സംഘപരിവാർ രാഷ്ട്രീയത്തിനു കേരളം ഇന്നൊരു ബാലികേറാ മലയല്ല; ലോക്‌സഭാ ഇലക്ഷൻ സമുദായിക സമവാക്യങ്ങളിൽ വരുത്തിയ മാറ്റം

  1. Home
  2. Editor's Pick

സംഘപരിവാർ രാഷ്ട്രീയത്തിനു കേരളം ഇന്നൊരു ബാലികേറാ മലയല്ല; ലോക്‌സഭാ ഇലക്ഷൻ സമുദായിക സമവാക്യങ്ങളിൽ വരുത്തിയ മാറ്റം

KERALA


ചന്ദ്രകാന്ത് പി ടി

എന്തൊക്കെ പറഞ്ഞാലും സംഘപരിവാർ, ന്യൂനപക്ഷങ്ങളോട് കേരളത്തിന് പുറത്തു എടുക്കുന്ന നിലപാടല്ല കേരളത്തിനകത്തു ന്യൂനപക്ഷങ്ങളോട് കാണിക്കുന്നത്. അതിനു കാരണം ശക്തമായ പൊളിറ്റിക്കൽ അടിത്തറയുള്ള കമ്മ്യൂണിസ്റ്റ്- കോൺഗ്രസ്സ് പാർട്ടികൾ, മറ്റു സംസ്ഥാനങ്ങളുമായി തട്ടിച്ചു നോക്കിയാൽ കാണാൻ കഴിയാത്ത സൗഹൃദത്തോടെ കഴിയുന്ന ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ കുടുംബങ്ങൾ. മറ്റു സംസ്ഥാനങ്ങളിൽ ന്യൂനപക്ഷമായ മുസ്ലിം ക്രിസ്ത്യൻ സമുദായങ്ങൾ കേരളത്തിൽ ജനസംഖ്യയിൽ ഭൂരിപക്ഷത്തിന്  അടുത്തു എത്തുന്നു എന്നതും കേരളം ബിജെപിക്ക് ബാലികേറാ മലയായി തുടരാൻ കാരണമായി. സാമുദായികമായ ഈ അടിത്തറ പൊളിച്ചാലേ ബിജെപിക്ക് കേരളത്തിൽ വേര് ഊന്നാൽ കഴിയുമായിരുന്നുള്ളു. അതിൽ സംഘപരിവാർ 100% വിജയിച്ചു എന്നാണ് തൃശൂർ വിജയവും, തിരുവനന്തപുരം, ആറ്റിങ്ങൽ, ആലപ്പുഴ എന്നിവടങ്ങളിലെ ഉയർന്ന ബിജെപി വോട്ട് ഷെയറും കാണിക്കുന്നത്.

കേരളത്തിൽ സിപിഎം മുസ്ലിം അനുകൂല നിലപാട് എടുക്കുന്നു എന്ന വ്യാപകമായ പ്രചാരണം തുടങ്ങിവച്ചത് സംഘപരിവാർ ആണ്. പ്രധാനമായും മുഹമ്മദ് റിയാസിന്റെ മന്ത്രിസഭാ പ്രവേശനമാണ് സംഘപരിവാർ ഇതിനായി ഉപയോഗിച്ചിരുന്നത്. യുഡിഎഫും പലപ്പോഴായി ഒളിഞ്ഞും തെളിഞ്ഞും പിണറായിയെ എതിർക്കാനായി മുഹമ്മദ് റിയാസിന്റെ പേര് ആവശ്യമുള്ളിടത്തും അല്ലാത്തിടത്തും വലിച്ചിഴച്ചതും സിപിഎം വന്നാൽ അടുത്ത മുഖ്യമന്ത്രി റിയാസ് ആണ് എന്ന ബിജെപി കൊൺഗ്രെസ്സ് നേതാക്കളുടെ ഒളിയമ്പുകളും. സിപിഎം ന്റെ 'മുസ്ലിം പ്രീണന നയം' എന്ന സംഘപരിവാർ നരേറ്റീവിന് ആധികാരികത നൽകി. ഈ സമയത്താണ് 'ലവ് ജിഹാദ്' വിവാദം വരുന്നതും ക്രിസ്ത്യൻ സഭകൾ അതൊക്കെ ഏറ്റെടുക്കുന്നതും. കൃത്യമായി പറഞ്ഞാൽ സംഘപരിവാർ അജണ്ടയിലേക്ക് ക്രിസ്ത്യൻ സമുദായത്തെ എത്തിക്കുകയും അതിലൂടെ മുസ്ലിം ക്രിസ്ത്യൻ ഡിവൈഡ് ഒരു യാഥാർത്ഥ്യമാകുകയും ചെയ്തു. ഇവിടെയാണ് സിപിഎം ന് പിഴച്ചതും. കോൺഗ്രെസ്സിന് സ്റ്റാറ്റസ് കോ നിലനിർത്താൻ കഴിഞ്ഞതും. 

സിപിഎം പ്രതിനിധികൾ ടിവി ചാനലുകളിൽ ഇരുന്ന് സഭാ നേതൃത്വത്തെ മുസ്ലിം പ്രതിനിധികൾ പോലും പറയാൻ മടിച്ച കാര്യങ്ങൾ വിളിച്ചു പറഞ്ഞു. ഇത് സഭാ നേതൃത്വത്തിന്റെയും സഭാ വിശ്വാസികളുടെയും എതിർപ്പ് ഏറ്റുവാങ്ങാൻ ഇടയാക്കി. ഈ സമയം സഭയെ സഹായിക്കാൻ സംഘപരിവാർ മുൻപെങ്ങുമില്ലാത്ത വണ്ണം മുന്നോട്ട് വന്നു. എന്നാൽ എങ്ങും തൊടാത്ത അഭിപ്രായങ്ങൾ പറഞ്ഞു ക്രിസ്ത്യൻ സഭയെ എതിർക്കുന്നവരുടെയും അനുകൂലിക്കുന്നവരുടെയും കഥകളി ആസ്വദിക്കുകയായിരുന്നു കോൺഗ്രസ്സ്. ഉത്തരവാദിത്വമുള്ള പാർട്ടി എന്ന നിലയിലോ മന്ത്രിസഭ എന്ന നിലയിലോ ക്രിസ്ത്യൻ സഭാ നേതൃത്വത്തെ പോയി കണ്ട് വസ്തുതകൾ നിരത്തി കേരളത്തിലെ സമുദായിക ഐക്ക്യം നിലനിർത്താൻ സിപിഎം ശ്രമിച്ചിരുന്നെങ്കിൽ, അതിൽ വിജയിച്ചിരുന്നു എങ്കിൽ ഇന്നത്തെ മത സ്പർദ്ധ ഒഴിവാക്കാമായിരുന്നു. അതിലൂടെ ബിജെപി നേട്ടം കൊയ്യുന്നത് തടയാമായിരുന്നു. മറിച്ചു സഭയെ പച്ചക്ക് എതിർക്കുക എന്ന നിലപാട് ക്രിസ്ത്യാനികളെ ബിജെപി പാളയത്തിൽ എത്തിക്കുന്ന സ്ഥിതി വരുത്തിവച്ചു. 

കേന്ദ്രത്തിൽ ഇനി കോൺഗ്രസ്സ് ഭരണം ഉണ്ടാകില്ല എന്ന ചിന്തയും ഇതിനു കാരണമായി. മണിപ്പൂർ വിഷയം സജീവമായി നിലനിർത്തി സഭകളുടെ എതിർപ്പ് മറികടക്കാം എന്ന ചിന്തയും വർക്ഔട് ആയില്ല. സംഘപരിവാറിനെ എതിർക്കുന്ന കേരളത്തിലെ ശക്തി എന്ന നിലയിൽ മുസ്ലിം സമുദായം സിപിഎം നോട് അടുക്കും എന്ന കണക്ക് കൂട്ടലും പിഴച്ചു. സിഎഎ വിഷയത്തിൽ ഉൾപ്പെടെ എങ്ങും തൊടാത്ത നിലപാട് എടുത്ത കോൺഗ്രസിനൊപ്പം അവർ അടിയുറച്ചു നിൽക്കുകയും ചെയ്തു. 

സിപിഎം ൽ മുഖ്യമന്ത്രി തൊട്ട് ബ്രാഞ്ച് സെക്രട്ടറി വരെ ക്രിസ്ത്യൻ സഭകൾ ഉയർത്തി കൊണ്ട് വന്ന 'ലവ് ജിഹാദ്' വിഷയത്തിൽ സഭയെ എതിർത്തതിലൂടെ സിപിഎം ഒരു മുസ്ലിം പ്രീണന പാർട്ടിയാണ് എന്ന വിശ്വാസം ക്രിസ്ത്യാനികളിലും ഒപ്പം ഹിന്ദുക്കളിലും രൂഢമൂലമായി. ഇതേസമയം തന്നെ രാമജന്മഭൂമി പോലുള്ള ഹൈന്ദവ കാര്യങ്ങളിലും ഹിന്ദു വിശ്വാസങ്ങളെ സംബന്ധിച്ചും പല അഭിപ്രായ പ്രകടനങ്ങളിലൂടെ സംഘപരിവാർ വച്ച കെണിയിലേക്ക് സിപിഎം നേതാക്കൾ നടന്നു കയറി. വേണ്ടത്ര കരുതലില്ലാതെയുള്ള അഭിപ്രായങ്ങൾ സിപിഎം എന്ന രാഷ്ട്രീയ പാർട്ടി ഹിന്ദു, ക്രിസ്ത്യൻ വിരുദ്ധ പാർട്ടിയാണ് എന്ന ബോധം പതുക്കെ താഴെത്തട്ടിലുള്ള ജനങ്ങളിലേക്ക് എത്തി. ആ കാര്യത്തിലും സംഘപരിവാർ സോഷ്യൽ മീഡിയ ആർമി വിജയിച്ചു. ഈ കാര്യങ്ങളിലൊക്കെ ഒരു ഒഴുക്കൻ നിലപാട് എടുത്തതുകൊണ്ട് കൊൺഗ്രെസ്സ് പരിക്കുകളില്ലാതെ പിടിച്ചുനിന്നു. 

2019 ലെ ലോക്‌സഭയിലെ 19 സീറ്റും തോറ്റിട്ടും തിരിച്ചു വന്ന ചരിത്രം എപ്പോഴും ആവർത്തിക്കും എന്ന് വിശ്വസിക്കാൻ പറ്റില്ല. അന്നും ബിജെപി യാണ് കേന്ദ്രം ഭരിച്ചിരുന്നത് എങ്കിലും ഇന്നത്തേത് പോലെ കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തിന് സമാനമായ അവസ്ഥ അല്ലായിരുന്നു അന്ന്. ആധുനിക സർക്കാർ സ്‌കൂളുകൾ, വായന ശാലകൾ, കളിസ്ഥലങ്ങൾ, മികച്ച ആരോഗ്യ കേന്ദ്രങ്ങൾ, ലൈഫ് മിഷൻ വീടുകൾ, എൻഎച്ച വികസനം, മലയോര ഹൈവേ, ഗൈൽ പൈപ്പ്‌ലൈൻ. ഒപ്പം നിപ്പാ, രണ്ടു പ്രളയങ്ങൾ, കോവിഡ് എന്നിവയെ നേരിട്ടു ജനത്തെ രക്ഷിച്ച ഭരണം. കിഫ്ബി ഇടപെടലുകൾ പണ ലഭ്യത ഉറപ്പ് വരുത്തി. എല്ലാം കൊണ്ട് ലോകത്തിനു മാതൃകയായ ഭരണം. അതിനു മുന്നിൽ സ്വർണ്ണക്കടത്ത് ഉൾപ്പെടെയുള്ള വിവാദങ്ങൾ ഒലിച്ചുപൊയി. 

ഇന്നോ.. കേരളത്തിലെ പ്രതിപക്ഷമായ യുഡിഎഫും ബിജെപിയും നിരന്തരം പാർലിമെന്റിലും കേന്ദ്ര സർക്കാരിലുമായി നടത്തിയ ഇടപെടലുകളിലൂടെ തടയപ്പെട്ട പണ ലഭ്യത. മരവിച്ച കിഫ്ബി. പണം കിട്ടാതെ വലയുന്ന കരാറുകർ. അതിലൂടെ ദുരന്തത്തിൽ ആയ തൊഴിലാളികൾ, ചെറുകിട കച്ചവടക്കാർ, പെൻഷൻ കിട്ടാത്ത വയോവൃദ്ധർ. കഷ്ടിച്ചു ശമ്പളവും സർവീസ് പെൻഷനും മാത്രം കൊടുക്കാൻ തുറക്കുന്ന ട്രഷറികൾ. ബിൽ ഡിസ്‌കൗണ്ടിന് നൽകുന്ന സർക്കാർ ഗ്യാരണ്ടികൾക്ക് പോലും പകരം നൽകാൻ പണം ഇല്ലാത്ത അവസ്ഥ. രാഷ്ട്രീയ അഭിപ്രായ വ്യത്യാസം നിലനിർത്തികൊണ്ട് തന്നെ അതിലുപരിയായി സൗഹൃതം ഉണ്ടാക്കാനും ആവശ്യമായ പണം കേന്ദ്രത്തിൽ നിന്നും വാങ്ങിയെടുക്കാനും കഴിയാഞ്ഞു നട്ടം തിരിയുന്ന ഒരു സർക്കാർ എന്ന പ്രതിച്ഛായ ആണ് ഇപ്പോൾ സംസ്ഥാന സർക്കാരിനുള്ളത്. ഒപ്പം മുകളിൽ പറഞ്ഞ സാമുദായിക ധ്രുവീകരണം കൂടെയാകുമ്പോൾ
ബുദ്ധിമുട്ടാണ്, ഇനി ഒരു തിരിച്ചുവരവ് ഇടതിനു കേരളത്തിൽ. കേരളാ കോൺഗ്രെസ്സുകൾ ഒന്നിക്കുകയും ഒപ്പം 'കരുണക്കാരന്റെ ഡിഐസിയ്ക്ക് സമാനമായ ഒരു പ്രാദേശിക പാർട്ടി കോൺഗ്രസ്സ് നേതൃത്വത്തിൽ നിന്നു ഉണ്ടാവുകയും, (അത്തരം ഒരു പാർട്ടിക്ക് വോട്ടു ചെയ്യാൻ മുസ്ലിങ്ങളും തയ്യാറായേക്കും ) അവർ എൻഡിയെയുമായി സഖ്യത്തിൽ ഏർപ്പെടുകയും ചെയ്താൽ ബിജെപി സപ്പോർട്ടുള്ള ഒരു ഭരണം കേരളത്തിൽ വരുന്ന നാളുകളിൽ അത്ഭുതമാവില്ല. ചുരുക്കത്തിൽ കേരളം സംഘപരിവാർ രാഷ്ട്രീയത്തിനു ഇന്നൊരു ബാലികേറാ മലയല്ല എന്നു സാരം.