ്ണവില വർദ്ധിച്ചതാണ് ഇപ്പോഴത്തെ വിലക്കയറ്റത്തിന് കാരണമായി കമ്പനി ചൂണ്ടിക്കാട്ടുന്നത്.

പുതുക്കിയ നിരക്ക് പ്രകാരം ബംഗളൂരുവിൽ പെട്രോളിന് ലിറ്ററിന് 7.41 രൂപയാണ് വർദ്ധിപ്പിച്ചത്. ഇതോടെ സ്റ്റാൻഡേർഡ് പെട്രോൾ ലിറ്ററിന് 119.85 രൂപയും പവർ വേരിയന്റിന് 129.85 രൂപയുമായി വില ഉയർന്നു. ഡീസൽ വിലയിൽ ലിറ്ററിന് 25 രൂപയുടെ വൻ വർദ്ധനവാണ് ഷെൽ വരുത്തിയിരിക്കുന്നത്. പ്രാദേശിക നികുതികൾക്കനുസരിച്ച് വിവിധ നഗരങ്ങളിൽ വിലയിൽ വ്യത്യാസമുണ്ടാകും. ഡീസൽ വില ഇനിയും ഉയർന്നേക്കാമെന്ന സൂചനകളുണ്ടെങ്കിലും ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

നേരത്തെ മറ്റൊരു സ്വകാര്യ കമ്പനിയായ നയാര എനർജി പെട്രോളിന് 5.30 രൂപയും ഡീസലിന് 3 രൂപയും വർദ്ധിപ്പിച്ചിരുന്നു. പശ്ചിമേഷ്യയിലെ സംഘർഷം അയവില്ലാതെ തുടരുന്നതും ആഗോള എണ്ണ വിപണിയിലെ അനിശ്ചിതത്വവുമാണ് സ്വകാര്യ എണ്ണക്കമ്പനികളെ ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചത്. കേന്ദ്ര സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനികൾ വിലയിൽ മാറ്റം വരുത്താത്ത സാഹചര്യത്തിൽ, സ്വകാര്യ പമ്പുകളെ ആശ്രയിക്കുന്നവർക്ക് പുതിയ വർദ്ധനവ് വലിയ സാമ്പത്തിക ബാധ്യതയാകും.