'ലിമിറ്റ്‌ലെസ് ഡെലിവറി'യുമായി സൊമാറ്റോ; 40 കിലോമീറ്റർ അകലെ നിന്നും ഭക്ഷണം ഓർഡർ ചെയ്യാം

  1. Home
  2. Business

'ലിമിറ്റ്‌ലെസ് ഡെലിവറി'യുമായി സൊമാറ്റോ; 40 കിലോമീറ്റർ അകലെ നിന്നും ഭക്ഷണം ഓർഡർ ചെയ്യാം

zomato


ഉപയോക്താക്കൾക്ക് കൂടുതൽ ദൂരെയുള്ള റെസ്റ്ററന്റുകളിൽ നിന്നും ഭക്ഷണം ഓർഡർ ചെയ്യാനുള്ള സൗകര്യവുമായി പ്രമുഖ ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോ. 40 കിലോമീറ്റർ വരെ അകലെയുള്ള റെസ്റ്ററന്റുകളിൽ നിന്ന് ഭക്ഷണം ഓർഡർ ചെയ്യാൻ അനുവദിക്കുന്ന 'ലിമിറ്റ്‌ലെസ് ഡെലിവറി' എന്ന പുതിയ ഫീച്ചറാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. നിലവിൽ ബെംഗളൂരു, ഡൽഹി എൻ.സി.ആർ, ചെന്നൈ, മുംബൈ, കൊൽക്കത്ത, പുണെ, ഹൈദരാബാദ് എന്നീ ഏഴ് നഗരങ്ങളിലാണ് ഈ സൗകര്യം ലഭ്യമാകുക.

ഇതുവരെ ഉപയോക്താക്കളുടെ ലൊക്കേഷന് സമീപമുള്ള റെസ്റ്ററന്റുകൾക്കായിരുന്നു സൊമാറ്റോ ആപ്പിൽ മുൻഗണന നൽകിയിരുന്നത്. പുതിയ ഫീച്ചർ വരുന്നതോടെ നഗരത്തിന്റെ മറ്റ് ഭാഗങ്ങളിലുള്ള ജനപ്രിയ റെസ്റ്ററന്റുകളിൽ നിന്നും ഭക്ഷണം തിരഞ്ഞെടുക്കാൻ ഉപയോക്താക്കൾക്ക് സാധിക്കും. ഉദാഹരണത്തിന്, ഗുരുഗ്രാമിൽ താമസിക്കുന്ന ഒരാൾക്ക് ഡൽഹി എൻ.സി.ആറിന്റെ മറ്റൊരു ഭാഗത്തുള്ള റെസ്റ്ററന്റിൽ നിന്നും ഇനി ഭക്ഷണം വീട്ടിലെത്തിക്കാം.

സൊമാറ്റോ ആപ്പിലെ 'Explore More' വിഭാഗത്തിലെ പ്രത്യേക ലിങ്ക് വഴിയോ അല്ലെങ്കിൽ ആപ്പിൽ നേരിട്ട് റെസ്റ്ററന്റിന്റെ പേര് തിരഞ്ഞോ ലിമിറ്റ്‌ലെസ് ഡെലിവറി സൗകര്യം പ്രയോജനപ്പെടുത്താം. ഉപയോക്താക്കൾക്ക് കൂടുതൽ ഭക്ഷണ ഓപ്ഷനുകൾ നൽകുന്നതിനൊപ്പം ജനപ്രിയ റെസ്റ്ററന്റുകൾക്ക് പുതിയ ഉപഭോക്താക്കളെ കണ്ടെത്താനും ഇത് സഹായിക്കും. അതേസമയം, റെസ്റ്ററന്റിന്റെ ദൂരം അനുസരിച്ച് ഡെലിവറി സമയത്തിലും ചാർജുകളിലും മാറ്റമുണ്ടാകാം.