ഇന്ദിര എന്ന 'ഇന്ത്യയുടെ ദുർഗ്ഗ'; വീണ്ടുമൊരു ഇന്ദിരക്ക് വേണ്ടി കാത്തിരിക്കുന്ന ഇന്ത്യൻ ജനത

പിടി ചന്ദ്രകാന്ത്
1984 ഒക്ടോബർ 31, തന്റെ ഓഫീസിലേക്ക് വീട്ടിൽ നിന്നും രാവിലെ 9.20 ന് തിടുക്കപ്പെട്ടു ഇറങ്ങി വരുകയായിരുന്നു ഇന്ത്യൻ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാഗാന്ധി. പ്രസിദ്ധ ബ്രിട്ടീഷ് നടൻ പീറ്റർ ഉസ്റ്റീനിവോ (Peter Ustinov ) ഇന്ദിരാഗാന്ധിയുടെ ഡോക്യൂമെന്ററിയുടെ ഭാഗമായ ഇന്റവ്യൂ ചെയ്യാൻ പ്രധാനമന്ത്രിയുടെ ഓഫീസിൽ വെയിറ്റ് ചെയ്യുകയായിരുന്നു. കറുത്ത ബോർഡറുള്ള സഫ്രോൺ സാരി ആയിരുന്നു ഇന്ദിരയുടെ വേഷം. നമ്പർ 1 സഫ്ദർജംഗ് റോഡിലെ വസതിയിൽ നിന്നും തൊട്ടടുത്തുള്ള അക്ബർ റോഡിൽ ഉള്ള ഓഫീസ് ആയിരുന്നു ലക്ഷ്യം. അവർ അന്ന് പതിവിലും സുന്ദരിയായിരുന്നു.
പ്രധാനമന്ത്രിയുടെ ചീഫ് സെക്യൂരിറ്റി ഓഫീസറും പേഴ്സണൽ സെക്രട്ടറി ആർ.കെ ധവനും ഒപ്പമുണ്ടായിരുന്നു. അന്ന് ക്ലോസ് സെക്യൂരിറ്റി ഓഫീസർ മാരായി ഉണ്ടായിരുന്നത് സത്വൻ സിങ്, ബീയങ് സിങ് എന്നീ രണ്ടു പേരായിരുന്നു. ഇന്ദിരഗാന്ധി നടന്ന് ഗാർഡനിൽ ഉള്ള വിക്കറ്റ് ഗേറ്റ് കടന്നതും സത്വൻ സിങ് ഇന്ദിരാഗാന്ധിയുടെ അടിവയർ നോക്കി 4 റൗണ്ട് വെടി ഉതിർക്കുകയായിരുന്നു. തുടർന്ന് ബീയങ് സിങ് ഉം വെടിയുതിർത്തു. ശ്രീമതി ഗാന്ധി അന്ന് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിച്ചിരുന്നില്ല. വെടിയേറ്റ് നിമിഷങ്ങൾക്കകം ഇന്ദിര എന്ന ആ മഹാമേരു നിലത്തു വീണു. ലോകം നടുങ്ങിയ നിമിഷം. അതേ ഇന്ത്യയുടെ 'അമ്മ' അങ്ങനെ അനന്തതയിൽ വിലയം പ്രാപിച്ചു. ഭൂമിദേവീ തന്റെ പുത്രീ വിയോഗത്താൽ തേങ്ങി പോയ നിമിഷം.
1966 ജനുവരി 11 ന് ഇന്ത്യൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രി അപ്രതീക്ഷമായി മരണപെട്ടു. തുടർന്ന് പ്രധാനമന്ത്രി സ്ഥലത്തേക്ക് നടന്ന മത്സരത്തിൽ മോറാർജി ദേശായിയെ ഇന്ദിരാഗാന്ധി തോൽപ്പിച്ചതോടെ (355-169)യാണ് ഇന്ദിര ഇന്ത്യൻ പ്രധാനമന്ത്രി ആയത്. 1969 നവംബർ 12 ന് പാർട്ടി അച്ചടക്കം ലംഖിച്ചു എന്ന് പറഞ്ഞു പ്രധാനമന്ത്രി ആയിരുന്ന ശ്രീമതി ഇന്ദിരഗാന്ധിയെ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി കൂടി പാർട്ടിയിൽ നിന്നും പുറത്താക്കി. എസ്. നിജലിംഗപ്പാ ആയിരുന്നു അപ്പോഴത്തെ കോൺഗ്രസ് പ്രസിഡന്റ്. ഇന്ത്യയുടെ രാഷ്ട്രപതി ആയിരുന്ന ഡോ.സാക്കീർ ഹുസൈൻ അന്തരിച്ചതിനെ തുടർന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി 'നീലം സഞ്ജീവ റെഡിയെ' പ്രസിഡന്റ് സ്ഥലത്തേക്ക് നിർദ്ദേശിച്ചു. ഇന്ദിരാ വിരുദ്ധ 'സിൻഡിക്കേറ്റ് 'ഗ്രൂപ്പ് എന്ന് അറിയപ്പെട്ടിരുന്ന വിഭാഗമാണ് സഞ്ജീവ റെഡിയെ കൊണ്ടുവന്നത്. പക്ഷേ അന്നത്തെ വൈസ് പ്രസിഡന്റ് ആയിരുന്ന ' വിവി ഗിരിയെ ' ആണ് ഇന്ദിരാ വിഭാഗം സപ്പോർട്ട് ചെയ്തത്.
വിവി ഗിരി തിരഞ്ഞെടുപ്പിൽ വിജയിച്ചു. ഗ്രൂപ്പ് ചേരിതിരിവ് പരസ്പരം പുറത്താക്കൽ നടപടിവരെ എത്തി. ഇന്ദിരയെ പുറത്താക്കിയ പാർട്ടി പ്രസിഡന്റ് നിജലിംഗപ്പായെ എഐസിസിയിൽ ഭൂരിപക്ഷമുണ്ടായിരുന്ന ഇന്ദിരയും പുറത്താക്കി. തുടർന്നു പാർട്ടിയിലും ഭരണത്തിലും ഇന്ദിര ചോദ്യം ചെയ്യപ്പെടാത്ത നേതാവായി ഉയർന്നു.
1971ൽ ബംഗ്ലാദേശ് പ്രശ്‌നത്തിൽ പാക്കിസ്ഥാൻ ഇന്ത്യയോട് കോർക്കാൻ വന്നു. വെറുമൊരു പെണ്ണ് ആയ ഇന്ദിരക്ക് ഒന്നും ചെയ്യാൻ കഴിയില്ല എന്നായിരുന്നു അന്നത്തെ പാകിസ്ഥാൻ പ്രസിഡന്റ് 'യാഹ്യ ഖാൻ ' കരുതിയത്. 1971 ഡിസംബർ 3ന് ഇന്ത്യൻ 'എയർ ബേസ്' ആക്രമിച്ചുകൊണ്ടായിരുന്നു തുടക്കം. പിന്നെ പാകിസ്താന് ഒന്നും മനസിലായില്ല. ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ ദിവസങ്ങൾ നീണ്ടു നിന്ന യുദ്ധം, 13 ദിവസകൊണ്ട് എല്ലാം അവസാനിച്ചു. അവസാനിപ്പിച്ചു ഇന്ത്യ. ഇന്ദിരയുടെ രോഷാഗ്‌നിയിൽ പാകിസ്ഥാൻ തകർന്ന് തരിപ്പണമായി. ഒരു ലക്ഷം പാക് പട്ടാളക്കാരെ തടവുകാരയായി ഇന്ത്യ പിടിച്ചു. അവസാനം പാക് പട്ടാള മേധാവി ഇന്ത്യൻ സൈന്യത്തിന് മുന്നിൽ 'ഇൻസ്ട്രുമെന്റ് ഓഫ് സറണ്ടർ ' ഒപ്പുവച്ചു.
അതോടെ പാകിസ്ഥാൻ ഭൂപടത്തിൽ നിന്നും കിഴക്കൻ പാകിസ്ഥാൻ എന്നറിയപ്പെട്ടിരുന്ന പ്രവശ്യ ഇന്ത്യ മാച്ചുകളഞ്ഞു. അവിടെ ബംഗ്ലാദേശ് എന്നൊരു പുതിയ രാജ്യം ഉദയം ചെയ്തു. ഇതിനിടക്ക് പാക്കിസ്ഥാനെ സഹായിക്കാൻ അമേരിക്ക അഞ്ചാം കപ്പൽ പടയെ ഇറക്കാൻ നോക്കി.
ഇന്ത്യൻ തീരത്തു വരുന്ന ഒരു കപ്പലും തിരിച്ചു പോകില്ല എന്ന ഇന്ദിരയുടെ ധീരമായ നിലപാടിൽ അമേരിക്ക പിൻവാങ്ങി. ഇന്ത്യയെ സഹായിക്കാൻ റഷ്യൻ നാവിക പട തയ്യാറായി നിന്നു എങ്കിലും അതിന്റെ ഒന്നും ആവശ്യം വന്നില്ല. യുദ്ധനന്തരം പാർലമെന്റ് കൂടിയപ്പോൾ അന്നത്തെ ജനസംഘം നേതാവും പിന്നീട് ഇന്ത്യൻ പ്രധാനമന്ത്രിയുമായിരുന്ന ശ്രീ അടൽ ബിഹാരി വജ്‌പൈ 'ഇന്ത്യയുടെ ദുർഗ്ഗ' എന്ന് ഇന്ദിരയെ വിശേഷിപ്പിച്ചു.
ആ ഇന്ദിരയാണ് തന്റെ അറുപത്തിയേഴാം വയസ്സിൽ ഇന്ത്യയെ വിഘടിപ്പിക്കാൻ ശ്രമിച്ച ഖാലിസ്ഥാൻ വാദികളെ ബ്ലൂസ്റ്റർ ഓപ്പറേഷനിൽ തകർത്തതിന്റെ വൈരാഗ്യത്തിൽ രണ്ടു സിഖ് അംഗ രക്ഷകരാൽ വെടിയേറ്റ് ഭൂമിയിൽ പതിച്ചത്. ഇന്ത്യയുടെ 3-നാമത്തെ പ്രധാനമന്ത്രിയായി നെഹ്രുവിന്റെ മകൾ വന്നപ്പോൾ എല്ലാവരും ഒന്ന് സംശയിച്ചു. എന്നാൽ പിന്നെ ലോകം തന്നെ തന്റെ നയതന്ത്ര മികവിൽ കൈവെള്ളയിൽ ഒതുക്കിയ അത്ഭുത മായാജാലമാണ് ഇന്ത്യക്കാർ കണ്ടത്.
1964 ജനുവരി 24ന് ഇന്ത്യൻ പ്രധാനമന്ത്രിയായി തുടങ്ങിയ ഇന്ദിര അതിനു മുൻപ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അദ്ധ്യക്ഷയായിരുന്നു. നെഹ്രുവിന്റെ കാലത്തുതന്നെ പാർട്ടിയുടെ അദ്ധ്യക്ഷപദവി ഏറ്റെടുത്ത ഇന്ദിരക്ക് ഇന്ത്യ എന്ന വൈവിധ്യങ്ങളുടെ അത്ഭുതത്തെ അടുത്തറിയാമായിരുന്നു. ഭാഷകളും, മതങ്ങളും, ഹിമാലയം തൊട്ട് കന്യാകുമാരി വരെ നീണ്ടു നിവർന്നു കിടക്കുന്ന ഇന്ത്യ എന്ന ഭൂപ്രദേശത്തെ അവരെക്കാളും നന്നായി മനസിലാക്കിയവർ വിരളം. 1969ൽ 7 ബാങ്കുകൾ ദേശ സൽക്കരിച്ചതുവഴി അന്നത്തെ പ്രധാന പ്രതിപക്ഷമായിരുന്ന ഇടതുപക്ഷത്തിന്റെ പോലും പ്രശംസ അവർ പിടിച്ചുപറ്റി. 1976 ൽ ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയ അടിയന്തിരാവസ്ഥയുടെ കാലഘട്ടത്തിലാണ് 42 ആം ഭരണഘടനാ ഭേദഗതിയായി സോഷ്യലിസം എന്ന വാക്ക് ഇന്ദിര ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങളിൽ.(preamble) എഴുതി ചേർത്തത്. അങ്ങിനെ ഇന്ത്യ ഒരു SOVEREIGN SOCIALIST SECULAR DEMOCRATIC REPUBLIC ആയി മാറി.
മത സ്പർദയാൽ വിഭജിക്കപ്പെട്ട ഇന്ത്യയിൽ ഒരു വിധത്തിലുള്ള മത വൈര്യവും നിലനിൽക്കാൻ അവർ അനുവദിച്ചില്ല. മതത്തെ എന്നും ഒരു തീണ്ടാപ്പാട് അകലത്തിൽ നിർത്തിയിട്ടേയുള്ളു ആ മഹതി. വീണ്ടുമൊരു ഇന്ദിരക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇന്ന് ഇന്ത്യൻ ജനത..