അറിയാം പുകവലിയുടെ രസതന്ത്രം

മനോജ് വെള്ളനാട്
പുകവലിയുടെ രസതന്ത്രം/ Chemistry of Smoking
രസമെന്താണെന്നു വച്ചാൽ, കാൻസറിനെ നമുക്ക് പേടിയാണ്. കാൻസർ ഉണ്ടാക്കുന്ന കീടനാശിനി കലർന്ന പച്ചക്കറികളെ ഒഴിവാക്കാൻ നമ്മൾ പരമാവധി നോക്കും. പേടികാരണം ഒരാപ്പിളോ മുന്തിരിയോ പോലും നമ്മൾ കടയിൽ നിന്ന് വാങ്ങാൻ മടിക്കും. കാൻസർ ഉണ്ടാക്കുമെന്ന് ആരോ ഫേസ്ബുക്കിൽ എഴുതിയ പോസ്റ്റ് വിശ്വസിച്ചു കാശുകൊടുത്തുവാങ്ങിച്ച യൂഫോർബിയ ചെടികളെ വെട്ടിയരിഞ്ഞു ദൂരെക്കളയും. പക്ഷെ അപ്പോഴും നമ്മുടെ ചുണ്ടുകൾക്കിടയിൽ നിന്നും ആയുസ്സിൻറെ ധവളധൂമം, ഒരു ധൂപക്കുറ്റിയിൽ നിന്നെന്ന പോലെ ബഹിർഗമിക്കുന്നുണ്ടാകും. അതുകൊണ്ട് തന്നെ നമുക്കൂഹിക്കാം, പുകവലി ആരോഗ്യത്തിനു ഹാനികരമാണെന്ന് അറിയാഞ്ഞിട്ടല്ല, അവനവൻറെ ജീവനെയും സ്വത്തിനെയും വിലമതിക്കാഞ്ഞിട്ടും അല്ലാ, ക്ഷണികനേരത്തെ ആ സുഖം വേണ്ടാന്നു വയ്ക്കാൻ വയ്യാഞ്ഞിട്ടാണ് ഇതിൻറെ പിറകെ പോകുന്നതെന്ന്.
പുകയിലയുടെ ഉപയോഗത്തെ പറ്റി പൊതുവേ പറയുമ്പോൾ സിഗരറ്റ്, ബീഡി, മുറുക്കാൻ, പാൻ മസാല തുടങ്ങിയവയിലുള്ള പുകയിലയുടെ ഉപയോഗമാണ് ഉദ്ദേശിക്കുന്നത്. പുകയിലപ്പുകയിൽ ഹൈഡ്രജൻ സയനൈഡ്, അസറ്റോൺ, മെഥനോൾ, ടോളുവിൻ, ഡി.ഡി.റ്റി, നാഫ്തലീൻ, ആർസനിക്ക്, ബ്യൂട്ടേൻ തുടങ്ങി നാലായിരത്തോളം രാസവസ്തുക്കൾ കണ്ടെത്തിയിട്ടുണ്ട്. ഇവയിൽ ഇരുന്നൂറിൽ പരം രാസവസ്തുക്കൾ വിഷവസ്തുക്കൾ ആണെന്നും അവ നിരവധി രോഗങ്ങൾക്ക് കാരണമാകുന്നുവെന്നും അവയിൽ തന്നെ പൈറീൻ, നാഫ്‌തൈലാമീൻ, ഡൈബെൻസാക്രിഡൈൻ, പൊളോണിയം, വിനൈൽ ക്ലോറൈഡ്, ബെൻസോപൈറീൻ തുടങ്ങി അമ്പതിൽപരം രാസവസ്തുക്കൾ കാൻസർ ഉണ്ടാക്കുന്നവയാണെന്നും കണ്ടെത്തിയിട്ടുണ്ട്. പുകവലിയെ പറ്റി പറയുമ്പോൾ നമ്മൾ സ്ഥിരം കേൾക്കുന്ന ഒന്നുരണ്ടു രാസവസ്തുക്കളെ പറ്റി അൽപ്പം കാര്യങ്ങൾ..
നിക്കോട്ടിൻ
ഒരു സിഗരറ്റിൽ പത്തുമില്ലിഗ്രാം നിക്കോട്ടിൻ അടങ്ങിയിട്ടുണ്ട്. ഒരു സിഗരറ്റ് വലിച്ചാൽ രണ്ടുമില്ലിഗ്രാം രക്തത്തിൽ എത്തുന്നു. രക്തത്തിൽ എത്തുന്ന നിക്കോട്ടിന് പത്തു സെക്കന്റിനുള്ളിൽ തലച്ചോറിൽ എത്തുന്നു. അത് അവിടെ ഡോപമിൻ എന്ന രാസവസ്തുവിൻറെ ഉത്പാദനം കൂട്ടുന്നു. ഈ ഡോപമിനാണ് പുകവലിക്കുമ്പോൾ 'ആനന്ദാനുഭൂതി' പ്രദാനം ചെയ്യുന്നത്. കൂടാതെ ഇത് നോർഅഡ്രിനാലിൻ എന്ന രാസവസ്തുവിൻറെ ഉത്പാദനവും കൂട്ടും. അതാണ് പുകവലിക്കുമ്പോൾ തോന്നുന്ന 'ഉത്തേജന'ത്തിൻറെ രഹസ്യം. പക്ഷെ ഈ ക്ഷണികനേരത്തെ 'ആനന്ദവും ഉത്തേജനവും ' വലിയ ദോഷങ്ങൾക്കുള്ള നിലമൊരുക്കുകയാണെന്ന് നമ്മൾ അറിയുന്നില്ലാ എന്നെ ഉള്ളു.
കാർബൺ മോണോക്‌സൈഡ് (CO)
പുകയിലപ്പുകയിലെ പ്രധാന വാതകം ഇതാണ്. ഒരു സിഗരറ്റിൽ രണ്ടു മുതൽ ആറു ശതമാനം വരെ CO അടങ്ങിയിരിക്കുന്നു. രക്തത്തിൽ കലർന്ന്, രക്തത്തിൻറെ ഓക്‌സിജൻ വിതരണസങ്കേതങ്ങളെ ഇത് തടസ്സപ്പെടുത്തുന്നു. മാത്രമല്ല രക്തത്തിൽ നിന്നും ഓക്‌സിജൻ ആഗിരണം ചെയ്യാൻ കോശങ്ങൾക്കുള്ള കഴിവും ഇല്ലാതാകുന്നു. അങ്ങനെ കോശങ്ങൾ പ്രാണവായുകിട്ടാതെ മൃതപ്രായരാകുന്നു. തലച്ചോറിലും ഹൃദയത്തിലുമൊക്കെ ഈ പ്രക്രിയ നിരന്തരം നടന്നാലുള്ള ദോഷങ്ങൾ പറയണ്ടല്ലോ!
ടാർ
ശ്വാസകോശം സ്‌പോഞ്ചുപോലെയാണെന്ന പരസ്യത്തിൽ പാത്രത്തിലേക്ക് പിഴിഞ്ഞൊഴിക്കുന്ന ആ കറുത്ത ദ്രാവകമാണ് ടാർ. ഇത് ശരീരകലകളിൽ ഒട്ടിപ്പിടിക്കുന്നു. ശ്വാസകോശകാൻസറിൻറെ സംഘാടകരിൽ പ്രധാനി ഇവൻ തന്നെ.
പുകവലി കൊണ്ടുവരുന്ന കാൻസർ ശ്വാസകോശത്തെ മാത്രമല്ല ബാധിക്കുന്നത്. എല്ലാ ശരീരകോശങ്ങളിലും അത് ജനിതകമാറ്റങ്ങൾ വരുത്തുന്നു. ഏറ്റവും കൂടുതൽ കാൻസർ വരുന്നത് വായ, തൊണ്ട, അന്നനാളം, ശ്വാസകോശം, ശബ്ദപേടകം, ആമാശയം എന്നിവിടങ്ങളിലാണ്. കൂടാതെ പക്ഷാഘാതം, നിരവധിയായ ഹൃദ്രോഗങ്ങൾ, ഹൃദയസ്തംഭനം, അമിത രക്തസമ്മർദ്ദം, വന്ധ്യത, കാലുകളിലേയ്ക്ക് രക്തയോട്ടം കുറഞ്ഞ് മുറിച്ചുമാറ്റേണ്ട അവസ്ഥ (TAO) തുടങ്ങി നിരവധി രോഗങ്ങൾ ഇതുമൂലം ഉണ്ടാകാം. ഇത്രയധികം രോഗങ്ങൾക്ക് കാരണക്കാരൻ തന്നെയായിരിക്കുമല്ലോ കൂടുതൽ മരണങ്ങൾക്കും കാരണം. അതേ, ലോകത്ത് ഏറ്റവും കൂടുതൽ മരണങ്ങൾക്ക് കാരണമായി അറിയപ്പെടുന്നത് പുകയിലയുടെ ഉപയോഗമാണ്.
ഇതേപറ്റിയുള്ള ചില സ്ഥിതിവിവരക്കണക്കുകൾ.
ലോകാരോഗ്യസംഘടന
ലോകത്ത് ഒരുവർഷം മുപ്പതുലക്ഷം ആളുകൾ പുകയിലജന്യരോഗങ്ങൾ കാരണം മരിക്കുന്നു. ഓരോ എട്ടു സെക്കന്റിലും ഒരാൾ വീതം മരിച്ചുകൊണ്ടിരിക്കുന്നു. ഇതേ നില തുടർന്നാൽ അടുത്ത ഇരുപതുവർഷത്തിനുള്ളിൽ ഇത് മൂന്നു സെക്കന്റിൽ ഒരാൾ വീതമെന്ന സ്ഥിതിയാകും.
ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ
ഇന്ത്യയിൽ വർഷംതോറും മൂന്നരക്കോടിയിൽ അധികം ആളുകൾ പുകവലി കാരണം രോഗബാധിതരാകുന്നു. അതിൽ ഏഴുലക്ഷം പേർ മരണമടയുന്നു.
കേരളത്തിൽ പുരുഷന്മാരിൽ കാണുന്ന കാൽസറിൻറെ 52% വും സ്ത്രീകളിൽ കാണുന്ന കാൻസറിൻറെ 18% വും പുകയിലയുടെ ഉപയോഗം കാരണമാണ് ഉണ്ടാകുന്നത്. ശ്വാസകോശകാൻസർ മൂലം മരിക്കുന്നവരിൽ തൊണ്ണൂറുശതമാനം ആളുകൾ പുകവലിക്കുന്നവരാണ്.
കഴിഞ്ഞ നൂറുവർഷക്കാലത്തിനിടയിൽ പുകയിലയുടെ ഉപയോഗം കൊണ്ട് മരിച്ചവരുടെ എണ്ണത്തെക്കാൾ കുറവാണ്, ലോകത്താകമാനം ഇന്നോളം ഉണ്ടായിട്ടുള്ള സകല യുദ്ധങ്ങളിലും കൂടി മരണമടഞ്ഞവർ!