അമേരിക്ക-ഇറാന്‍ സമാധാന ചര്‍ച്ചകളിൽ പ്രതീക്ഷ; എണ്ണവില 95 ഡോളറിന് താഴേക്ക്
ആഗോള വിപണിയിൽ എണ്ണവില തുടർച്ചയായ രണ്ടാം ദിവസവും കുറഞ്ഞു. അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകൾ പുനരാരംഭിക്കുമെന്ന ശുഭപ്രതീക്ഷയാണ് വിപണിയിൽ പ്രതിഫലിച്ചത്. മധ്യപൂർവേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള എണ്ണ വിതരണം തടസ്സപ്പെടാൻ കാരണമായ ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി ഈ ചർച്ചകളിലൂടെ പരിഹരിക്കപ്പെടുമെന്നാണ് നിക്ഷേപകർ കരുതുന്നത്. സമാധാന ചർച്ചകൾ വിജയിച്ചാൽ എണ്ണ ലഭ്യത വർദ്ധിക്കുമെന്ന കണക്കുകൂട്ടലിലാണ് വിലയിടിവ് തുടരുന്നത്.
ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്ന ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 95 ഡോളറിന് താഴെയെത്തി എന്നത് ശ്രദ്ധേയമാണ്. ഒരു ഘട്ടത്തിൽ 105 ഡോളർ കടന്ന് കുതിച്ചിരുന്ന വിലയാണ് ഒറ്റയടിക്ക് നൂറ് ഡോളറിന് താഴേക്ക് പതിച്ചത്. അമേരിക്ക, ഇസ്രയേൽ, ഇറാൻ എന്നിവർ തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാനായുള്ള ചർച്ചകൾ അടുത്ത രണ്ട് ദിവസത്തിനുള്ളിൽ പാകിസ്ഥാനിൽ വെച്ച് പുനരാരംഭിച്ചേക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൊവ്വാഴ്ച അറിയിച്ചിരുന്നു. ഈ പ്രഖ്യാപനമാണ് വിപണിയിൽ വലിയ ചലനമുണ്ടാക്കിയത്.
നിലവിൽ ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം ഭാഗികമായി മാത്രമേ നടക്കുന്നുള്ളൂ. ഇറാനിയൻ തുറമുഖങ്ങളിൽ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം എണ്ണ നീക്കത്തെ സാരമായി ബാധിച്ചിരുന്നു. എങ്കിലും സമാധാന ചർച്ചകൾ പുരോഗമിക്കുന്നതോടെ ഉപരോധങ്ങളിൽ ഇളവ് ലഭിക്കുമെന്നും ആഗോള വിപണിയിൽ എണ്ണലഭ്യത പഴയപടിയാകുമെന്നുമാണ് പ്രതീക്ഷ. എണ്ണവില കുറയുന്നത് ഇന്ത്യയുൾപ്പെടെയുള്ള ഇറക്കുമതി രാജ്യങ്ങൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.
