കടുത്ത മത്സരത്തിൽ തിരുവനന്തപുരം ആർക്കൊപ്പം?; അറിയാം കുറച്ച് മണ്ഡല ചരിത്രം

ചന്ദ്രകാന്ത് പി.ടി.
വികെ കൃഷ്ണമേനോൻ, എംഎൻ ഗോവിന്ദൻ നായർ, കെ കരുണകാരൻ, പികെ വാസുദേവൻ നായർ, ഡോ. ശശി തരൂർ തുടങ്ങിയ സംസ്ഥാന, ദേശീയ, അന്തർദീശീയ തലത്തിലുള്ള നേതാക്കളെ വിജയിപ്പിച്ച മണ്ഡലമാണ് തിരുവനന്തപുരം. അതേ സമയം കേരളത്തിന്റെ അഭിമാന കവി ഒഎൻവി കുറുപ്പിനെ തോൽപ്പിച്ച മണ്ഡലവും തിരുവനന്തപുരമാണ്. 1989ൽ ചാൾസ്‌നോട് എഴുപതിയ്യായിരത്തിൽ പരം വോട്ടിനാണ് ഒഎൻവി കുറുപ്പ് തോൽവി ഏറ്റുവാങ്ങിയത്. 1952 ൽ നടന്ന സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ലോക്‌സഭാ ഇലക്ഷനിൽ ഇന്ത്യയിൽ ആകെ ജയിച്ചു ലോക്‌സഭയിൽ എത്തിയ 20 വനിതാ എംപി മാരിൽ ഒരാളായ ശ്രീമതി. ആനി മസ്‌ക്രീനെ വിജയിപ്പിച്ച മണ്ഡലവും തിരുവനന്തപുരം തന്നെ.
സ്വതന്ത്ര സ്ഥാനാർഥി ആയിട്ടായിരുന്നു ശ്രീമതി ആനി മസ്‌ക്രീൻ മത്സരിച്ചത്. 54ൽ വിജയിച്ച ഈശ്വര അയ്യരും, 62ൽ മത്സരിച്ചു വിജയിച്ച പിഎസ് നടരാജ പിള്ളയും സ്വതന്ത്രർ ആയിരുന്നു. 67ൽ സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി ലേബലിൽ പി. വിശ്വംഭരൻ തലസ്ഥാനത്തെ എംപി ആയി. 71ൽ വികെ കൃഷ്ണമേനോൻ (ഇടതു പിന്തുണയുള്ള സ്വതന്ത്രൻ ), 77 ൽ എംഎൻ ഗോവിന്ദൻ നായർ (സിപിഐ ), 80ൽ നീല ലോഹിതദാസൻ നാടാർ (ഐഎൻസി) എന്നിവർ വിജയിച്ചപ്പോൾ കേരളാ പിഎസ്‌സി മെമ്പർ ആയിരുന്ന ശ്രീ. എ ചാൾസിനെ ആണ് 1984ൽ കോൺഗ്രസ് രംഗത്ത് ഇറക്കി വിജയിപ്പിച്ചത്. തുടർന്ന് 89 ലും ,91 ലും ചാൾസ് തന്നെ ഈ മണ്ഡലത്തിൽ തുടർച്ചയായി വിജയിച്ചു റെക്കോർഡ് ഇട്ടു.
1996ൽ സിപിഐ യുടെ കെവി സുരേന്ദ്ര നാഥ് വിജയിച്ചപ്പോൾ 98ൽ കേരള രാഷ്ട്രീയത്തിൽ മുടിചൂടാ മന്നനായ മുൻ മുഖ്യമന്ത്രി കെ കരുണകാരൻ കോൺഗ്രെസിന് വേണ്ടി മണ്ഡലം തിരിച്ചു പിടിച്ചു. എന്നാൽ 543 എംപി മാരിൽ 272 എംപി മാരുടെ പിന്തുണയോടെ പ്രധാനമന്ത്രി ആയ അടൽ ബിഹാരി വാജ്പയ് യുടെ മന്ത്രിസഭ ഒരു വർഷം കഴിഞ്ഞപ്പോഴേക്കും 17 മെയ് 1999ൽ ഭൂരിപക്ഷം നഷ്ട്ടപെട്ടു രാജി വച്ചതിനെ തുടർന്ന് നടന്ന 1999 ലെ ലോക്‌സഭാ ഇലക്ഷനിൽ അന്നത്തെ യുവ നേതാവായിരുന്ന വിഎസ് ശിവകുമാറിനെയാണ് കരുണകാരൻ സ്ഥാനാർഥിയായി കോൺഗ്രെസിന് വേണ്ടി നിർദ്ദേശിച്ചത്. അദ്ദേഹം വിജയിക്കുകയും ചെയ്തു.
2004ൽ നടന്ന ഇലക്ഷനിൽ മുൻ മുഖ്യമന്ത്രി പികെ വാസുദേവൻ നായർ സിപിഐ ക്കുവേണ്ടി മത്സരിച്ചു വിജയം കണ്ടു. അദ്ദേഹത്തിന്റെ അകാല നിര്യാണത്തെ തുടർന്ന് വന്ന ഉപ തിരഞ്ഞെടുപ്പിൽ സിപിഐ യുടെ നേതാവായ പന്ന്യൻ രവീന്ദ്രൻ മത്സരിച്ചു വിജയിച്ചു മണ്ഡലം ഇടതുപക്ഷത്തു നിലനിർത്തി. തുടർന്ന് 2009,20014,20019 എന്നീ ഇലക്ഷനുകളിൽ വിശ്വപൗരനായ ഡോ. ശശി തരൂർ വിജയിച്ചു കയറുന്ന കാഴ്ചയാണ് ഉണ്ടായത്. ഒപ്പം തുടർച്ചയായ മൂന്ന് വിജയങ്ങൾ എന്ന എ ചാൾസിന്റെ റെക്കോർഡിന് ഒപ്പമെത്തുകയും ചെയ്തു. തിരുവനതപുരത്തു നിന്നു മത്സരിച്ചു ജയിച്ചു 'കേന്ദ്ര മന്ത്രിയായ ഏക വ്യക്തിയും' തരൂർ തന്നെ.
ബിജെപിയും തിരുവനന്തപുരം ലോക്‌സഭാ മണ്ഡലവും
1984ൽ നടന്ന ലോക്‌സഭാ ഇലക്ഷനിൽ ലോക് ദൾ സ്ഥാനാർത്ഥിയായി ഇടതുപക്ഷത്തിന് വേണ്ടി മത്സരിച്ച ശ്രീ.നീല ലോഹിതദാസൻ നാടാരെ പിൻതള്ളി കോൺഗ്രസിന്റെ എ ചാൾസ് ആദ്യമായി വിജയിച്ച മത്സരത്തിൽ ഹിന്ദു മുന്നണി സ്ഥാനാർഥിയായി മത്സരിച്ച ശ്രീ.കേരള വർമ്മ 1,10,449 വോട്ടു വാങ്ങി മൂന്നാം സ്ഥാനത്ത് ശക്തമായി നിലയുറപ്പിച്ചതോടെയാണ് ഹിന്ദുത്വ രാഷ്ട്രീയത്തിനു തിരുവനന്തപുരം വളക്കൂറുള്ള മണ്ണാണെന്ന് മനസിലായത്. അതിനു മുൻപ് മത്സരിച്ച ബിജെപിയുടെ പി. അശോക് കുമാറിന് അമ്പതിയാറായിരം വോട്ട് മാത്രമാണ് കിട്ടിയത്. 91 ലെ ഇലക്ഷനിൽ ഒ. രാജാഗോപാൽ എൺപതിനായിരം വോട്ടും, 96ൽ കെ രാമൻ പിള്ള എഴുപത്തി നാലായിരം വോട്ടും നേടി. 1998 ൽ കെ കരുണകാരനെ വിജയിച്ച തിരുവനന്തപുരം പാർലിമെന്റ് തിരഞ്ഞെടുപ്പിൽ ശ്രീ.കേരള വർമ്മ ബിജെപി സ്ഥാനർത്ഥിയായി വീണ്ടും വന്നെങ്കിലും 94,303 വോട്ടുകൾ നേടാനേ കഴിഞ്ഞിരുന്നുള്ളു. എന്നാൽ 99 ൽ വീണ്ടും മത്സരിച്ച ഒ. രാജഗോപാൽ 1,58,221 വോട്ട് നേടി ബിജെപിക്ക് വേണ്ടി ശക്തമായ മത്സരം കാഴ്ചവച്ചു.
അതുവരെയുള്ള ബിജെപിയുടെ കേരളാ ചരിത്രത്തിലെ ഏറ്റവും വലിയ വോട്ടിങ് ശതമാനമായിരുന്നു (20.93%) അന്ന് കിട്ടിയത്. 2004ൽ ഒ. രാജാഗോപാൽ തന്നെ ബിജെപി ക്കു വേണ്ടി മത്സരിച്ചു കഴിഞ്ഞ പ്രാവശ്യത്തെ വോട്ടിനെക്കാൾ ബഹുദൂരം മുന്നിൽ പോയി. 29.86% വോട്ടോടുകൂടി 2,28,052 വോട്ടുകൾ ആ ഇലക്ഷനിൽ ബിജെപി നേടി. അന്ന് പികെവി യോട് തോറ്റ് രണ്ടാം സ്ഥാനക്കാരനായ വിഎസ് ശിവകുമാർ നേടിയത് 30.30% വോട്ടാണ്. ആകെ കിട്ടിയത് 2,31,454 വോട്ടും. എന്നുവച്ചാൽ രണ്ടാം സ്ഥാനക്കാരായ കോൺഗ്രസിനെക്കാൾ വെറും 3,402 വോട്ടുകളുടെ മാത്രം വ്യത്യാസമേ മൂന്നാം സ്ഥാനത്തു എത്തിയ ബിജെപി ക്ക് ഉണ്ടായിരുന്നുള്ളു. എന്നാൽ പികെവി യുടെ മരണത്തെ തുടർന്ന് നടന്ന ബൈ ഇലക്ഷനിൽ സിപിഐ യുടെ ശ്രീ.പന്ന്യൻ രവീന്ദ്രൻ ഡിഐസിയുടെ കൂടെ പിന്തുണയോടെ 51.41% വോട്ടു നേടി ജയിച്ചു കയറിയപ്പോൾ രണ്ടാം സ്ഥാനക്കാരനായ കോൺഗ്രസിന്റെ വിഎസ് ശിവകുമാർ കഴിഞ്ഞ പ്രാവശ്യത്തെക്കാൾ നില മെച്ചപ്പെടുത്തി 41.64% വോട്ടുകൾ സ്വന്തമാക്കി. അതേസമയം ബിജെപി ക്ക് വേണ്ടി മത്സരിച്ച സികെ പദ്മനാഭനാകട്ടെ കഷ്ടിച്ചു 4.83% വോട്ടുകൾ മാത്രമാണ് കിട്ടിയത്.
ബിജെപിയുടെ വോട്ടുകൾ വെറും 36,690 മായി കുറഞ്ഞു. വ്യാപകമായി വോട്ടുകൾ മറിച്ചു വിറ്റു എന്ന ആരോപണം ബിജെപിയെ പിടിച്ചു കുലുക്കിയ നാളുകൾ ആയിരുന്നു അത്. ബിജെപി യുടെ സമുന്നത നേതാവായിരുന്ന പി പി മുകുന്ദനെതിരെ പാർട്ടിക്കകത്തു തന്നെ പലരും വിരൽ ചൂണ്ടിയ ദിനങ്ങൾ. 2009ൽ പികെ കൃഷ്ണദാസ് 11.40% വോട്ടായി ഉയർത്തി എങ്കിലും ബിജെപി യുടെ ഭാവി തിരുവനന്തപുരത്തു തീർന്നു എന്ന് പ്രവചിച്ചവരെ ഞെട്ടിച്ചുകൊണ്ട് ഒ.രാജാഗോപാൽ 2014ൽ 32.32% വോട്ടു നേടി രണ്ടാം സ്ഥാനത്തെത്തി. ശശി തരൂർ അന്ന് രാജഗാപ്പാലിനെതിരെ വെറും 15,470 വോട്ടിനാണ് വിജയിച്ചത്. ബിജെപിയെ സംബന്ധിച്ച് 'വിജയത്തിന് സമാനമായ തോൽവിയായിരുന്നു' അത്.
ആ ഇലക്ഷനിൽ കഴക്കൂട്ടം, വട്ടിയൂർക്കാവ്, തിരുവനന്തപുരം, നേമം എന്നീ 4 നിയമസഭാ മണ്ഡലങ്ങളിലും ബിജെപി ലീഡ് ചെയ്തു. ഈ നാലു മണ്ഡലങ്ങളിലും അന്ന് കോൺഗ്രസ് എംഎൽഎ മാർ ആയിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇടത് എംഎൽഎ മാർ ഉണ്ടായിരുന്ന പാറശാല, കോവളം, നെയ്യാറ്റിൻകര എന്നീ 3 മണ്ഡലങ്ങളിൽ കിട്ടിയ ലീഡ് കൊണ്ടാണ് ശശി തരൂർ അന്ന് വിജയിച്ചത്. കോൺഗ്രസുകാർ ശശി തരൂരിനെ കൈവിട്ട കാഴ്ചയാണ് അന്ന് കണ്ടത്. എങ്കിലും അദ്ദേഹം വിജയിച്ചു.
തിരുവനന്തപുരം പാർലിമെന്റ് മണ്ഡലത്തിലെ രാഷ്ട്രീയ മാറ്റം പ്രകടമായി പുറത്തുവന്ന ഇലക്ഷനായിരുന്നു അത്. കോൺഗ്രസ്സ് ഭൂരിപക്ഷമണ്ഡലങ്ങളിൽ പരമ്പരാഗത ഹിന്ദു കോൺഗ്രസ് വോട്ടുകൾ ബിജെപി രാഷ്ട്രീയത്തിലേക്ക് അടുക്കുകയും അതേസമയം കാലങ്ങളായി ഇടതു പക്ഷത്തു നിലയുറപ്പിച്ച വോട്ടർമാർ പാർലിമെന്റ് ഇലക്ഷനിൽ കോൺഗ്രസിനെ സഹായിക്കുന്നതു മായിരുന്നു ആ മാറ്റം. 2016ലെ നിയമസഭാ ഇലക്ഷൻ ഈ മാറ്റത്തിന്റെ കൃത്യമായ ഉദാഹരണമാണ്. അടിയുറച്ച കോൺഗ്രസ് മണ്ഡലമായ നേമം നിയോജക മണ്ഡലത്തിൽ കോൺഗ്രസിൽ നിന്നും 70% ത്തോളം വോട്ട് അന്ന് ബിജെപി പാളയത്തിലേക്ക് പോയി ഒ. രാജാഗോപാൽ ചരിത്രത്തിൽ ആദ്യമായി കേരളാ നിയമസഭയിൽ ബിജെപിയുടെ അക്കൗണ്ട് അതുവഴി തുറന്നു. 2019 ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ ശ്രീ.കുമ്മനം രാജശേഖരൻ 3,16,142 ആയി വോട്ട് ഉയർത്തിയെങ്കിലും ഒ . രാജാഗോപാൽ പാർലമെന്റ് മത്സരത്തിൽ 2014ൽ ബിജെപി ക്ക് വേണ്ടി നേടിയ വോട്ടിങ് ശതമാനത്തേക്കാൾ കുറവായിരുന്നു. എങ്കിലും 3 ലക്ഷത്തിൽ പരം വോട്ട് എന്ന മാജിക് ഫിഗറിൽ എത്താൻ ബിജെപിക്ക് കഴിഞ്ഞു.
ഇടതു സ്ഥാനാർത്ഥി മുൻ മന്ത്രിയും സിപിഐ നേതാവുമായിരുന്ന സി. ദിവാകരൻ ആയിട്ടും 25.60% വോട്ടുകൾ മാത്രമേ ഇടതു പക്ഷത്തിന് കിട്ടിയുള്ളൂ. പാർലമെന്റിൽ കോൺഗ്രസ് അനുകൂല നിലപാട് ഇടത് സഹയാത്രികർ തുടർന്നു എന്നാണ് ഇത് കാണിക്കുന്നത്. കൃത്യമായി പറഞ്ഞാൽ കഴിഞ്ഞ രണ്ടു ലോക്‌സഭാ ഇലക്ഷനുകൾ (2014,2019) നോക്കിയാൽ കോൺഗ്രസ്സും ബിജെപിയും തമ്മിലാണ് പ്രധാന മത്സരം എന്ന് പറയേണ്ടി വരും. കൊണ്‌ഗ്രെസ് വോട്ടുകൾ ബിജെപിയിലേക്ക് ചായുമ്പോൾ ഇടത് വോട്ടുകൾ കോൺഗ്രസിനെ താങ്ങി നിർത്തുന്നു എന്നുവേണം അനുമാനിക്കാൻ.
മണ്ഡലത്തിലെ ജാതി മത അനുപാതങ്ങൾ
തിരുവനന്തപുരം പാർലിമെന്റ് മണ്ഡലത്തിൽ 20 ലക്ഷത്തിനടുത്തു ജനങ്ങൾ ഉണ്ട്. ഇതിൽ 28% ജനങ്ങൾ നഗരങ്ങളിലും 72% നഗരത്തിനു പുറത്തുമായി ജീവിക്കുന്നു. ഇപ്പോഴത്തെ ലോക്‌സഭാ ഇലക്ഷനിൽ ആകെ പതിനാലു ലക്ഷത്തോളം വോട്ടർമാർ ഉള്ളതിൽ 66.5% പേരും ഹിന്ദുക്കൾ ആണ് ( 9.82% പട്ടിക ജാതിക്കാരും 0.45% പട്ടിക വർഗ്ഗക്കാരും ഉൾപ്പടെ ). 13.4% മുസ്ലിമുകളും 19.1% ക്രിസ്ത്യാനികളും ഉള്ള മണ്ഡലമാണ് തിരുവനന്തപുരം.