ബാക്ടീരിയയോ വൈറസോ വിചാരിച്ചാൽ ചത്തുപോകാൻ സാധ്യതയുള്ളവർ; അപരന്റെ മതം നോക്കി വെറുപ്പ് വർഷിക്കു മുമ്പ് അത് ഓർക്കുമോ?

മനോജ് വെള്ളനാട്
നമ്മളെ നമ്മളാക്കുന്നത് നമ്മുടെ പാരമ്പര്യം അഥവാ ജനിതകമാണെല്ലാർക്കുമറിയാം. മനുഷ്യന്റെ ജനിതകവും ചിമ്പൻസിയുടെ ജനിതകവും 96 ശതമാനവും ഒന്നാണ്. വെറും 4% വ്യത്യാസമേ ഇതു വായിക്കുന്ന നിങ്ങളും ഇതേസമയം അങ്ങു ദൂരെയൊരു കാട്ടിൽ ഘ്യാ...ഖൂ.. എന്നൊക്കെ ശബ്ദങ്ങളുണ്ടാക്കി, തലയും ചൊറിഞ്ഞിരിക്കുന്ന തടിയൻ ചിമ്പാൻസിയങ്കിളും തമ്മിലുള്ളൂ.
എന്റെയും നിങ്ങളുടെയും ചിമ്പൻസിയങ്കിളിന്റെയും പൂർവ്വികർ ഒന്നായിരുന്നതു കൊണ്ടാണത്. ആ കഥ അവസാനിക്കുന്നത് 2 ലക്ഷം വർഷങ്ങൾക്കു മുമ്പാണ്. ആഫ്രിക്കയിലെ ഒരു കാട്ടിൽ. അവിടെയാണ് എന്റെയും നിങ്ങളുടെയും അപ്പൂപ്പനമ്മൂമ്മമാരായ, മിസ്റ്റർ & മിസിസ് ഹോമോ സാപ്പിയൻ ഉണ്ടായത്. അന്നത്തെ കാലമല്ലേ, നമ്മുടേത് പോലെ വാഹന സൗകര്യങ്ങളൊന്നുമില്ലല്ലോ. എന്നാലും സാഹസികരായ അപ്പൂപ്പനമ്മൂമ്മമാർ മാക്ക് മാക്കനെ നടന്ന് നടന്ന് ആഫ്രിക്കേന്ന് പുറത്തു കടന്നു.
കുറേ പേർ പടിഞ്ഞാറോട്ട് പോയി, ഇന്നത്തെ ഇറാൻ, സിറിയ പിന്നെ യൂറോപ്പ് എന്നിവിടങ്ങളിൽ കുഞ്ഞുകുട്ടി പരാധീനങ്ങളോടെ ജീവിച്ചു. കുറേപേർ കിഴക്കോട്ട് വച്ചുപിടിച്ചു. അങ്ങനെ 65000 വർഷങ്ങൾക്ക് മുമ്പ് ഇന്ന് നമ്മൾ ഇന്ത്യ എന്ന് വിളിക്കുന്ന ദേശത്തും അവരെത്തി. അവരാണ് ഇന്ത്യയിലെ ആദ്യത്തെ മനുഷ്യർ. - ഒന്നാം കുടിയേറ്റം.
വേട്ടയാടിയും മരംകേറി കായ്കനികൾ പറിച്ചും മേൽവയറിന്റെ കാച്ചിലും, തോന്നുമ്പോൾ തോന്നുമ്പോൾ തോന്നുന്നവരോടൊക്കെ രതിയിലേർപ്പെട്ട് അടിവയറിന്റെ കാച്ചിലും ശമിപ്പിച്ചും, സന്തതി പരമ്പരകളെ സൃഷ്ടിച്ചും, രോഗം വന്നും പരസ്പരം തല്ലുകൂടിയും പട്ടിണികിടന്നുമൊക്കെ മരിച്ചും സഹസ്രാബ്ദങ്ങൾ കഴിച്ചുകൂട്ടി അവർ. പരദൂഷണം പറയാനുള്ള വ്യഗ്രതയും കൃഷിയുടെ കണ്ടുപിടിത്തവും സമൂഹമായി താമസിക്കാൻ ഈ ഹോമോ സാപ്പിയന്മാരെ നിർബന്ധിതരാക്കി.
അങ്ങനെ വെറും ഹോമോ സാപ്പിയന്മാരായി തന്നെ ഇവിടെ ജീവിച്ചു വരുന്നതിനിടയിലാണ് ഏതാണ്ട് 9000 വർഷം മുമ്പ്, ഇറാനിലും സിറിയയിലും കുടിയേറി സാഗ്രോസ് താഴ്വരകളിൽ കൃഷിയും മറ്റുമായി ജീവിച്ചിരുന്ന കുറേയെണ്ണം ഒരു സംഘമായി ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് കടന്നുവരുന്നത്. രണ്ടാം കുടിയേറ്റം. അവർ അവരുടെ കുറേ ജീവിതരീതികൾ പലതും ഇവിടെയുണ്ടായിരുന്ന ഒന്നാം കുടിയേറ്റ ജനതയുടെ രീതികളിൽ മിക്‌സ് ചെയ്തു. ഇവിടെ സങ്കരസന്തതികളുണ്ടായി. സങ്കരസന്തതികൾ തമ്മിൽ സംയോഗിച്ച് സങ്കര-സങ്കരസന്തതികളുണ്ടായി. അതങ്ങനെ തുടർന്നു. അങ്ങനെയുണ്ടായ സങ്കര-സങ്കര-സങ്കര- 1000 സങ്കര സന്തതികളിലൊന്നാണ് ഞാനും നിങ്ങളും.
പറഞ്ഞതിത്രേ ഉള്ളൂ, ഞാനും നിങ്ങളുമൊക്കെ 65000 വർഷം മുമ്പ് ആഫ്രിക്കേന്ന് ഇങ്ങോട്ട് 'കുടിയേറി'യവരാണ്. അവരുടെയും 9000 വർഷം മുമ്പ് സാഗ്രോസ് താഴ്വരയിൽ നിന്ന്, പിന്നേം 'കുടിയേറിയ'വരുടെയും സങ്കര സന്തതികളാണ്. ചെറുതും വലുതുമായ വേറെയും കുടിയേറ്റങ്ങളും അതുവഴിയുള്ള ജനിതക സങ്കലനവും ഈ മണ്ണിൽ നടന്നിട്ടുണ്ട്. സ്വയം ബ്രാഹ്‌മണനെന്നും ഹിന്ദുവെന്നും നായരെന്നും ക്രിസ്ത്യനെന്നും ഷിയയെന്നും സുന്നിയെന്നും ബുദ്ധനെന്നും ജൈനനെന്നുമൊക്കെ വിളിച്ചാലും, നിങ്ങൾ അടിസ്ഥാനപരമായി മേൽപ്പറഞ്ഞതാണ്. ഇങ്ങനെ പല പേര് വിളിച്ചും അതിൽ അഭിരമിച്ചും സ്വയം പറ്റിക്കാമെന്ന് മാത്രം.
ആഹാരവും വെള്ളവും വായുവും വസ്ത്രവും മനസമാധാനവുമാണ് മനുഷ്യന് ജീവനോടിരിക്കുമ്പോൾ വേണ്ട സാധനങ്ങൾ. പക്ഷികൾക്കും മൃഗക്കൾക്കും ചെടികൾക്കും വൈറസിനും ബാക്ടീരിയക്കുമെല്ലാം ഇതൊക്കെ തന്നെയാണ് വേണ്ടതും (വസ്ത്രമൊഴികെ). കുടിയേറ്റക്കാരേ പറയൂ, ഇതിലെവിടെ മതവും ജാതിയും ഇതിലെവിടെയാണ് എന്റെ ഭൂമി, എന്റെ രാജ്യം, എന്റെ പാരമ്പര്യം ഒക്കെ..
ജീവിക്കാൻ ഒട്ടും ആവശ്യമില്ലാത്തതും എന്നാൽ ജനനം മുതൽ ശവപ്പറമ്പ് വരെ നമ്മൾ പേറി നടക്കുന്ന ഒന്നാന്തരം വിഴുപ്പാണ് മതമെന്നും അതുവച്ച് മനുഷ്യരെ വേർതിരിക്കുന്നത് സ്വയം ലജ്ജ തോന്നേണ്ടതാണെന്നും എന്നെങ്കിലും ചിമ്പൻസി അങ്കിളിന്റെ നീസായ നമുക്ക് തിരിച്ചറിവുണ്ടാവുമോ ഒരു ബാക്ടീരിയയോ വൈറസോ വിചാരിച്ചാൽ, ഒന്ന് നിലവിളിക്കാൻ കൂടി കഴിയാതെയങ്ങ് ചത്തുപോകാൻ സാധ്യതയുള്ളവരാണ് നമ്മളെന്ന് ആരെങ്കിലും ചിന്തിക്കുമോ ചത്തു മണ്ണിൽ കിടക്കുമ്പോൾ മതം നോക്കിയല്ലാ പുഴുവരിക്കുന്നത് എന്നെങ്കിലും അപരന്റെ മതം നോക്കി വെറുപ്പ് വർഷിക്കു മുമ്പ് നമ്മൾ ഓർക്കുമോ
ആരോർക്കാൻ !