ഡിസംബർ 6; ബാബറി മസ്ജിദിന്റെ തകർച്ചയും, ഇന്ത്യൻ രാഷ്ട്രീയത്തിൽ 'കാവിയുടെ' ഉദയവും

ചന്ദ്രകാന്ത് പി.ടി.
1992 ഡിസംബർ 5, ഡൽഹിയിൽ പ്രധാനമന്ത്രി, ആഭ്യന്തമന്ത്രി എന്നിവരുടെ ഓഫീസ് വല്ലാത്ത ഉത്കണ്ഠയിൽ ആയിരുന്നു. രണ്ടു ഓഫീസും നിരന്തരം അന്നത്തെ ഉത്തർപ്രദേശ് മുഖ്യമന്ത്രി ആയിരുന്ന കല്യാണസിംങുമായി ആശയവിനിമയം നടത്തികൊണ്ടേയിരുന്നു. അപ്പോഴേക്കും അയോദ്ധ്യയും പരിസര പ്രദേശങ്ങളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ കർസേവകരാൽ നിബിഡമായിരുന്നു. എല്ലാം ശാന്തമായി അവസാനിക്കും. ഒരു അക്രമസഭവങ്ങളും ബാബറി മസ്ജിദിന് നേരേ ഉണ്ടാകില്ല എന്ന അന്നത്തെ ബിജെപിയുടെ യുപി മുഖ്യമന്ത്രി കല്യാണസിങ്ങിന്റെ വാക്ക് വിശ്വസിച്ച് അന്നത്തെ പ്രധാനമന്ത്രി ശ്രീ നരസിംഹ റാവു രാത്രി വളരെ വൈകി തന്റെ കിടക്കയിലേക്ക് പോയി.
ഡിസംബർ 6, രാവിലെ തന്നെ അയോദ്ധ്യയിൽ വിശ്വഹിന്ദു പരിഷത്തിന്റെ നേതാക്കളും ബിജെപി നേതാക്കളായ വാജ്‌പൈ, അധ്വാനി, മുരളി മനോഹർ ജോഷി, ഉമാഭാരതി തുടങ്ങിയ നേതാക്കളും കർസേവകരെ അഭിസംബോധന ചെയ്യാൻ എത്തി. 11 മണിയോടെ കർസേവകരുടെ വൻ ജനാവലി മസ്ജിദ് ലക്ഷ്യമാക്കി നീങ്ങി. കർസേവകരുടെ എണ്ണം വച്ചു നോക്കുമ്പോൾ പോലീസ് നാമമാത്രമായിരുന്നു. ഉച്ചയോടെ ഒരു യുവാവ് കാവി കൊടിയുമായി സുരക്ഷ മറികടന്ന് മസ്ജിദിന്റെ താഴിക കുടത്തിനു മുകളിൽ എത്തി. സമാധാനപരമായി ഇരിക്കാൻ ഉള്ള നേതാക്കളുടെ അഭ്യർത്ഥന മാനിക്കാതെ മറ്റു കർസേവകരും ബാബറി മസ്ജിദിന്റെ താഴികകുടങ്ങളിലേക്ക് വലിഞ്ഞു കയറി. മൂന്ന് താഴികകുടങ്ങളും തകർന്ന് നിലം പതിച്ചു. തർക്കമുള്ള മന്ദിരത്തിന്റെ ഘടനയ്ക്ക് കേടുപാടുകൾ വരുത്തില്ലെന്ന് പ്രധാനമന്ത്രി നരസിംഹറാവുവിന് യുപി മുഖ്യമന്ത്രി കല്യാൺ സിങ് നൽകിയ ഉറപ്പ് അങ്ങിനെ ലംഘിക്കപ്പെട്ടു. അതു ഹിന്ദുത്വത്തിന്റെ വിജയമായി വ്യാഖ്യാനിക്കപ്പെട്ടു. സെക്കുലർ ഇന്ത്യയിൽ വർഷങ്ങളായി ഹിന്ദുത്വവാദികൾ ഉയർത്താൻ ശ്രമിച്ച കാവികൊടിയുടെ ജൈത്രയാത്ര അവിടെ തുടങ്ങുകയായി.
'അതിൽ ഞങ്ങൾ ഖേദിക്കുന്നു. ഞങ്ങൾ ഇത് തടയാൻ ശ്രമിച്ചു, പക്ഷേ ഞങ്ങൾക്ക് വിജയിക്കാൻ കഴിഞ്ഞില്ല, ഒരു വിഭാഗം കർസേവകരുടെ നിയന്ത്രണം വിട്ടുപോയതിനാലാണിത്..'. മസ്ജിദ് തകർന്ന ശേഷം എൻഡിടിവിയിൽ പ്രണാബ് റോയിയോട് അടൽ ബിഹാരി വാജ്‌പൈ പറഞ്ഞു.
1528-ൽ മുഗൾ ചക്രവർത്തിയായ ബാബറിന്റെ കമാൻഡർ മിർ ബാഖിയാണ് ഈ മസ്ജിദ് നിർമ്മിച്ചത്, 1859-ൽ ബ്രിട്ടീഷ് ഭരണാധികാരി ആരാധനാലയങ്ങളെ വേർതിരിക്കുന്നതിന് ഒരു വേലി സ്ഥാപിച്ചു, അകത്തെ സ്ഥലം മുസ്ലീങ്ങൾക്കും പുറത്തെ സ്ഥലം ഹിന്ദുക്കൾക്കും ആരാധനക്ക് ഉപയോഗിക്കാൻ വേണ്ടിയാണ് വേലി നിർമിച്ചത്. 1885ൽ ബ്രിട്ടീഷ് ഭരണകാലത്താണ് ആദ്യമായി രാമജന്മഭൂമിക്ക് വേണ്ടി ഒരു കോടതിയിൽ കേസ് ഫയൽ ചെയ്യുന്നത്. അതിനെ തുടർന്നാണ് രണ്ടു കൂട്ടർക്കും ആരാധന നടത്താൻ ആവശ്യമായ താൽക്കാലിക സംവിധാനം ബ്രിട്ടീഷ് സർക്കാർ ഒരുക്കിയത്. 'ഹിന്ദുക്കൾ പ്രത്യേകം പവിത്രമായി കരുതുന്ന ഭൂമിയിൽ ഒരു മസ്ജിദ് നിർമ്മിക്കപ്പെട്ടത് ഏറ്റവും ദൗർഭാഗ്യകരമാണ്, എന്നാൽ 356 വർഷം മുമ്പ് ആ സംഭവം നടന്നതിനാൽ പരാതി പരിഹരിക്കാൻ ഇപ്പോൾ വളരെ വൈകിപ്പോയി. അതുകൊണ്ട് തൽസ്ഥിതിയിൽ നിലനിർത്തുക മാത്രമാണ് ചെയ്യാൻ കഴിയുന്നത്,' ഫൈസാബാദ് ജില്ലാ ജഡ്ജി അപ്പീൽ തള്ളിക്കൊണ്ട് പറഞ്ഞു.
1944-ൽ വഖഫ് കമ്മീഷണർ 'ബാബർ' സുന്നി ആയിരുന്നതിനാൽ ഭൂമി സുന്നികളുടെ സ്വത്തായി പ്രഖ്യാപിച്ചു. 1949-ൽ മസ്ജിദിനുള്ളിൽ ഒരു രാമവിഗ്രഹം പ്രത്യക്ഷപ്പെടുകയും മുസ്ലീങ്ങൾ പരാതിപ്പെടുകയും കേസ് ഫയൽ ചെയ്യുകയും ചെയ്തു. ഹിന്ദുക്കൾ ഒരു കൗണ്ടർ സ്യൂട്ട് ഫയൽ ചെയ്തു, ഇത് തർക്കമാണെന്ന് പ്രഖ്യാപിക്കാനും അതിന്റെ ഗേറ്റ് പൂട്ടാനും നെഹ്‌റു അന്നത്തെ ഉത്തർ പ്രദേശ് സർക്കാരിനോട് ആവശ്യെപ്പെട്ടു. തുടർന്ന് പലപ്പോഴായി ഉയർന്നു വന്നിരുന്ന തർക്കം കുറേ കാലത്തേക്ക് നിശബ്ദമായി.
ഏതാണ്ട് മൃതാവസ്ഥയിൽ ആയിരുന്ന ഈ പ്രശ്‌നം പിന്നീട് ശക്തിയോടെ ഉണർന്നുവരാൻ കാരണമായത് 'ഷബാനു കേസിൽ' സുപ്രിം കോടതി വിധി മറികടക്കാൻ മുസ്ലിം ഫൻഡമെന്റെലുകളുടെ സമ്മർദത്തെ തുടർന്ന് 'ഭരണഘടനാ ഭേതഗതിക്ക്' അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി തയ്യാറായി. 1985ൽ സുപ്രിം കോടതിയിൽ ചീഫ് ജസ്റ്റിസ് വൈ വി ചന്ദ്രചൂടും മറ്റു നാലു ജഡ്ജിമാരും അടങ്ങുന്ന 5 അംഗ ബെഞ്ചിന്റെ വിധി ആണ് ഭരണഘടനാ ഭേതഗതിയിലൂടെ അന്ന് രാജീവ് ഗാന്ധി മറികടന്നത്. ഇത് മുസ്ലിം ഒത്തൊരുമയുടെ ഫലമാണെന്നും ഹിന്ദു ഒന്നിച്ചു നിന്നാൽ എന്തും നേടിയെടുക്കാം എന്ന ചിന്ത സാധാരണ ജനങ്ങളിൽ വളരാൻ കാരണമായി.. അപകടം മനസിലാക്കിയ കോൺഗ്രസ് ഭരണകൂടം അടച്ചിട്ടിരിക്കുന്ന ബാബറി മസ്ജിദ് രണ്ടു കൂട്ടർക്കുമായി തുറന്നു കൊടുക്കാമെന്നും അയോദ്ധ്യയിൽ രാമക്ഷേത്രം പണിയാൻ സർക്കാർ സമ്മതമാണ് എന്നും കോടതിയെ അറിയിച്ചു.
'ഒരു വെടിക്ക് രണ്ടു പക്ഷി എന്നതായിരുന്നു മനസിൽ ' ഏതായാലും രാജീവ് ഗാന്ധി തന്നെ രാമക്ഷേത്രത്തിനു അയോദ്ധ്യയിൽ ശിലാന്യാസം നടത്തി എന്നു പറഞ്ഞാൽ മതിയല്ലോ. എന്നാൽ കാര്യങ്ങൾ തിരിച്ചാണ് സംഭവിച്ചത്. ഒന്നിച്ചു നിന്നുകൊണ്ടാണ് ഇത് സാധ്യമായത് എന്ന ബോധം ഹിന്ദു മനസുകളിൽ പടരാൻ ഇതു കാരണമായി.
തുടർന്ന് നടന്ന ഇലക്ഷനിൽ കോൺഗ്രസ്സ് പരാജയപ്പെടുകയും വിപി സിങ് പ്രധാനമന്ത്രി ആകുകയും ചെയ്തു. അന്ന് 88എംപി മാർ ഉണ്ടായിരുന്ന ബിജെപി യും 33 എംപിമാർ ഉണ്ടായിരുന്ന സിപിഎം ഉം 143 സീറ്റ് ഉണ്ടായിരുന്ന നാഷണൽ ഫ്രണ്ടിനെ മന്ത്രിസഭയിൽ ചേരാതെ പുറത്തുനിന്ന് സർക്കാരിന് പിന്തുണ കൊടുത്തു. എന്നാൽ മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കാൻ തീരുമാനം എടുത്തതോടെ ബിജെപി പാലം വലിച്ചു. തുടർന്ന് അദ്വാനി ഇന്ത്യയിൽ ഉടനീളം രധയാത്ര തുടങ്ങി. തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ കാര്യമായ ചലനങ്ങൾ ഉണ്ടാക്കാൻ പറ്റിയില്ലെങ്കിലും ഉത്തരേന്ത്യയിൽ വൻ ചലനം അതുമൂലം ഉണ്ടായി. (ഈ കാലങ്ങളിൽ രാജീവ് ഗാന്ധി സർക്കാർ അനുമതി നൽകിയ 'രാമായണം, മഹാഭാരതം' എന്നീ സീരിയലുകൾക്ക് വൻ തോതിൽ ഹൈന്ദവ ചിന്ത ജനമനസുകളിൽ ഉണ്ടാക്കിയെടുക്കാൻ കാരണമായി എന്ന് പല പഠനങ്ങളും പറയുന്നു ).
എന്തായാലും ഡിസംബർ 6, ഇന്ത്യയെ സംബന്ധിച്ചു വളരെ നിർണായകവും ഇന്ത്യയുടെ സെക്കുലർ മനസ്സ് മാറ്റിമറിക്കുന്നതിനും കാരണമായ ദിവസമാണ്. തികച്ചും ഇന്ത്യൻ രാഷ്ട്രീയം മാറിമറിഞ്ഞ ദിവസം.