ഒക്ടോബർ 2... മഹാത്മാ ഗാന്ധിയുടെ ജന്മദിനം; ഓർക്കാം രാഷ്ട്രപിതാവിനെ

  1. Home
  2. Editor's Pick

ഒക്ടോബർ 2... മഹാത്മാ ഗാന്ധിയുടെ ജന്മദിനം; ഓർക്കാം രാഷ്ട്രപിതാവിനെ

gandhi


ചന്ദ്രകാന്ത്. പി ടി.

1947 ജൂൺ 2 ലെ ഒരു പ്രഭാതം. ഡൽഹിയിലെ വൈസ്രോയിയുടെ ഭവനത്തിലെ തന്റെ മുറിയിൽ മൗണ്ട് ബാറ്റൺ പ്രഭു ചിന്താമഗ്‌നനായി ഉലാത്തുന്നുണ്ടായിരുന്നു.  എസി നന്നായി പ്രവർത്തിക്കുന്നുണ്ടായിരുന്നെങ്കിലും അദ്ദേഹം വല്ലാതെ വിയർക്കുന്നുണ്ടായിരുന്നു. തൊട്ട് അടുത്ത സ്വീകരണ മുറിയിൽ ബ്രിട്ടീഷ് സാമ്രാജ്യത്തെ വിറപ്പിച്ച ആരോഗ്യം കുറഞ്ഞ എല്ലും തോലുമായ ഒരു വൃദ്ധൻ കൂനി കൂടി ഇരിക്കുന്നുണ്ട്. അതേ 'അർദ്ധ നഗ്‌നനായ ഫകീർ' എന്നു ലോകം വിളിക്കുന്ന സാക്ഷാൽ 'മഹാത്മാഗാന്ധി' യായിരുന്നു ആത്. 

അടുത്ത ദിവസം തന്നെ ഇന്ത്യാ പാകിസ്ഥാൻ എന്നീ രണ്ടു രാജ്യങ്ങൾ പ്രഖ്യാപിക്കാൻ ബ്രിട്ടീഷ് സർക്കാർ വൈസ്രോയിയോട് ആവശ്യ പെട്ടിരുന്നു. അതിനു മുന്നോടിയായി ഗാന്ധിജിയെ അനുനയിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ മൗണ്ട് ബാറ്റൺ ക്ഷണിച്ചു വരുത്തിയതാണ്. മൗണ്ട് ബാറ്റൺ ഗാന്ധിജിയുടെ മുന്നിൽ എത്തി. 'മിസ്റ്റർ ഗാന്ധി..ഇന്ത്യയുടെ സ്വാതന്ത്ര്യം ബ്രിട്ടീഷ് പ്രധാനമന്ത്രി ലോർഡ് ക്ലെമന്റ് ആറ്റ്‌ലി പ്രഖ്യാപിച്ചത് പോലെ ഉടനെ ഉണ്ടാകും. എന്നാൽ 'ബ്രിട്ടീഷ് ഇന്ത്യ' അതുപോലെ ഉണ്ടാകില്ല.' അങ്ങേക്ക് ഇഷ്ടമില്ലെങ്കിലും വിഭജനം നടക്കും. 

ഗാന്ധിജി മൗനമായി ഇരുന്നു. എല്ലാ തിങ്കളാഴ്ചയും ഗാന്ധിജി മൗനവൃതത്തിൽ ആയിരിക്കും എന്ന് അറിഞ്ഞുകൊണ്ടാണ് അദ്ദേഹത്തെ ആ ദിവസം തന്നെ വൈസ്രോയ് ക്ഷണിച്ചു വരുത്തിയത്. മൗനമായി ഇരുന്നെങ്കിലും അദ്ദേഹം ഹൃദയം മുറിയുന്ന വേദന അനുഭവിക്കുന്നുണ്ട് എന്ന് മൗണ്ട് ബാറ്റൺ മനസിലാക്കി. അദ്ദേഹം തുടർന്നു.. ' ജിന്നയോടും, നെഹ്‌റുവിനോടും, പട്ടേലിനോടും ഞാൻ സംസാരിച്ചു. വിഭജനമല്ലാതെ മറ്റു മാർഗ്ഗങ്ങൾ ഇല്ല എന്നു അവർക്കും മനസിലായി. ' എല്ലാവരും അങ്ങ് ഇതിനോട് എങ്ങിനെ പ്രതികരിക്കും എന്ന പേടിയിലാണ്... ഗാന്ധി പതുക്കെ തലയുയർത്തി നോക്കി ആ കണ്ണുകൾ നിറഞ്ഞിരിക്കുന്നതായി മൗണ്ട് ബാറ്റണ് തോന്നി. 

മാസങ്ങൾക്ക് മുൻപ് തന്നെ ഇന്ത്യാ പാകിസ്ഥാൻ വിഭജന കാര്യം ചർച്ചചെയ്യാൻ നെഹ്‌റു എത്തിയപ്പോൾ വിഭജനം ഒഴിവാക്കാൻ, 'ജിന്നയെ' പ്രധാനമന്ത്രി ആക്കണം എന്ന് ഗാന്ധിജി നെഹ്‌റുവിനോടും മറ്റു കോൺഗ്രെസ് നേതാക്കളോടും നിർദ്ദേശിച്ചിരുന്നു. എന്നാൽ അത്തരം ഒരു നിർദ്ദേശം കോൺഗ്രെസ്സ് നേതൃത്വം അംഗീകരിച്ചില്ല. വിഭജനം ഒഴിവാക്കാൻ ജിന്നയുമായും ഗാന്ധിജി കൂടിക്കാഴ്ച നടത്തിയിരുന്നു. അതും ഫലവത്തായില്ല. 

സ്വതന്ത്ര ഇന്ത്യക്കായുള്ള ഗാന്ധിയുടെ കാഴ്ചപ്പാട് മതപരമായ ബഹുസ്വരതയിൽ അധിഷ്ഠിതമായിരുന്നു, എന്നാൽ മുസ്ലീം ദേശീയത ഇതിനെ വെല്ലുവിളിച്ചു, ഇത് മുസ്ലീങ്ങൾക്ക് ബ്രിട്ടീഷ് ഇന്ത്യയ്ക്കുള്ളിൽ ഒരു പ്രത്യേക മാതൃഭൂമി ആവശ്യപ്പെട്ടു. മുഹമ്മദലി ജിന്നയുടെ നേതൃത്വത്തിലുള്ള മുസ്ലീം ലീഗ് ദ്വിരാഷ്ട്ര സിദ്ധാന്തം ഉദ്ധരിച്ച് പ്രത്യേക മുസ്ലീം രാഷ്ട്രം രൂപീകരിക്കാൻ വാദിച്ചു.

1946 ഒക്ടോബറിൽ സ്വാതന്ത്ര്യത്തിന് ഒരു വർഷം മുൻപ് ബംഗാളിലെ നവഖാലി ജില്ലയിൽ (ഇന്ന് ഈ പ്രദേശം ബംഗ്ലാദേശിൽ ആണ് ) മുസ്ലിം സമുദായം, ഹിന്ദുക്കൾക്ക് നേരേ കൊള്ളയും കൂട്ടകൊലയും ബലാത്സംഗങ്ങളും നടത്തിയിരുന്നു. അവിടം ഒരു മുസ്ലിം ഭൂരിപക്ഷ പ്രദേശമായിരുന്നു. നവഖാലി അക്ഷരാർത്ഥത്തിൽ ഒരു ശവപ്പറമ്പ് ആയി മാറി. അവിടെ ന്യൂനപക്ഷമായിരുന്ന ഹിന്ദുക്കൾക്ക് സർവ്വതും നഷ്ട്ടപെട്ടു. പോലീസിനും പട്ടാളത്തിനും ഹിന്ദുക്കൾക്ക് നേരെയുണ്ടായ ഈ കലാപം നിയന്ത്രിക്കാൻ ആയില്ല. ഇന്ത്യാ പാക് വിഭജനത്തെ പറ്റി ആഴത്തിൽ ചിന്തിക്കാൻ ബ്രിട്ടനേയും കോൺഗ്രസിനേയും പ്രേരിപ്പിച്ചതിൽ പ്രധാന ഘടകം ഈ കലാപമായിരുന്നു. കലാപമറിഞ്ഞു അവിടെ എത്തിയ മഹാത്മാ ഗാന്ധി നാലു മാസം നവഖാലിയിൽ താമസിച്ചു.  തന്റെ അഹിംസാ വാദത്തിലൂടെയും സത്യാഗ്രഹത്തിലൂടെയും കലാപം അവസാനിപ്പിച്ചു. ബ്രിട്ടീഷ് പട്ടാളത്തിന് പോലും കഴിയാത്ത കാര്യമാണ് 'അർദ്ധ നഗ്‌നനായ' ആ ഫകീറിന് സാധിച്ചത്.

സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യയിലും പാക്കിസ്ഥാനിലുമായി അരങ്ങേറിയ വർഗീയ കലാപത്തിൽ ഏറെ ദുഖിതനായിരുന്നു ഗാന്ധിജി. രണ്ടിടത്തുനിന്നുമായി രക്ത രൂക്ഷിതവും മനുഷ്യത്വ രഹിതവുമായ നര ഹത്യയുടെയും കൊള്ളയുടെയും വാർത്തകളാണ് ദിവസവും വന്നുകൊണ്ടിരുന്നത്. വിഭജനം യഥാർഥ്യമായെങ്കിലും അത് മനസുകൊണ്ട് അംഗീകരിക്കാൻ ഗാന്ധിജിക്ക് ആയില്ല. ദുഖിതനായ ഗാന്ധിജി ഉപവാസങ്ങളും പ്രാർഥനയുമായി കഴിഞ്ഞു കൂടി. നിരാഹാരം പലപ്പോഴും അദ്ദേഹത്തിന്റെ ജീവന് വരെ ഭീഷണിയായി മാറി. എന്നാൽ ഡോക്ടർമാരുടെ അഭിപ്രായം അദ്ദേഹം പലപ്പോഴും അനുസരിച്ചിരുന്നില്ല. 

1869 ഒക്ടോബർ 2 ന് ആണ് ഗുജറാത്തിലെ പോർബന്ധറിൽ 'മോഹൻദാസ് കരംചന്ദ് ഗാന്ധി ' എന്ന ഗാന്ധിജി പിറന്നത്. ചതുർവർണ്യത്തിലെ വൈശ്യർ ഗണത്തിലെ ബനിയ എന്ന ജാതിയിൽ അച്ഛൻ കരംചന്ദ് ഗാന്ധിയുടേയും അമ്മ പുതലിഭായിയുടേയും മൂന്നാമത്തെ പുത്രനായിട്ടാണ് അദ്ദേഹം പിറന്നത്. പിതാവ് കരംചന്ദ് ഗാന്ധി താക്കൂറിന്റെ ദിവാൻ ആയിരുന്നു. അമ്മയായിരുന്നു മോഹൻദാസ് കരം ചന്ദ് ഗാന്ധിക്ക് ഭക്തിയിലേക്ക് ഉള്ള മാർഗ്ഗം കാണിച്ചു കൊടുത്തത്. ബാരിസ്റ്റർ പഠനത്തിനായി ലണ്ടനിൽ എത്തിയശേഷമാണ് ഭഗവത് ഗീതയിൽ ആകൃഷ്ടനാകുന്നത്. പിന്നെ മരണം വരെ ആ ഗ്രന്ഥം അദ്ദേഹം കൈവിട്ടില്ല. 

സൗത്ത് ആഫ്രിക്കയിലും ഇന്ത്യയിലും അഹിംസ എന്ന സമരയുധത്തിലൂടെ അദ്ദേഹം സാംമ്രാജ്യത്തിനെതിരെ പോരാടി. ഇന്ത്യയെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച ആ മഹാന്റെ ജന്മദിനമാണ് ഒക്ടോബർ 2. ലോകത്തെ ഏതാണ്ട് എല്ലാ നേതാക്കളും സാംസ്‌കാരിക നായകന്മാരും അദ്ദേഹത്തിന്റ നയങ്ങളിൽ ആകൃഷ്ഠരായവരാണ്. ആൽബർട്ട് ഐൻസ്റ്റീൻ ഒരിക്കൽ പറഞ്ഞു. 'ഭൂമിയിൽ രക്തവും മാംസവുമുള്ള ഇങ്ങനെയൊരാൾ ജീവിച്ചിരുന്നതായി ഇനി വരുന്ന തലമുറ വിശ്വസിച്ചേക്കില്ല'. 

ആ വാക്കുകൾ എത്ര ശരിയാണ്. ഇന്ന് ഭാരതത്തിൽ മഹാത്മാ ഗാന്ധിയെ പാഠപുസ്തകങ്ങളിൽ നിന്നുപോലും ആട്ടിയകറ്റപെടുന്ന കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. പുതിയൊരു സ്വാതന്ത്ര്യത്തിനായി ഗാന്ധിജി ഇനിയും പിറവിയെടുക്കും.