യുഎഇ സന്ദർശകർക്ക് ഇനി നിമിഷങ്ങൾക്കുള്ളിൽ ബാങ്ക് അക്കൗണ്ട്; 'ടൂറിസ്റ്റ് ഐഡന്റിറ്റി' പദ്ധതിക്ക് തുടക്കമായി

  1. Home
  2. Business

യുഎഇ സന്ദർശകർക്ക് ഇനി നിമിഷങ്ങൾക്കുള്ളിൽ ബാങ്ക് അക്കൗണ്ട്; 'ടൂറിസ്റ്റ് ഐഡന്റിറ്റി' പദ്ധതിക്ക് തുടക്കമായി

uae


യുഎഇ സന്ദർശിക്കുന്ന വിനോദസഞ്ചാരികൾക്കും പ്രവാസികൾക്കും രാജ്യത്തെത്തിയ ഉടൻ തന്നെ ഡിജിറ്റൽ ബാങ്ക് അക്കൗണ്ടുകൾ തുടങ്ങാൻ സഹായിക്കുന്ന 'ടൂറിസ്റ്റ് ഐഡന്റിറ്റി' പദ്ധതിക്ക് തുടക്കമായി. ബുധനാഴ്ചയാണ് അധികൃതർ ഈ നൂതന സംവിധാനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. യുഎഇ സെൻട്രൽ ബാങ്ക് (CBUAE), ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ICP), അബുദാബി കൊമേഴ്‌സ്യൽ ബാങ്ക് (ADCB) എന്നിവർ സംയുക്തമായാണ് ഈ സേവനം ലഭ്യമാക്കുന്നത്.

ബയോമെട്രിക്സ്, ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യകൾ ഉപയോഗിച്ചാണ് സന്ദർശകർക്ക് യുഎഇയിൽ ഇറങ്ങുമ്പോൾ തന്നെ ടൂറിസ്റ്റ് ഐഡന്റിറ്റി നൽകുന്നത്. ഈ ഡിജിറ്റൽ ഐഡന്റിറ്റി എഡിസിബി (ADCB) മൊബൈൽ ബാങ്കിംഗ് ആപ്ലിക്കേഷനുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഇതുവഴി ഡോക്യുമെന്റുകളുടെ വലിയ നൂലാമാലകളില്ലാതെ മിനിറ്റുകൾക്കുള്ളിൽ ബാങ്ക് അക്കൗണ്ട് തുറക്കാനും ഡിജിറ്റൽ ഡെബിറ്റ് കാർഡുകൾ ഉൾപ്പെടെയുള്ള സേവനങ്ങൾ ഉടനടി ലഭ്യമാക്കാനും സന്ദർശകർക്ക് സാധിക്കും. നേരത്തെ വിദേശികൾക്ക് അക്കൗണ്ട് തുടങ്ങാൻ സാധിക്കുമായിരുന്നെങ്കിലും അത് സങ്കീർണ്ണമായ ഒരു പ്രക്രിയയായിരുന്നു.

സാമ്പത്തിക ഉൾച്ചേർക്കൽ വർദ്ധിപ്പിക്കുന്നതിനും രാജ്യത്തെ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് ഈ നീക്കം. യുഎഇയുടെ ദേശീയ പേയ്‌മെന്റ് സംവിധാനങ്ങളായ 'ജെയ്‌വാൻ' കാർഡ് സ്കീം, ഇൻസ്റ്റന്റ് പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ 'ആനി' എന്നിവയുമായി സന്ദർശകരെ ബന്ധിപ്പിക്കാൻ ഈ പദ്ധതി സഹായിക്കുമെന്ന് സെൻട്രൽ ബാങ്ക് അസിസ്റ്റന്റ് ഗവർണർ സെയ്ഫ് ഹുമൈദ് അൽ ദാഹേരി പറഞ്ഞു. വിനോദസഞ്ചാര മേഖലയെ ശക്തിപ്പെടുത്തുന്നതിനൊപ്പം യുഎഇയെ ഒരു ആഗോള സാമ്പത്തിക കേന്ദ്രമായി നിലനിർത്താൻ ഇത്തരം പരിഷ്‌കാരങ്ങൾ സഹായിക്കുമെന്ന് എഡിസിബി ഗ്രൂപ്പ് സിഇഒ അല എറൈഖാത്തും വ്യക്തമാക്കി.