രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ ട്രാക്കിലേക്ക്; റിപ്പബ്ലിക് ദിനത്തിൽ ചരിത്രപ്രയാണം

  1. Home
  2. Business

രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ ട്രാക്കിലേക്ക്; റിപ്പബ്ലിക് ദിനത്തിൽ ചരിത്രപ്രയാണം

hydrogen train


ഇന്ത്യയുടെ റെയിൽവേ ചരിത്രത്തിലെ സുവർണ്ണ അധ്യായമായി മാറുന്ന രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ ഈ മാസം 26-ന് പരീക്ഷണയോട്ടം ആരംഭിക്കും. നോർത്തേൺ റെയിൽവേയിലെ ജിന്ദ് - സോനിപത്ത് സ്റ്റേഷനുകൾക്കിടയിലുള്ള 90 കിലോമീറ്റർ ദൂരത്തിലാണ് ആദ്യ സർവീസ് നടക്കുക. തദ്ദേശീയമായി വികസിപ്പിച്ച ഈ ഹരിത ട്രെയിനിന്റെ പരീക്ഷണയോട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്യുമെന്നാണ് സൂചനകൾ. നിലവിൽ ലോകത്തെ അഞ്ച് രാജ്യങ്ങളിൽ മാത്രമാണ് ഹൈഡ്രജൻ ട്രെയിൻ സർവീസുകളുള്ളത്. ബ്രോഡ് ഗേജ് ട്രാക്കിൽ ലോകത്തിലെ തന്നെ ഏറ്റവും നീളം കൂടിയ ഹൈഡ്രജൻ ട്രെയിൻ എന്ന റെക്കോർഡും ഇന്ത്യയുടെ ഈ ട്രെയിനിനുണ്ട്.

ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ (ICF) നിർമ്മിച്ച പത്ത് കോച്ചുകളുള്ള ഈ ട്രെയിനിൽ ഒരേസമയം 2,500 പേർക്ക് യാത്ര ചെയ്യാം. മണിക്കൂറിൽ പരമാവധി 150 കിലോമീറ്റർ വേഗത കൈവരിക്കാൻ ശേഷിയുള്ള ട്രെയിനിൽ സുരക്ഷയ്ക്കായി ഓട്ടമാറ്റിക് ഡോർ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. വാതിലുകൾ പൂർണ്ണമായും അടഞ്ഞാൽ മാത്രമേ ട്രെയിൻ മുന്നോട്ട് നീങ്ങുകയുള്ളൂ. 'നമോ ഗ്രീൻ ട്രെയിൻ' എന്ന പേരിൽ അറിയപ്പെടാൻ പോകുന്ന ഈ പദ്ധതി പരിസ്ഥിതി ആഘാതം കുറയ്ക്കുന്നതിനായുള്ള ഇന്ത്യയുടെ വലിയൊരു ചുവടുവെപ്പാണ്.

ഏറ്റവും പുതിയ ഇലക്ട്രോകെമിക്കൽ സാങ്കേതികവിദ്യയാണ് ഇതിൽ ഉപയോഗിക്കുന്നത്. ഒൻപത് കിലോ വെള്ളം ഉപയോഗിച്ച് 900 ഗ്രാം ഹൈഡ്രജൻ ഉൽപ്പാദിപ്പിക്കാൻ കഴിയുന്ന ഈ സാങ്കേതികവിദ്യയിലൂടെ ഒരു കിലോമീറ്റർ ദൂരം ട്രെയിൻ ഓടിക്കാനാകും. ട്രെയിനിന്റെ ടാങ്കുകളിൽ 3,000 കിലോഗ്രാം ഹൈഡ്രജനും 7,680 കിലോഗ്രാം ഓക്‌സിജനും സംഭരിക്കാൻ ശേഷിയുണ്ട്. ജിന്ദ് റെയിൽവേ സ്റ്റേഷനിൽ ട്രെയിനിന്റെ അന്തിമ പരിശോധനകൾ ഈ ആഴ്ച പൂർത്തിയാകും.