ശേഖരൻനായർ: എന്നും മിന്നുന്ന താരം

വി.എസ്.രാജേഷ്
പത്രപ്രവർത്തന രംഗം സൃഷ്ടിച്ച താരങ്ങളിലൊരാളായിരുന്നു ജി.ശേഖരൻനായർ. ഞെട്ടിപ്പിക്കുന്ന ഒരു വാർത്ത പോലെ ശേഖരൻനായർ വിട പറഞ്ഞിട്ട് ഫെബ്രുവരി പതിനൊന്നിന് ഒരു വർഷമാകുന്നു. അച്ചടി മാദ്ധ്യമങ്ങളുടെ സുവർണ കാലഘട്ടത്തിൽ മാത്രമല്ല ചാനലുകൾ കളം നിറഞ്ഞാടാൻ തുടങ്ങിയ കാലത്തും ജി.ശേഖരൻനായർ എന്ന ബൈലൈൻ തിളങ്ങിനിന്നു. താൻ പ്രവർത്തിച്ച പത്രത്തിന്റെ പേര് സ്വന്തം പേരിനൊപ്പം പതിപ്പിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞത് വായനക്കാർ അത്രമാത്രം ആ പേരിലെഴുതിയ വാർത്തകളെ വിശ്വസിച്ചതിനാലാണ്.
എം.ഡി.നാലപ്പാട് മാതൃഭൂമിയുടെ പത്രാധിപരായി വന്നതോടെയാണ് ശേഖരൻനായർ എന്ന പത്രപ്രവർത്തകന്റെ കഴിവ് വായനാലോകം തിരിച്ചറിഞ്ഞു തുടങ്ങിയത്. തന്റെ പത്രപ്രവർത്തന ജീവിതത്തിൽ നാലപ്പാടിനോടുള്ള കടപ്പാട് ശേഖരൻനായർ ഒരിക്കലും വിസ്മരിച്ചിട്ടില്ല. ജനകീയ വിഷയങ്ങളിൽ മികച്ച അന്വേഷണം നടത്തി ശേഖരൻനായർ പുറത്തുകൊണ്ടുവന്ന ഓരോ വാർത്തകളും വലിയ ചർച്ചയ്ക്കും തുടർനടപടികൾക്കും ഇടയാക്കിയിരുന്നു. ആ വാർത്തകൾക്ക് നല്ല പ്രാധാന്യം നൽകാൻ നാലപ്പാട് എന്ന പത്രാധിപരും മുതിർന്നതോടെ മലയാള പത്രപ്രവർത്തന രംഗത്ത് അന്വേഷണാത്മക പത്രപ്രവർത്തനത്തിന്റെ (ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസം) രണ്ടാം ഘട്ടത്തിനു തുടക്കമായി. വനംകൊള്ളയെക്കുറിച്ച് 1970 കളിൽ കേരളകൗമുദി തയ്യാറാക്കിയ കാട്ടുകള്ളൻമാർ വാർത്ത പരമ്പര അന്നത്തെ വനം വകുപ്പുമന്ത്രിയുടെ രാജിയിൽ കലാശിച്ചത് ഇവിടെ സ്മരണീയമാണ്.ആധുനിക പത്രപ്രവർത്തനത്തിൽ അന്വേഷണാത്മക പരമ്പരകളുടെ തുടക്കമായി അതിനെ വിലയിരുത്താം.
ശേഖരൻനായരടെ സരസവും ലളിതവും എന്നാൽ മൂർച്ഛയേറിയതുമായ ഭാഷ വായനക്കാരെ പിടിച്ചിരുത്തുന്നതായിരുന്നു. കസ്റ്റംസ് പരമ്പരയിൽ അഴിമതിക്കാർക്കിടയിലെ കോഡായി ഉപയോഗിച്ച 'ഡിങ്കോൾഫി' എന്ന പദപ്രയോഗം ശേഖരൻനായരുടെ പരമ്പരയിലൂടെ കേരളം മുഴുവൻ ചർച്ചചെയ്യപ്പെട്ടിരുന്നു. കസ്റ്റംസ് പരമ്പര ചെയ്യാൻ അന്ന് നാലപ്പാടാണ് ശേഖരൻനായരെ മാലിയിലേക്ക് വിട്ടത്. അസാമാന്യമായ ചങ്കൂറ്റമായിരുന്നു ശേഖരൻനായരിലെ പത്രപ്രവർത്തകന്റെ ഏറ്റവും വലിയ പ്രത്യേകത. ആരോടും കൂസാതെ എന്തും ചോദിക്കാൻ ഒരിക്കലും മടിച്ചില്ല. വാർത്തകൾ കണ്ടെത്തുന്നതിലെ മിടുക്ക് പല സ്‌കൂപ്പുകൾക്കും വഴിതെളിച്ചു. സംസ്ഥാന ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ പരമ്പരയുടെ അടിസ്ഥാനത്തിൽ ആരോഗ്യമന്ത്രി ആർ.രാമചന്ദ്രൻനായർക്ക് രാജിവയ്‌ക്കേണ്ടി വന്നിരുന്നു. മികച്ച അന്വേഷണാത്മക പത്രപ്രവർത്തകനുള്ള സംസ്ഥാന അവാർഡ് മൂന്നുതവണ കരസ്ഥമാക്കി .
കൊച്ചി കാക്കനാട്ടുള്ള കേരള പ്രസ് അക്കാഡമിയുടെ (ഇപ്പോഴത്തെ മീഡിയ അക്കാഡമി) ആദ്യബാച്ചിൽ പഠിക്കുമ്പോഴാണ് ജി.ശേഖരൻനായരെ ആദ്യമായി നേരിൽക്കാണുന്നത്.'അന്വേഷണാത്മക പത്രപ്രവർത്തനം മലയാളത്തിൽ ' എന്ന എന്റെ തീസീസിന്റെ ആവശ്യവുമായി ബന്ധപ്പെട്ടായിരുന്നു അത്. കസ്റ്റംസിലെയും,ആർ.ടി.ഒ ഓഫീസുകളിലെയും പി.എസ്.സിയിലെയുമൊക്കെ അഴിമതിക്കഥകൾ അനാവരണം ചെയ്യുന്ന പരമ്പരകളെഴുതി മാതൃഭൂമിയിലെ താരമായി ശേഖരൻനായർ തിളങ്ങിനിൽക്കുന്ന കാലമായിരുന്നു അത്. എന്നാൽ ജേർണലിസം വിദ്യാർത്ഥി എന്നതിനേക്കാൾ ഒരു സഹപ്രവർത്തകനോടെന്നപോലെ വലിപ്പച്ചെറുപ്പമില്ലാതെയാണ് അദ്ദേഹം എന്നോട് ഇടപഴകിയത്. ആ പരിചയം പിന്നീട് ഞാൻ പത്രപ്രവർത്തകനായി മാറിയപ്പോൾ ആഴമാർന്ന അടുപ്പമായി വളർന്നു. അന്വേഷണാത്മക പത്രപ്രവർത്തനത്തിൽ, പുതിയൊരു ദിശാബോധം പകർന്ന പത്രപ്രവർത്തകനായിരുന്നു ശേഖരൻനായർ.
കൊളംബോയിൽ നടന്ന സാർക്ക് ഉച്ചകോടിയിൽ അന്നത്തെ പ്രധാനമന്ത്രി എ.ബി.വാജ്‌പേയിയുടെ ഒപ്പം പോയ മാദ്ധ്യമസംഘത്തിൽ അംഗമായിരുന്ന ശേഖരൻനായർ അവിടുത്തെ പ്രധാനമന്ത്രി പ്രേമദാസയുടെ വധം റിപ്പോർട്ട് ചെയ്യാനും പിന്നീട് ശ്രീലങ്കയിൽ പോയി. പത്മതീർത്ഥക്കരയിൽ എന്ന തലക്കെട്ടിൽ പത്രത്തിൽ കൈകാര്യം ചെയ്തിരുന്ന പംക്തി പിന്നീട് പുസ്തകമായും ഇറങ്ങി.
മികച്ച സൗഹൃദങ്ങളും രാഷ്ട്രീയബന്ധങ്ങളും ശേഖരൻനായർക്ക് ഉണ്ടായിരുന്നു. മാതൃഭൂമി മാനേജിംഗ് ഡയറക്ടറും പ്രശസ്ത എഴുത്തുകാരനും രാഷ്ട്രീയനേതാവുമായിരുന്ന എം.പി.വീരേന്ദ്രകുമാറുമായി ശേഖരൻനായർക്ക് ആത്മബന്ധമായിരുന്നു. വിദേശയാത്രകളിൽ പലതിലും ശേഖരൻനായരെ വീരേന്ദ്രകുമാർ ഒപ്പം കൂട്ടിയിരുന്നു. എന്നും വൈകുന്നേരമാകുമ്പോൾ വീരേന്ദ്രകുമാർ വിളിക്കും. 'എന്തുണ്ട് ശേഖരാ...വാർത്തകൾ?' എന്നു ചോദിക്കും. ആ സൗഹൃദത്തിൽ ശേഖരൻനായർ അഭിമാനിച്ചിരുന്നു.
മുല്ലപ്പെരിയാർ ചർച്ചയ്ക്ക് തിരുവനന്തപുരത്തെത്തിയ തമിഴ്‌നാട് മുഖ്യമന്ത്രി എം.ജി.ആറുമായി അഭിമുഖം തരപ്പെടുത്തിയത് ബേബിജോണുമായുള്ള സൗഹൃദമായിരുന്നു. എന്നാൽ വാർത്തകളുടെ കാര്യത്തിൽ എല്ലായ്‌പ്പോഴും നിർമ്മമത്വം പുലർത്തി. അവിടെ സൗഹൃദങ്ങൾ കടന്നുവന്നിരുന്നില്ല. ഏത് വിവരം കിട്ടിയാലും അതിന്റെ അടിവേരുകൾ കണ്ടെത്തിയിട്ടേ ശേഖരൻനായരിലെ പത്രപ്രവർത്തകൻ അടങ്ങുമായിരുന്നുള്ളൂ. വാർത്തകളോട് വലിയ അഭിനിവേശമായിരുന്നു. ആ പാഷൻ മരിക്കുംവരെ നിലനിറുത്തി. ഏറ്റവുമൊടുവിൽ പോലും ശേഖരൻനായരുടെ വീഡിയോ സ്റ്റോറികൾ ഈ നാട് യൂ ട്യൂബ് ചാനലിൽ മുടങ്ങാതെ വന്നിരുന്നു. അതിൽ വിഴിഞ്ഞം സമരത്തിന്റെ പിന്നിലെ നാടകങ്ങൾ വെളിപ്പെടുത്തിയ വീഡിയോ റിപ്പോർട്ടുകൾ ഏറെ ചർച്ചചെയ്യപ്പെട്ടു. ഒരിക്കലും വാർത്തകളിൽ വ്യക്തിപരമായ താത്പര്യങ്ങൾ പ്രതിഫലിച്ചിരുന്നില്ല. ആരോടും വിദ്വേഷം പുലർത്തിയില്ല. കഠിനമായ അദ്ധ്വാനവും അർപ്പണബോധവുമാണ് തന്നിലെ പത്രപ്രവർത്തകനെ വളർത്തിയതെന്ന് എപ്പോഴും പറയുമായിരുന്നു. ഏത് വിഷയവും വഴങ്ങിയിരുന്നു. മന്ത്രിസഭായോഗവും നിയമസഭയും റിപ്പോർട്ടുചെയ്തു. ക്രൈമായാലും രാഷ്ട്രീയമായാലും എന്തിലും കൈവയ്ക്കും. മികച്ച പൊലീസ് സ്റ്റോറികളും ചെയ്തിരുന്നു. മാദ്ധ്യമരംഗത്തെ പുതിയതലമുറയ്ക്കും ശേഖരൻനായരെന്ന പത്രപ്രവർത്തകനിൽ നിന്ന് പഠിക്കാൻ ഒരുപാടുണ്ട്.
വലിയ പത്രപ്രവർത്തകനായിരുന്നു ശേഖരൻനായർ.മലയാളം ജേർണലിസത്തിൽ ട്രെൻഡ് സെറ്ററായ ജേർണലിസ്റ്റായിരുന്നു. പത്രപ്രവർത്തനരംഗത്ത് ശേഖരൻനായരുടെ വാർത്ത വായിച്ച് ആകൃഷ്ടരായ തലമുറ തന്നെയുണ്ട്. ശേഖരൻനായർ വിടപറഞ്ഞിട്ട് ഒരു വർഷമാകുമ്പോൾ ചില ചോദ്യങ്ങൾ തുറിച്ചു നോക്കുന്നുണ്ട്. മൂന്ന് സംസ്ഥാന അവാർഡ് നേടിയ ശേഖരൻനായർക്ക് ഉചിതമായ സ്മരണാഞ്ജലി നൽകാനായോ എന്നതടക്കമുള്ള ചില ചോദ്യങ്ങൾ. തത്ക്കാലം ആ ചോദ്യങ്ങൾ ചോദ്യങ്ങളായി നിൽക്കട്ടെ. ഇപ്പോൾ ഒരുവർഷം തികയുമ്പോൾ കുടുംബം കൂടി ചേർന്നുള്ള ശേഖരൻനായർ സുഹൃത് സംഘം തിരുവനന്തപുരം വൈ.എം.സി.എ ഹാളിൽ 11 ന് ഞായറാഴ്ച വൈകിട്ട് 4.30 നു അനുസ്മരണസമ്മേളനം നടത്തുന്നുണ്ട്.ശേഖരൻനായരെക്കുറിച്ച് സുകു പാൽക്കുളങ്ങര എഴുതിയ ജീവചരിത്രം അന്ന് പ്രകാശനം ചെയ്യുന്നുണ്ട്.
വിടപറഞ്ഞ് ഒരു വർഷമാകുമ്പോഴും ശേഖരൻനായർ എന്ന ശേഖരയണ്ണന്റെ ഓർമ്മകൾ നിത്യഹരിതമായി നിൽക്കുന്നു. ഒരുമിച്ച് നടത്തിയ യാത്രകൾ, ഒത്തു ചേർന്ന നിമിഷങ്ങൾ, പങ്കുവെച്ച ചിരികൾ ഒന്നും മറന്നിട്ടില്ല. തലസ്ഥാന നഗരത്തിൽ ശേഖരയണ്ണൻ അവസാന ദിനം ചെലവിട്ടതും എന്നോടൊപ്പമുയിരുന്നു. ഒടുവിൽ അനുജന്റെ മരണാനന്തരച്ചടങ്ങിൽ കണ്ടു ഞാൻ മടങ്ങുമ്പോൾ ശേഖരയണ്ണൻ പറഞ്ഞു. നാളെ ഒരു ചെക്കപ്പുണ്ട്.അതൊക്കെ കഴിഞ്ഞ് വരുമ്പോൾ ഞാൻ വിളിക്കാമെടേ...പക്ഷെ പിന്നീടൊരിക്കലും ആ വിളി വന്നില്ല. (കേരളകൗമുദി അസോസിയേറ്റ് എഡിറ്ററാണ് ലേഖകൻ )