വിലക്കയറ്റം തടയാൻ കേന്ദ്ര സർക്കാർ; 10 ലക്ഷം ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ അനുമതി

  1. Home
  2. Business

വിലക്കയറ്റം തടയാൻ കേന്ദ്ര സർക്കാർ; 10 ലക്ഷം ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ അനുമതി

raw sugar


വിപണിയിലെ വിലക്കയറ്റം തടയുന്നതിനും ഉത്സവകാലത്തെ ആവശ്യങ്ങൾ സുഗമമാക്കുന്നതിനുമായി ഒരു പതിറ്റാണ്ടിനിടയിൽ ആദ്യമായി 10 ലക്ഷം ടൺ അസംസ്‌കൃത പഞ്ചസാര (Raw Sugar) ഇറക്കുമതി ചെയ്യാൻ കേന്ദ്ര സർക്കാർ അനുമതി നൽകി. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡിന്റെ (DGFT) ഉത്തരവ് പ്രകാരം ഒക്ടോബർ 31 വരെ തീരുവയില്ലാതെ ഇറക്കുമതി നടത്താം. ഉത്പാദനത്തിലുണ്ടായ കുറവും നിലവിലെ സ്റ്റോക്കിലെ ഇടിവുമാണ് ഈ തീരുമാനത്തിന് പിന്നിൽ.

ഇതോടൊപ്പം പൂഴ്ത്തിവെപ്പ് തടയാനായി വൻകിട ഉപഭോക്താക്കൾക്ക് കേന്ദ്ര ഭക്ഷ്യ മന്ത്രാലയം സ്റ്റോക്ക് പരിധിയും നിശ്ചയിച്ചു. പ്രതിമാസം 10 ടണ്ണിൽ കൂടുതൽ പഞ്ചസാര ഉപയോഗിക്കുന്ന മിഠായി, ശീതളപാനീയ നിർമാതാക്കൾ ഉൾപ്പെടെയുള്ള സ്ഥാപന ഉപഭോക്താക്കൾക്ക് 15 ദിവസത്തിൽ കൂടുതൽ സ്റ്റോക്ക് കൈവശം വെക്കാൻ അനുവാദമില്ല. സെപ്റ്റംബർ 1 മുതൽ നവംബർ 30 വരെയാണ് ഈ നിയന്ത്രണം ബാധകമാവുക.

റീട്ടെയിൽ വിപണിയിൽ പഞ്ചസാര വില കഴിഞ്ഞ വർഷത്തെക്കാൾ 13 ശതമാനത്തോളം വർധിച്ച് കിലോയ്ക്ക് ശരാശരി 52.3 രൂപയിലെത്തിയ സാഹചര്യത്തിലാണ് നടപടികൾ ശക്തമാക്കിയത്. വ്യാപാരികൾ ആഴ്ചതോറും സ്റ്റോക്ക് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണമെന്നും സർക്കാർ നിർദേശിച്ചിട്ടുണ്ട്. അടുത്ത സീസണിലെ പുതിയ പഞ്ചസാര ഒക്ടോബർ-നവംബറോടെ വിപണിയിലെത്തും.