വരാനിരിക്കുന്നത് വേനൽ കാലം; എ.സിയില്ലാതെ വീട് എങ്ങനെ തണുപ്പിക്കാം

  1. Home
  2. home

വരാനിരിക്കുന്നത് വേനൽ കാലം; എ.സിയില്ലാതെ വീട് എങ്ങനെ തണുപ്പിക്കാം

vacant homes


 


വരും മാസങ്ങളിൽ കാഠിന്യമേറിയ ചൂടാണ് വരുന്നത്. വീടിനുള്ളിലും പുറത്തും സഹിക്കാനാവാത്ത ചൂടായിരിക്കും ഉണ്ടാവുക. എങ്കിലും വീടിനുള്ളിൽ പുറത്തുള്ളതിനേക്കാൾ ചൂട് ഉണ്ടാവാൻ സാധ്യതയുണ്ട്. എപ്പോഴും ഫാൻ ഇട്ടിരുന്നാലും വൈദ്യുതി ബില്ല് കൂടുന്നതല്ലാതെ ചൂട് മാറുകയില്ല. എന്നാൽ ഇങ്ങനെ ചെയ്താൽ പ്രകൃതിദത്തമായി തന്നെ വീട് തണുപ്പിക്കാൻ സാധിക്കും. അവ എങ്ങനെയൊക്കെയെന്ന് അറിയാം.

ശരിയായ രീതിയിൽ വായു സഞ്ചാരമില്ലെങ്കിൽ ചൂട് വായു വീടിനുള്ളിൽ തങ്ങി നിൽക്കുകയും ചൂടായ അന്തരീക്ഷം ഉണ്ടാവുകയും ചെയ്യുന്നു. ഇനി ഫാൻ ഇട്ടിരുന്നാലും വായു സഞ്ചാരമില്ലാത്തതുകൊണ്ട് തന്നെ ചൂട് കാറ്റായിരിക്കും അതിൽനിന്നും വരുക. രാത്രികാലങ്ങളിൽ ജനാലകൾ തുറന്നിട്ടു കിടക്കാവുന്നതാണ്. കൊതുകോ മറ്റ് പ്രാണികളോ ഉണ്ടെങ്കിൽ ജനാലയിൽ നെറ്റടിക്കാം.

ചൂടുണ്ടാവാത്ത തുണിത്തരങ്ങൾ ഉപയോഗിക്കാം

സോഫയിലും കിടക്കയിലുമൊക്കെ അധികമായി ചൂട് വരുന്ന തുണിത്തരങ്ങൾ ഉപയോഗിക്കാതിരിക്കാം. പോളിസ്റ്റർ, ലെതർ, സാറ്റിൻ പോലുള്ള തുണികൾ എളുപ്പത്തിൽ ചൂടിനെ ആഗിരണം ചെയ്യുന്നവയാണ്. വായു കടന്നു പോകാൻ സാധിക്കുന്ന കട്ടികുറഞ്ഞ തുണികൾ വേണം ഉപയോഗിക്കേണ്ടത്. അതുകൊണ്ട് തന്നെ കിടക്കയിലും ഇരിപ്പിടങ്ങളിലും കോട്ടൺ പോലുള്ള തുണികൾ ഉപയോഗിക്കാം. 

വീടിന്റെ പെയിന്റ് 

ചൂടിനെ ചെറുത്തുനിർത്താൻ സഹായിക്കുന്ന പെയിന്റുകൾ അടിക്കാൻ ശ്രദ്ധിക്കണം. കടും നിറത്തിലുള്ള  നിറങ്ങൾ ചൂടിനെ എളുപ്പത്തിൽ ആഗിരണം ചെയ്യുകയും വീടിനുള്ളിൽ ചൂട് വർധിക്കുകയും ചെയ്യുന്നു. പെയിന്റ് ചെയ്യുമ്പോൾ ചൂടുകാലം കൂടെ കണക്കിലെടുക്കേണ്ടതുണ്ട്. ഇളം ഷെയ്ഡിലുള്ള പേസ്റ്റൽ അല്ലെങ്കിൽ വെള്ള നിറങ്ങൾ വീടിനുള്ളിൽ പെയിന്റ് ചെയ്യാൻ ശ്രദ്ധിക്കാം. വീടിന് പുറത്ത് പെയിന്റ് ചെയ്യുമ്പോൾ അൾട്രാ വയലറ്റ് രശ്മികളെ ചെറുക്കുന്ന പെയിന്റുകൾ ഉപയോഗിക്കാവുന്നതാണ്.

ചെടികൾ വളർത്താം 

വീടിനുള്ളിൽ ഇൻഡോർ പ്ലാന്റുകൾ വളർത്തുകയാണെങ്കിൽ അവ ചൂട് കുറക്കുകയും ശുദ്ധവായു പ്രദാനം ചെയ്യുകയും ചെയ്യുന്നു. ഭംഗി മാത്രമല്ല ഇതിന് ഇങ്ങനെയും കുറച്ച് ഗുണങ്ങൾ കൂടെയുണ്ട്. പലതരത്തിലുള്ള ഇൻഡോർ പ്ലാന്റുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. കൂടാതെ ചൂടടിക്കുന്ന ഭാഗങ്ങളിൽ മരങ്ങളും ചെടികളും വെച്ചുപിടിപ്പിക്കാവുന്നതാണ്. ഇത് ഭാവിയിൽ നിങ്ങൾക്ക് ഉപയോഗപ്പെടും. 

വീടിന്റെ മേൽക്കൂര 
വീടിന്റെ മുകൾഭാഗം ചൂട് ആഗിരണം ചെയ്യാത്ത രീതിയിൽവേണം സെറ്റ് ചെയ്യേണ്ടത്. അതായത് ചൂടിനെ പ്രതിരോധിക്കാൻ സഹായിക്കുന്ന കോട്ടിങ്ങോ പെയിന്റോ വേണം ടെറസിൽ ഉപയോഗിക്കേണ്ടത്. ഇതിനായി ഹീറ്റ് റിഫ്ലെക്റ്റൻസ് ടെക്നോളജിയോട് കൂടിയ പെയിന്റുകൾ ലഭ്യമാണ്. ഇത് ടെറസിൽ മാത്രമല്ല മറ്റ് ഭാഗങ്ങളിലും ഉപയോഗിക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുകയാണെങ്കിൽ  ചൂടിനെ ഒരു പരിധിവരെ കുറക്കാൻ സാധിക്കും.