29 രൂപയ്ക്കുള്ള അരിയിലും ഉണ്ട് രാഷ്ട്രീയം: നികുതി അടച്ചിട്ടും ഒന്നും തിരിച്ചു കിട്ടാത്തവർ

  1. Home
  2. Editor's Pick

29 രൂപയ്ക്കുള്ള അരിയിലും ഉണ്ട് രാഷ്ട്രീയം: നികുതി അടച്ചിട്ടും ഒന്നും തിരിച്ചു കിട്ടാത്തവർ

Rice


ചന്ദ്രകാന്ത് പി ടി
സത്യത്തിൽ ഖജനാവിന് നഷ്ട്ടം വരാതെ അല്പസ്വല്പം ലാഭത്തിൽ എങ്ങിനെ ഭക്ഷ്യധാന്യങ്ങൾ വിൽക്കാമെന്ന് കേന്ദ്രസർക്കാർ തന്നെ കാണിച്ചു തരുന്നതാണ് പുതിയ 29 രൂപക്കുള്ള അരിയുടെ രാഷ്ട്രീയം. ഇന്നലെ വരെ അരി ഉൾപ്പെടെയുള്ള ഭക്ഷ്യ ധന്യങ്ങൾ FCI (food corporation of India ) വെയർഹൗസിൽ നിന്നും ഭക്ഷ്യ സുരക്ഷാ സ്കീമിന്റെ ഭാഗമായി റേഷൻ ഷോപ്പുകൾക്ക് വിലകുറച്ചു കിട്ടുന്ന ധാന്യങ്ങൾ പിന്നെയും വിലകുറച്ചു 2 രൂപക്കും ചിലപ്പോൾ ഫ്രീ ആയിട്ടും ഒക്കെ റേഷൻ കാർഡിന്റെ നിറം നോക്കി ജനങ്ങൾക്ക് നൽകിയാണ് സംസ്ഥാന ഭരണ കൂടങ്ങൾ കൈയ്യടി നേടിയിരുന്നത്. ഒപ്പം OMSS സ്കീം വഴി ഓപ്പൺ മാർക്കറ്റ് വിലയെക്കാൾ കുറച്ചു FCI ഗോഡൗൺ വഴി കിട്ടുന്ന അരി പിന്നെയും സംസ്ഥാനം അതിലും വിലക്കുറച്ചു ഓപ്പൺ മാർക്കറ്റിൽ വിൽക്കുന്നു. ഭക്ഷ്യധാന്യ വിലക്കയറ്റം സാധാരണ ജനങ്ങൾക്ക് അധിക ബാധ്യത ആകാതിരിക്കാൻ കേരളത്തിൽ മാവേലിസ്റ്റോർ, റേഷൻ കടകൾ വഴി 10 രൂപക്കും, സപ്ലൈ കൊ സ്റ്റോറുകൾ 24 രൂപക്കുമാണ് നൽകിയിരുന്നത്. ഇതുമൂലം സംസ്ഥാന ഖജനാവിന് കനത്ത സാമ്പത്തിക നഷ്ട്ടം ഉണ്ടാക്കുന്നുണ്ട്. കേന്ദ്ര സർക്കാരിന്റെ പുതിയ OMSS ലേല മാനദണ്ഡം കാരണം ഇനി FCI ൽ നിന്നും കുറഞ്ഞ വിലക്ക് സംസ്ഥാനങ്ങൾക്ക് അരി, ഗോതമ്പ്, പയർ വർഗ്ഗങ്ങൾ എന്നിവ "റേഷന്" പുറമേ കിട്ടില്ല. 
രണ്ടാം യുപിഎ സർക്കാരിന്റെ അവസാനകാലത്തു കൊണ്ടുവന്ന ഭക്ഷ്യ സുരക്ഷാ ബില്ല് പ്രകാരം ഒരു പൗരന് മാസം അഞ്ചു കിലോ ഭക്ഷ്യ ധാന്യം ലഭിക്കും. അരിക്കു കിലോയ്ക്കു മൂന്നു രൂപ നിരക്കിലും ഗോതമ്പിനു 2 രൂപ, ചാമ, ബാജ്ര തുടങ്ങിയ ധാന്യങ്ങൾ ഒരു രൂപ നിരക്കിലും നൽകും. അതു റേഷൻ ഷോപ്പ് വഴി കൊടുത്തു വരുന്നു.
ഓരോ സംസ്ഥാനത്തിനും ആവശ്യമായ ധാന്യങ്ങൾ ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം അനുവദിച്ചു കഴിഞ്ഞാൽ തന്നെ ധാരാളം ധാന്യങ്ങൾ FCI ഗോഡൗണുകളിൽ കെട്ടികിടന്ന് ഉപയോഗശൂന്യമാവുക എന്നത് ഒരു പതിവായിരുന്നു. ഇതുമൂലം FCI ക്ക് വൻ നഷ്ട്ടം ഉണ്ടാകും. ഈ ധാന്യങ്ങൾ സൂക്ഷിക്കാനുള്ള ചിലവ് വേറെയും. കൊയ്ത്തു കഴിഞ്ഞാൽ താങ്ങു വില നൽകി ഏറ്റെടുക്കുന്ന ഭക്ഷ്യസാധങ്ങൾ സൂക്ഷിക്കാൻ പറ്റാതാവുകയും ചെയ്യും. ഇതിനു ഒരു അവസാനം എന്ന നിലയിലാണ് കേന്ദ്ര ഉപഭോക്ത, ഭക്ഷ്യ പൊതുവിതരണ മന്ത്രാലയം ( Ministry of Consumer Affairs, Food & Public Distribution ) ഓപ്പൺ മാർക്കറ്റ് സെയിൽ സ്കീം(OMSS ) നടപ്പാക്കിയത്. രണ്ടാം യുപിഎ യുടെ തുടക്ക കാലത്താണ് ഈ സബ്രദായം തുടങ്ങിയത്. ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും (എഫ്‌സിഐ) സംസ്ഥാന ഏജൻസികളും കൈവശം വച്ചിരിക്കുന്ന ഭക്ഷ്യധാന്യങ്ങളുടെ അധിക സ്റ്റോക്ക് "ബൾക്ക് പർച്ചേസ്" ചെയ്യുന്ന "സ്വകാര്യ" ഏജൻസികൾക്കോ സംസ്ഥാന ഏജൻസികൾക്കോ കുറഞ്ഞ വിലക്ക് ലേലത്തിലൂടെ വാങ്ങാൻ കഴിയും. ഇതുവഴി കുറഞ്ഞ വിലക്ക് കേരളം ഉൾപ്പെടെയുള്ള സംസ്ഥാന സർക്കാരുകളോ അവരുടെ ഏജൻസികളോ വാങ്ങുന്ന ധാന്യങ്ങൾ പിന്നെയും വിലകുറച്ചു വിൽക്കുകയാണ് പല ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും ചെയ്തിരുന്നത്. 2023ഡിസംബറിൽ ഇറങ്ങിയ പുതിയ ടെൻഡർ വ്യവസ്ഥ കാരണം OMSS വഴി സംസ്ഥാന സർക്കാരുകൾക്കോ അവരുടെ ഏജൻസികൾക്കോ ലേലത്തിൽ പങ്കെടുക്കാൻ കഴിയാതെയായി. അതു കാരണം "റേഷൻ ക്വട്ടാ" കഴിച്ച് അധികം വരുന്ന അരിയാണ് ഇപ്പോൾ 29 രൂപാ നിരക്കിൽ ഒരു സബ്‌സിടിയും ഇല്ലാതെ കേന്ദ്രസർക്കാർ പൊതു വിപണിയിൽ വിൽക്കുന്നത്. കേന്ദ്രത്തെ കുറ്റം പറയുമ്പോഴും സംസ്ഥാനങ്ങൾ വല്ല്യൊരു സാമ്പത്തിക ബാധ്യതയിൽ നിന്നും ഒരു കണക്കിന് രക്ഷപ്പെടുകയാണ് ഇതിലൂടെ.
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ഈ സബ്‌സിടിയും അതിന്റെ ഗുണവും അനുഭവിച്ചിരുന്നത് സാധാരണക്കാരായ ഇന്ത്യൻ പൗരന്മാർ ആണെന്നകാര്യം വിസ്മരിക്കാൻ കഴിയില്ല. ഇന്ത്യ ഉൾപ്പെടുന്ന ചില ഏഷ്യൻ രാജ്യങ്ങളും ആഫ്രിക്കൻ രാജ്യങ്ങളും മാത്രമാണ് നികുതി അടക്കുന്ന ജനത്തിന് പ്രത്യേകിച്ച് ഒന്നും തിരിച്ചു കൊടുക്കാത്തത്. ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലെ സർക്കാർ നൽകുന്ന സേവനത്തിനായി ആരോഗ്യ സെസ്സ്, വിദ്യാഭ്യാസ സെസ്സ് എന്നിങ്ങനെ നല്ലൊരു ശതമാനം പണവും പൗരന്മാരിൽ നിന്നും തന്നെ സർക്കാരുകൾ പല വഴിയിലൂടെ പിടിക്കുന്നുണ്ട്. പുതുതായി വരുന്ന റോഡുകളും പലങ്ങളും ഉപയോഗിക്കാൻ "റോഡ് ടാക്സ്" അടച്ചു വണ്ടി വാങ്ങുന്ന ജനം "ടോളും" പിന്നെ അതിന്റെ ജി എസ് ടി യും വേറെ കൊടുക്കണം എന്നതാണ് അവസ്ഥ. ഫ്രീ കൊടുക്കുന്നു എന്ന് ആക്ഷേപിക്കുമ്പോഴും അത് ജനം തന്നെ അടക്കുന്ന നികുതിയിൽ നിന്നാണ് നൽകുന്നത് എന്നത് വിസ്മരിക്കരുത്. അതിൽ നിന്നും അവന് എന്തെങ്കിലും ആനുകൂല്യങ്ങൾ നൽകുന്നത് എന്തോ മഹാ അപരാധമാണ് എന്നാ രീതിയിൽ കാണുന്നത് എത്രത്തോളം ജനകീയമാണ് എന്നതാണ് സംശയം. കാർഷിക സബ്‌സിടിയിലും തൊഴിലുറപ്പ് പദ്ധതിയിലും വൻപിച്ച തോതിലാണ് ഫണ്ട് വെട്ടിക്കുറച്ചത്. ഇപ്പോഴത്തെ ക്രൂഡ് ഓയിലിന്റെ അന്താരാഷ്ട്ര വിലയനുസരിച്ചു എത്രയോ കാലം മുന്നേ തന്നെ ലിറ്ററിന് 50 രൂപക്ക് താഴെ വിൽക്കാൻ കഴിയുന്ന പെട്രോൾ ഡീസൽ എന്നിവ ഇന്ന് ഇന്ത്യയിൽ 100 മുതൽ 110 രൂപ വരെ വാങ്ങിയാണ് കേന്ദ്രഭരണ പ്രദേശങ്ങൾ ഉൾപ്പെടെ വിൽക്കുന്നത്. പാചക വാതകത്തിന്റെയും അവസ്ഥയും ഇതു തന്നെ. എന്നിട്ടും കേന്ദ്രത്തിനു മാത്രമായി 225 ലക്ഷം കോടിയുടെ കടവും(പത്തു വർഷങ്ങൾക്ക് മുൻപ് കടം വെറും 55 ലക്ഷം കോടി മാത്രമായിരുന്നു )സംസ്ഥാനങ്ങൾക്ക് ആകെ 125 ലക്ഷം കോടിക്കും മുകളിലാണ് കടം എന്നതാണ് അത്ഭുതം.