ഇന്ന് വാജ്പേയ് ജന്മദിനം

ചന്ദ്രകാന്ത് പി.ടി.
"ഈ ചെറുപ്പക്കാരൻ ഒരിക്കൽ ഇന്ത്യയുടെ പ്രധാനമന്ത്രിയാകും". അസാധാരണ ഭാഷാ ശൈലിയിൽ സ്വസിദ്ധമായ നർമ്മം ചേർത്ത് ഇന്ത്യയുടെ നീറുന്ന പ്രശ്നങ്ങൾ പാർലമെന്റിൽ അവതരിപ്പിച്ചുകൊണ്ട് പ്രസംഗിച്ച അടൽ ബിഹാരി വാജ്‌പേയ് യെ നോക്കിയാണ് ഭാരതത്തിന്റെ ആദ്യ പ്രധാനമന്ത്രി ശ്രീ ജവഹർലാൽ നെഹ്റു ഇങ്ങനെ പറഞ്ഞത്. 16 മെയ് 1996ൽ ആ പ്രവചനം യഥാർഥ്യമായി. വെറും 13 ദിവസം മാത്രമേ ഉണ്ടായിരുന്നുള്ളു എങ്കിലും കോൺഗ്രെസ്സുമായി ഒരു രീതിയിലും ഒരിക്കലും ബന്ധമില്ലായിരുന്ന ആദ്യ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തുകൊണ്ട് വാജ്പേയ് മാറി. അതൊരു ഒരു പുതു ചരിത്രമായിരുന്നു. 1996, 1998,1999 എന്നീ വർഷങ്ങളിലായി മൂന്ന് പ്രാവശ്യം അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയായി അവരോധിതനായി.
1964 മെയ് 27 ന് നെഹ്‌റുവിന്റെ മരണ വേളയിൽ വാജ്‌പേയി അദ്ദേഹത്തെ "അസാദ്ധ്യവും അചിന്തനീയവുമായവയുടെ സംഘാടകൻ" എന്ന് വിശേഷിപ്പിക്കുകയും ഹിന്ദു ദൈവമായ "രാമനോട്" നെഹ്രുവിനെ ഉപമിക്കുകയും ചെയ്തു. 1971ൽ പാകിസ്ഥന്റെ ഒരു ലക്ഷം പട്ടാളക്കാരെ തടവുകാരായി പിടിച്ചുകൊണ്ട് ആ രാജ്യത്തെ ഇന്ത്യയുടെ മുന്നിൽ അടിയറവ് പറയിച്ചപ്പോൾ "ഭാരതത്തിന്റെ ദുർഗ്ഗ" എന്നാണ് വാജ്പേയി ഇന്ദിരഗാന്ധിയെ പാർലമെന്റിൽ വച്ചു വിശേഷിപ്പിച്ചത്.
1924 മാർച്ച് 25 ന് യേശു ജനിച്ച അതേദിവസം മധ്യപ്രദേശിലെ ഗ്വോളിയാറിൽ ഭൂജാതനായ ശ്രീ.അടൽ ബിഹാരി വാജ്‌പേയി 1939ൽ ആർഎസ്എസിൽ ചേർന്നു. 1940ൽ ഒടിസി കഴിഞ്ഞു മുഴുവൻ സമയ ആർഎസ്എസ് പ്രചാരകനായി. ഈ കാലയളവിലും പഠനം തുടർന്നു. മൂന്ന് വിഷയങ്ങളിൽ ബിഎ ഡിഗ്രി കരസ്തമാക്കിയ അദ്ദേഹം പൊളിറ്റിക്കൽ സയൻസിൽ പോസ്റ്റ് ഗ്രാജുവേഷനും നേടി. "ദീൻ ദയാൽ ഉപാധ്യ"ക്കൊപ്പം കൂടി അദ്ദേഹത്തിന്റെ പത്ര സ്ഥാപനത്തിൽ പത്രപ്രവർത്തകനായും പണിയെടുത്തു. ഇതിനിടക്ക് 1942 ൽ ക്വിറ്റ് ഇന്ത്യ മൂവ്മെന്റിൽ പങ്കെടുത്തതിന് അദ്ദേഹത്തെയും മൂത്ത ജേഷ്ഠൻ പ്രേമിനെയും ഭൂവനേശ്വറിൽ വച്ചു പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലാക്കി. ആരും ക്വിറ്റ് ഇന്ത്യ മൂവ്മെന്റിൽ പങ്കെടുക്കരുത് എന്ന് ആർഎസ്എസ് ആഹ്വാനം ചെയ്ത കാലമായിരുന്നു അത്. ആർഎസ്എസ് മാത്രമല്ല ഇടതു മുന്നണികൾ ഉൾപ്പെടെ കോൺഗ്രസ്സ് ഇതര കക്ഷികൾ ആരും തന്നെ ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്തിരുന്നില്ല. "താൻ സമരത്തിൽ പങ്കെടുത്തിട്ടില്ല.. കാണികളിൽ ഒരാളായി നിന്നതേയുള്ളു " എന്ന് വാജ്‌പേയും ജേഷ്ഠനും എഴുതി കൊടുത്തത് കണക്കിലെടുത്ത് 24 ദിവസത്തിനു ശേഷം അവരെ ജയിൽ മോചിതരാക്കി.
1951 ൽ ശ്യാമപ്രസാദ് മുഖർജിയുടെ നേതൃത്വത്തിൽ ദീൻ ദയാൽ ഉപാധ്യക്ക് ഒപ്പം വാജ്‌പേയി (BJS) ഭാരതീയ ജന സംഘം രൂപീകരണത്തിൽ പങ്കാളിയായി. ദീൻ ദയാലിന്റെ കാലശേഷം അദ്ദേഹം ജനസംഘത്തിന്റെ അധ്യക്ഷനായി.1957 ലെ ഇലക്ഷനിൽ ജനസംഘത്തിന്റെ എംപിയായി ആദ്യം ലോക്സഭയിൽ എത്തി. അകെ 10 പ്രാവശ്യം ലോക്സഭയിലും 2 പ്രാവശ്യം രാജ്യസഭയിലും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
1975ൽ അടിയന്തരാവസ്ഥ സമയത്ത് ജയിലിൽ ആയിരുന്ന വാജ്‌പേയി, ലോക് നായ്ക് ജയപ്രകാശ് നാരായണന്റെ ആഹ്വാനത്തെ തുടർന്ന് കോൺഗ്രസിനെതിരെ ഒരു പാർട്ടി എന്ന സങ്കല്പത്തിനായി ജനസംഘത്തെ ജനതാ പാർട്ടിയിൽ ലയിപ്പിച്ചു. 1977ൽ അധികാരത്തിൽ വന്ന മോറാർജി മന്ത്രിസഭയിൽ വിദേശകാര്യമന്ത്രി എന്ന നിലയിൽ ലോകശ്രദ്ധ അദ്ദേഹം നേടി. എന്നാൽ "ദ്വ മെമ്പർഷിപ്" വിഷയത്തിൽ 1979 ൽ അധികാരത്തിൽ നിന്നും പുറത്തുപോയ മോറാർജി മന്ത്രി സഭക്ക് ശേഷം പഴയ ജനസംഘം ജാതപാർട്ടിയിൽ നിന്നു വിട്ടു നിന്നു. തുടർന്ന് 1980ൽ വാജ്‌പേയി അധ്യക്ഷൻ ആയി ഭാരതീയ ജനതാ പാർട്ടി (BJP ) എൽകെ അദ്വാനിക്കൊപ്പം അദ്ദേഹം കെട്ടിപ്പടുത്തു.
ആദ്യമായി പ്രധാനമന്ത്രിയായി കാലാവധി പൂർത്തീകരിച്ച കോൺഗ്രസ്സ് ഇതര പ്രധാനമന്ത്രിയും വാജ്പേയ് ആണ്. അദ്ദേഹം രണ്ടാമത് പ്രധാനമന്ത്രി ആയിരുന്ന 1998 ൽ കാലഘട്ടത്തിലാണ് (pokran II, )ഇന്ത്യയുടെ രണ്ടാമത്തെ അണുബോംബ് പരീക്ഷിച്ചത്. (1974ൽ ആണ് രാജസ്ഥാനിലെ പൊക്രാനിൽ ഇന്ദിരഗാന്ധി ആദ്യമായി അണു പരീക്ഷണം നടത്തിയത് ) 1999 ആയപ്പോഴേക്കും കാർഗിൽ യുദ്ധം ഉണ്ടായി. അതിനേയും അദ്ദേഹം അതിജീവിച്ചു. എന്നാൽ ഘടകകക്ഷി ആയിരുന്ന എഐഎഡിഎംകെ പിന്തുണ പിൻവലിച്ചത്തോട് കൂടി ആ മന്ത്രി സഭ വീണു. തുടർന്ന് വന്ന ഇലക്ഷനിൽ മികച്ച വിജയം കരസ്തമാക്കി വാജ്പേയ് അധികാരത്തിൽ തിരിച്ചുവന്നു. 2004 വരെ ആസ്ഥാനത്തു തുടർന്നു. ഈ കാലഘട്ടത്തിലാണ് 2001ൽ ഇന്ത്യൻ പാർലിമെന്റിനു നേരേ ഭീകരക്രമണം ഉണ്ടായത്. 2002 ൽഗുജറാത്ത് കലാപ സമയത്തും ഇന്ത്യൻ പ്രധാനമന്ത്രി വാജ്പേയ് ആയിരുന്നു.
മൂന്നാമത് പ്രാവശ്യം പ്രധാനമന്ത്രിയായ 1999ൽ തന്നെയാണ് NHDP (national hyway development project ) ആരംഭിച്ചത്. സുവർണ്ണ ഇടനാഴി എന്ന പേരിൽ ഡൽഹി, കൽക്കട്ട,ബോംബെ, ചെന്നൈ എന്നീ നഗരങ്ങളെ ബന്ധിപ്പിച്ച് ദേശീയ പാത ഉണ്ടാക്കിയത് അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തിന്റെ ഉദാഹരണമാണ്. ഇന്ന് രാജ്യത്തെ എല്ലാ റോഡ് വികസനത്തിന്റെയും തുടക്കം അവിടെനിന്നാണ്. കടൽ മാർഗ്ഗമുള്ള ചരക്ക് കടത്തു എളുപ്പമാക്കാനും ചിലവ് കുറക്കാനുമായി "സേതു സമുദ്രം പ്രൊജക്റ്റ് " കൊണ്ട് വന്നെങ്കിലും ബിജെപി യിലെ തന്നെ എതിർപ്പിനെതുടർന്ന് ഉപേക്ഷിക്കേണ്ടി വന്നു. രാജ്യത്തെ നദികളെ യോജിപ്പിക്കുന്ന പദ്ധതിയും അദ്ദേഹത്തിന്റെ തന്നെ. നരസിംഹറാവു തുടങ്ങിവച്ച ഡിസ്ഇൻവെസ്റ്റ്മെന്റ് പൂർവാധികം ഭംഗിയായി അദ്ദേഹം നടപ്പിലാക്കി..റാവു കൊണ്ടുവന്ന പുത്തൻ സാമ്പത്തിക നയങ്ങളും വാജ്പേയ് തുടർന്നു.
അവസനാകാലഘട്ടമായപ്പോൾ അസുഖബാധിതനായ വാജ്പെയി രാഷ്ട്രീയത്തിൽ നിന്നും വിരമിച്ചു. കടുത്ത അല്‍ഷിമേഴ്‌സ് രോഗം ബാധിച്ച അദ്ദേഹം 2018 ഓഗസ്റ്റ് 16 ന് ഇഹലോകാവസാനം വെടിഞ്ഞു. ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒരു കൊടുംങ്കാറ്റായ് മാറ്റങ്ങളുടെ കാഹളം മുഴക്കിയ നേതാവാണ് വിജ്ഞാനിയും, കവിയും, സഹൃദയനും, ധീഷണാ ശാലിയുമായിരുന്നു വാജ്പേയി എന്ന മഹാ മേരു. ഇന്ന് അദ്ദേഹത്തിന്റെ ജന്മദിനമാണ്.