24 മണിക്കൂറും പ്രവർത്തിക്കാൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകൾ; ചരിത്ര മാറ്റത്തിനൊരുങ്ങി ലണ്ടൻ വിപണി

  1. Home
  2. Business

24 മണിക്കൂറും പ്രവർത്തിക്കാൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകൾ; ചരിത്ര മാറ്റത്തിനൊരുങ്ങി ലണ്ടൻ വിപണി

lse


ആഗോള സാമ്പത്തിക വിപണിയിൽ വൻ പരിഷ്കാരത്തിന് വഴിയൊരുക്കി ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് (LSE). 2027-ഓടെ 24 മണിക്കൂറും പ്രവർത്തിക്കുന്ന രാത്രികാല വ്യാപാര സംവിധാനം ആരംഭിക്കാനാണ് പദ്ധതി. 'LSE 24' എന്ന് പേരിട്ടിരിക്കുന്ന പുതിയ പ്ലാറ്റ്‌ഫോം 2027 ജൂണോടെ പ്രവർത്തനസജ്ജമാകും. ക്രിപ്‌റ്റോ കറൻസി വിപണികളുടെ ആധിപത്യവും സമയപരിധികളില്ലാതെ വ്യാപാരം നടത്താനുള്ള റീട്ടെയിൽ നിക്ഷേപകരുടെ താല്പര്യവുമാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിൽ.

തുടക്കത്തിൽ യുകെ, യുഎസ് വിപണികളെ പിന്തുടരുന്ന എക്‌സ്‌ചേഞ്ച് ട്രേഡഡ് (ETF) ഉൽപ്പന്നങ്ങളിലായിരിക്കും രാത്രികാല വ്യാപാരം നടക്കുക. നിലവിലെ പ്രധാന വിപണി സമയം (രാവിലെ 8:00 മുതൽ വൈകിട്ട് 4:30 വരെ) മാറ്റമില്ലാതെ തുടരും. തുടർന്ന് വൈകിട്ട് 5:00 മുതൽ അടുത്ത ദിവസം രാവിലെ 7:50 വരെയായിരിക്കും പുതിയ 'LSE 24' പ്ലാറ്റ്‌ഫോം പ്രവർത്തിക്കുക.

ആഗോളതലത്തിലുള്ള നിക്ഷേപകർക്ക് ഏത് സമയമേഖലയിലിരുന്നും വിപണിയിലെ മാറ്റങ്ങളോട് ഉടനടി പ്രതികരിക്കാനും റിസ്ക് മാനേജ്മെന്റ് മികച്ചതാക്കാനും ഇത് സഹായിക്കും. ലണ്ടന് പുറമെ നാസ്ഡാക് (Nasdaq), സി.ബി.ഒ.ഇ (Cboe) തുടങ്ങിയ പ്രമുഖ അമേരിക്കൻ എക്‌സ്‌ചേഞ്ചുകളും വ്യാപാര സമയം 23 മണിക്കൂറായി ഉയർത്താനുള്ള തയ്യാറെടുപ്പിലാണ്.