സൗദിയിൽ ഇനി 15 വയസ്സ് കഴിഞ്ഞാൽ ബിസിനസ് തുടങ്ങാം; പുതിയ വാണിജ്യ നിയമത്തിന് അനുമതി
സൗദി അറേബ്യയിൽ ഇനി 15 വയസ്സ് തികഞ്ഞ പൗരന്മാർക്ക് ബിസിനസ് ആരംഭിക്കാൻ അനുമതി നൽകുന്ന പുതിയ വാണിജ്യ ഇടപാട് നിയമത്തിന് സൗദി മന്ത്രിസഭ അംഗീകാരം നൽകി. രക്ഷിതാവിന്റെയോ, ലീഗൽ കസ്റ്റോഡിയന്റെയോ അല്ലെങ്കിൽ കോടതിയുടെയോ മുൻകൂർ അനുമതിയോടെ ചെറുപ്പക്കാർക്ക് വ്യാപാരാതിഷ്ഠിത മേഖലകളിലേക്ക് പ്രവേശിക്കാമെന്നതാണ് നിയമത്തിലെ പ്രധാന പരിഷ്കാരം. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് 180 ദിവസങ്ങൾക്ക് ശേഷം പുതിയ നിയമം പ്രാബല്യത്തിൽ വരും. വാണിജ്യ മന്ത്രി ഡോ. മാജിദ് അൽ ഖസബിയാണ് സുപ്രധാന തീരുമാനങ്ങൾ വിശദീകരിച്ചത്.
വാണിജ്യ വിൽപ്പന, വിതരണ കരാറുകൾ, ബ്രോക്കറേജ്, വാണിജ്യ ഏജൻസി കരാറുകൾ തുടങ്ങി വ്യാപാരാതിഷ്ഠിത മേഖലയിലെ വിവിധ ഇടപാടുകളെ കൃത്യമായി നിയന്ത്രിക്കുന്നതാണ് പുതിയ നിയമമെന്ന് മന്ത്രി അറിയിച്ചു. സിവിൽ ട്രാൻസാക്ഷൻ നിയമത്തിന് അനുബന്ധമായി പ്രവർത്തിക്കുന്ന ഈ പരിഷ്കാരം രാജ്യത്ത് കൂടുതൽ വ്യാപാരാനുകൂല അന്തരീക്ഷം സൃഷ്ടിക്കാനും ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ (SMEs) വളർച്ച വേഗത്തിലാക്കാനും സഹായിക്കും. നിലവിലുള്ള പഴയ വാണിജ്യ നിയമങ്ങൾ റദ്ദാക്കിയാണ് 271 വകുപ്പുകളുള്ള പുതിയ നിയമനിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്.
