എങ്ങനെ മദ്യപിക്കണം?

  1. Home
  2. Editor's Pick

എങ്ങനെ മദ്യപിക്കണം?

wine


ഡോ. പ്രസാദ് അമോർ
 
നിറവും മണവുമുള്ള പാർട്ടികൾ, പരസ്പരം ഇഴുകിച്ചേർന്ന് മതിമറന്നാടിയ സായാഹ്നങ്ങൾ അട്ടഹസിച്ചും പൊട്ടിച്ചിരിച്ചും ആഹ്‌ളാദിച്ച നിമിഷങ്ങൾ അവിടെയെല്ലാം ഒരു നിർവൃതിയുടെ ചഷകമായി മദ്യമുണ്ടായിരുന്നു. നിറഞ്ഞു പതയുന്ന ഗ്ലാസ്സുകൾ, കുഴഞ്ഞു മറിഞ്ഞ സംസാരങ്ങൾ, മത്തുപിടിച്ച വൈകുന്നേരങ്ങൾ.

പക്ഷെ, മദ്യപാനം സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ ഭീകരമാണ്. നിങ്ങളുടെ കരളിനും ഹൃദയത്തിനും മഷ്തിഷ്‌കത്തിനും ഗ്രന്ഥികൾക്കും അതുണ്ടാക്കുന്ന ആരോഗ്യപ്രശ്ങ്ങൾക്ക് മദ്യപാനം ഒഴിവാക്കുക എന്നല്ലാതെ പരിഹാരമാർഗ്ഗം ഒന്നും തന്നെയില്ല. മദ്യരഹിതമായി ജീവിക്കേണ്ടതിനുള്ള നിരവധി ന്യായവാദങ്ങൾ എന്തുമാകട്ടെ.മനുഷ്യർ മദ്യപാനം ഉപേക്ഷിക്കാനുള്ള സാധ്യത വളരെക്കുറവാണ്. ജീവിക്കാനും ഇണചേരാനും സഹായിക്കുന്ന സാഹചര്യങ്ങളെയെല്ലാം സുഖാനുഭൂതികൾ കൊണ്ട് പ്രോത്സാഹിപ്പിക്കുന്ന മനുഷ്യന്റെ ബയോകെമിക്കൽ വ്യവസ്ഥ അനുഭൂതികൾ ഉത്പാദിപ്പിച്ചുകൊണ്ടിരിക്കും. ബോധമാറ്റമുണ്ടാക്കുന്ന വസ്തുക്കൾ സെറിബ്രൽ കോർട്‌സ്സിനു ആഘാതം ഏൽപ്പിക്കുന്നത് കൊണ്ട് വ്യക്തിയുടെ യുക്തിചിന്തയ്ക്കും ഉൾക്കാഴ്ചയ്ക്കും മങ്ങലേൽപ്പിക്കുന്നു. മനുഷ്യർക്ക് മറ്റുമനുഷ്യരുമായി ബന്ധപെട്ടു നിൽക്കുന്ന ആകുലതകൾ, ഓർമ്മകൾ, ശരീരത്തിനുള്ളിൽ നടക്കുന്ന ആന്തരികവും ബാഹ്യവുമായ സംഗതികളോടുള്ള ശരീരത്തിന്റെ പ്രതികരണങ്ങൾ സൃഷ്ടിക്കുന്ന പിരിമുറുക്കങ്ങൾ എല്ലാം മദ്യം ശരീരത്തിൽ പ്രവേശിക്കുന്നതോടെ അലിയുകയാണ്.

വേദന സംഹാരിയായ എൻഡോർഫിനുകളുടെ പ്രവർത്തനം നടക്കുന്നു, മദ്യത്തിന്റെ ഉന്മാദത്തിൽ വ്യക്തി അടിച്ചമർത്തിയ വികാരങ്ങളുടെ പ്രകടനം നടക്കുന്നു.മദ്യം ശരീരത്തിലെത്തുമ്പോൾ മസ്തിഷ്‌കത്തിലെ സുഖാനുഭൂതികളുടെ ന്യൂറോ ട്രാൻസ്മിറ്ററായ ഡോപ്പാമിൻ സ്വീകരണികൾ ഉത്തേജിപ്പിക്കപ്പെടുന്നു. മദ്യത്തിലെ എത്തനോൾ തലച്ചോറിൽ ശാന്തത സൃഷ്ടിക്കുന്ന ഗാബ സ്വീകരണികളിൽ പറ്റിപിടിച്ചു പ്രതികരണങ്ങൾ ഉണ്ടാക്കുന്നു .ജീവിതസംഘർഷങ്ങളുടെ നടുക്കൽ സമർദ്ദപ്പെട്ടു കൊണ്ടിരിക്കുന്ന മനുഷ്യർക്ക് മദ്യത്തിന്റെ ഉന്മാദം ആന്തരിക അയവ് സൃഷ്ടിക്കുകയാണ്. നൈനമിഷികമായ അനുഭൂതികളിലും സുഖാനുഭവത്തിലും അഭിരമിക്കാനുള്ള പരിണാമപരമായ സഹജ സ്വഭാവമുള്ള മനുഷ്യർക്ക് കേവലം സന്തോഷം നൽകുന്ന ഉത്തേജക വസ്തുക്കൾ പ്രലോഭനീയമാണ്. മദ്യവും മയക്കുമരുന്നും പുകയിലയും ഭക്ഷണവും ചൂതാട്ടവും ഗെയിമുകളും എല്ലാം മനുഷ്യരുടെ ജീവനലഹരിയിൽ ചേർത്തുനിൽക്കുന്ന സംഗതികൾ തന്നെയാണ്.

മനുഷ്യരുടെ മദ്യപാന ശീലത്തെ തീർത്തും നിർത്തലാക്കാൻ എളുപ്പം സാധ്യമല്ല. കാരണം സന്തോഷവും ഉന്മാദവും തേടുന്ന ഒരു ജീവിയാണ് മനുഷ്യൻ. ബോധമാറ്റമുണ്ടാക്കുന്ന വസ്തുക്കൾ പുരാതനകാലം മുതൽ തന്നെ മനുഷ്യരെ ആകർഷിച്ചിരുന്നു. ധാന്യവും പഴങ്ങളും പുളിപ്പിച്ചുകൊണ്ടുള്ള പുരാതന മദ്യത്തിൽ സോമയും സുരയും ദൈവത്തിന്റെ വരദാനമായ അത്ഭുത ചഷകമായി കണക്കാക്കിയിരുന്നു.നിയാണ്ടർത്താൻ മനുഷ്യരും ബോധം മാറ്റുന്ന പാനീയങ്ങൾ ഉപയോഗിച്ചിരുന്നു. മതപരവും സാംസ്‌കാരികവുമായ അനുഷ്ടാനങ്ങളിൽ മദ്യം ദൈവിക പാനീയമായാണ് കണക്കാക്കുന്നത്. മനുഷ്യർ സാമൂഹ്യവിലക്കുകൾ ലംഘിച്ചു കൂത്താടാനും വിനോദവേളകളിൽ ആനന്ദിക്കാനും മദ്യത്തെ ആശ്രയിക്കുന്നു.

പക്ഷേ മാന്യതയില്ലാത്ത മദ്യപാനം അപകടകരമാണ്. ദിവസവും ബോധം നഷ്ടപ്പെടുന്നതുവരെ മദ്യപിക്കുക.ഒറ്റനിൽപ്പിൽ വലിയ അളവിൽ മദ്യം അകത്താക്കുക നിൽപ്പനടി അത് ശരീരത്തിന് താങ്ങാനാവാത്തതാണ്. ഒരു മണിക്കൂറിനുള്ളിൽ ഒൻപതു മുതൽ പതിനഞ്ചു മില്ലി ലിറ്റർ മദ്യം മാത്രമേ നമ്മുടെ ശരീരത്തിന് വിഘടിപ്പിക്കാൻ കഴിയുകയുള്ളു. ഒറ്റവലിക്ക് മദ്യം അകത്താക്കുമ്പോൾ രക്തത്തിൽ കലരുന്ന മദ്യത്തെ വിഘടിച്ചു നിർവീര്യമാക്കുവാൻ ശരീരത്തിന് കഴിയില്ല.തൽഫലമായി മദ്യം ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് ഒഴുകുകയും ആന്തരികാവയവങ്ങളുടെ പ്രവർത്തനം താറുമാറാക്കുന്നു. പാൻക്രിയാസിനും കുടലിനും ഹൃദയത്തിനും നാഡികോശങ്ങൾക്കും പെട്ടെന്ന് കേടുപറ്റുന്നു.

ഒരാൾക്ക് എത്രത്തോളം കുടിക്കാം.?
പുരുഷന്മാർക്ക് അനുവദനീയമായതു 2 -3 ഡ്രിങ്ക്‌സ് , സ്ത്രീകൾക്ക് 2 ഡ്രിങ്ക്‌സ് മാത്രമാണ്. മദ്യം കഴിക്കണമെന്ന് നിർബന്ധമുള്ളവർ വളരെ സാവധാനം ഒന്നോ രണ്ടോ ഡ്രിങ്ക്‌സ് കഴിക്കുന്നതതാണ് നല്ലത്.മദ്യം സമയമെടുത്ത് കഴിക്കണം മദ്യത്തോടൊപ്പമുള്ള പുകവലി, വറുത്തതും പൊരിച്ചതുമായ ഭഷ്യവസ്തുക്കൾ ബേക്കറി സാധനങ്ങൾ തീർത്തും ഒഴിവാക്കണം. മദ്യത്തോടൊപ്പം സോഫ്റ്റ് ഡ്രിങ്ക്‌സ് കുടിക്കരുത്. സോഫ്റ്റ് ഡ്രിങ്ക്‌സ് മസ്തിഷ്‌കത്തിലെ അനുഭൂതികേന്ദ്രങ്ങളെ ഉദ്ധീപിപ്പിക്കുന്നവയാണ്. എണ്ണയിൽ വറുത്ത വിഭവങ്ങൾ ശരീരത്തിൽ കൂടുതൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന് കാരണമാകുന്നു.മദ്യപാനത്തെ തുടർന്ന് നിർജലനീകരണം സംഭവിക്കും. അപ്പോൾ സോഡിയം പൊട്ടാസ്യം തുടങ്ങിയ മൂലകങ്ങൾ നഷ്ടപ്പെടും.മദ്യപാനത്തിനോടൊപ്പം മുട്ട കപ്പലണ്ടി എന്നിവ കഴിക്കുന്നത് മദ്യപാനം മൂലമുണ്ടാകുന്ന പോഷക അപര്യാപ്തത പരിഹരിക്കാൻ നല്ലതാണ്. ധാരാളം വെള്ളം കുടിക്കുന്നത് മദ്യാംശം ആമാശയത്തിൽ ഉണ്ടാക്കുന്ന തകരാര് കുറയ്ക്കും. മദ്യപാനത്തിനിടയിൽ ചെറുനാരങ്ങ വെള്ളം പഴച്ചാറുകൾ സാലഡ് എന്നിവ ഉപയോഗിക്കുന്നത് മദ്യപാനത്തിന്റെ ആഘാതം കുറയ്ക്കും.

മദ്യം ശരീരത്തിലെ എല്ലാ അവയവങ്ങൾക്കും മാന്ദ്യമുണ്ടാക്കുന്ന പാനീയമാണ്. ഇന്ദ്രിയങ്ങളിൽ നിന്ന് മസ്തിഷ്‌കത്തിലേയ്ക്ക് പോകുന്ന നാഡീ തരംഗ സന്ദേശങ്ങളുടെപ്രതികരണങ്ങളുടെയും പ്രവർത്തനവും വേഗതയും മദ്യപാനം മന്ദഗതിയിലാക്കുന്നു. മനുഷ്യർക്ക് നിരവധി സുഖാനുഭൂതികൾ ആവശ്യമുണ്ട്. മനുഷ്യരുടെ ജീവരസതന്ത്രം പെട്ടെന്ന് ലഭിക്കുന്ന അനുഭൂതികളുടെ പിന്നാലെയാണ്. മദ്യത്തിനോട് മാത്രമല്ല, നമ്മുടെ ആസക്തിയുടെ ലോകം പെട്ടെന്ന് സുഖാനുഭൂതി ലഭിക്കുന്ന പുതിയ പുതിയ കാര്യങ്ങൾക്കായി തുറന്നിട്ടിരിക്കുകയാണ്.

News Hub