ഹോർമുസ് കടലിടുക്കിൽ സംഘർഷം കടുക്കുന്നു; ആഗോള വിപണിയിൽ എണ്ണവില വീണ്ടും കുതിച്ചുയർന്നു
ഹോർമുസ് കടലിടുക്കിൽ യുഎസ് നാവിക ഉപരോധം തുടരുന്നതിനെത്തുടർന്ന് വെടിനിർത്തൽ ചർച്ചകൾ പ്രതിസന്ധിയിലായതോടെ ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണവിലയിൽ വീണ്ടും വർധനവ്. ബ്രെന്റ് ക്രൂഡ് വില 1.28 ശതമാനം വർധിച്ച് ബാരലിന് 109.6 ഡോളറിലെത്തി. ഡബ്ല്യുടിഐ ക്രൂഡ് വില 1.27 ശതമാനം ഉയർന്ന് ബാരലിന് 97.59 ഡോളർ എന്ന നിലയിലാണ് വ്യാപാരം തുടരുന്നത്. താത്കാലിക വെടിനിർത്തൽ നിലവിലുണ്ടെങ്കിലും പശ്ചിമേഷ്യയിലെ യുദ്ധസമാനമായ അന്തരീക്ഷത്തിന് അയവുവരാത്തതാണ് വിപണിയെ ബാധിച്ചിരിക്കുന്നത്.
ഹോർമുസിൽ ഉപരോധം തുടരുന്ന യുഎസ് നാവികസേന ഇറാന്റെ ഒരു എണ്ണക്കപ്പൽ കൂടി തടഞ്ഞത് സാഹചര്യം കൂടുതൽ വഷളാക്കിയിട്ടുണ്ട്. ഇറാൻ തുറമുഖം ലക്ഷ്യമാക്കി നീങ്ങിയ കപ്പലാണ് തടഞ്ഞതെന്ന് യുഎസ് നാവികസേനാ സെൻട്രൽ കമാൻഡ് വ്യക്തമാക്കി. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ തുടക്കത്തിൽ ബാരലിന് 65 ഡോളറായിരുന്ന എണ്ണവില യുദ്ധം കൊടുമ്പിരിക്കൊണ്ട സമയത്ത് 115 ഡോളർ വരെ ഉയർന്നിരുന്നു. പിന്നീട് സമാധാന ചർച്ചകളിലൂടെ വില കുറഞ്ഞെങ്കിലും, ഹോർമുസിൽ ഉപരോധം തുടരാനുള്ള ഡോണൾഡ് ട്രംപിന്റെ തീരുമാനം തിരിച്ചടിയാവുകയായിരുന്നു.
അതേസമയം, പ്രശ്നപരിഹാരത്തിനായി പാകിസ്ഥാൻ മധ്യസ്ഥതയിൽ ഇറാൻ മുന്നോട്ടുവെച്ച പുതിയ നിർദ്ദേശങ്ങൾ ട്രംപ് പരിശോധിച്ചുവരികയാണ്. ഉപരോധം പിൻവലിച്ചാൽ ഹോർമുസ് ഉടൻ തുറക്കാമെന്നും ആണവ പദ്ധതികളെക്കുറിച്ചുള്ള ചർച്ചകൾ പിന്നീട് നടത്താമെന്നുമാണ് ഇറാന്റെ നിലപാട്. എന്നാൽ ആണവ വിഷയം നിർദ്ദേശത്തിൽ ഉൾപ്പെടുത്താത്തതിൽ ട്രംപ് അതൃപ്തി പ്രകടിപ്പിച്ചതായാണ് റിപ്പോർട്ടുകൾ. ഇരുരാജ്യങ്ങളും തമ്മിലുള്ള താൽക്കാലിക വെടിനിർത്തൽ ദീർഘകാലത്തേക്ക് നീട്ടണമെന്ന ഇറാന്റെ നിർദ്ദേശത്തിൽ വൈറ്റ് ഹൗസ് ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
