റഷ്യൻ എണ്ണ ഇറക്കുമതി: ഇന്ത്യയ്ക്കും ചൈനയ്ക്കും ഏർപ്പെടുത്തിയ 500% തീരുവയിൽ ഇളവ് വരുത്തി യുഎസ്
റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയ്ക്കും ചൈനയ്ക്കും മേൽ ചുമത്താനിരുന്ന ഭീമമായ തീരുവകളിൽ നിർണായക ഇളവുകൾ പ്രഖ്യാപിച്ച് അമേരിക്ക. റഷ്യൻ എണ്ണയ്ക്കും പ്രകൃതിവാതകത്തിനും മേൽ ചുമത്താൻ നിശ്ചയിച്ചിരുന്ന 500 ശതമാനം തീരുവ പരമാവധി 100 ശതമാനമായി കുറച്ചുകൊണ്ട് ഉപരോധ ബില്ലിൽ യുഎസ് ഭേദഗതി വരുത്തി. പുതുക്കിയ ബിൽ അനുസരിച്ച്, റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് മേൽ സാഹചര്യങ്ങൾ മുൻനിർത്തി 100 ശതമാനം വരെ തീരുവ ചുമത്താൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് അധികാരം ഉണ്ടായിരിക്കും. കൂടാതെ, റഷ്യയുടെ പ്രകൃതിവാതക കയറ്റുമതിയുടെ 15 ശതമാനത്തിൽ താഴെ മാത്രം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളെ തീരുവയിൽനിന്ന് പൂർണ്ണമായി ഒഴിവാക്കാനും ബില്ലിൽ വ്യവസ്ഥയുണ്ട്. ഇത് ജപ്പാൻ, ഫ്രാൻസ്, ഹംഗറി, ബെൽജിയം തുടങ്ങിയ രാജ്യങ്ങൾക്ക് വലിയ ആശ്വാസമാകും.
അമേരിക്കയുടെ പ്രത്യേകതാൽപ്പര്യങ്ങൾ മുൻനിർത്തി ഉപരോധങ്ങളിൽ ഇളവ് നൽകാൻ പ്രസിഡന്റിന് പ്രത്യേക അധികാരം നൽകുന്ന വ്യവസ്ഥയും പരിഷ്കരിച്ച ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം, റഷ്യയുടെ ഷാഡോ ടാങ്കർ കപ്പലുകൾക്കും കേന്ദ്ര ബാങ്ക് ഉൾപ്പെടെയുള്ള പ്രമുഖ ധനകാര്യ സ്ഥാപനങ്ങൾക്കും മേൽ കൂടുതൽ ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ബിൽ ലക്ഷ്യമിടുന്നു. യുക്രൈൻ അധിനിവേശത്തെത്തുടർന്ന് റഷ്യയ്ക്ക് മേൽ സാമ്പത്തിക സമ്മർദം വർധിപ്പിച്ച് അവരെ ഒറ്റപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് യുഎസ് ഉഭയകക്ഷി ബിൽ മുൻപ് അവതരിപ്പിച്ചത്. അന്തരിച്ച റിപ്പബ്ലിക്കൻ സെനറ്റർ ലിൻഡ്‌സെ ഗ്രഹാമും ഡെമോക്രാറ്റിക് സെനറ്റർ റിച്ചാർഡ് ബ്ലൂമെന്താലും ചേർന്നാണ് ഈ നീക്കത്തിന് നേതൃത്വം നൽകിയത്. റഷ്യൻ ക്രൂഡ് ഓയിൽ ഏറ്റവും കൂടുതൽ വാങ്ങുന്ന രാജ്യങ്ങളിൽ ഉൾപ്പെടുന്ന ഇന്ത്യയ്ക്കും ചൈനയ്ക്കും ഈ ബിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
എന്നാൽ, ഇരുരാജ്യങ്ങളുമായുള്ള അമേരിക്കയുടെ വ്യാപാര-തന്ത്രപ്രധാന ബന്ധങ്ങൾ വഷളാകാതിരിക്കാനാണ് ഇപ്പോൾ തീരുവയിൽ ഇളവ് വരുത്തിയതെന്നാണ് സൂചന. ലിൻഡ്‌സെ ഗ്രഹാമിനോടുള്ള ആദരസൂചകമായി ഈ ബിൽ ഉടൻ തന്നെ നിയമമാകുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.
