'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ' ട്രെയ്‌ലർ പുറത്തിറങ്ങി; ചിത്രം സെപ്റ്റംബർ 18-ന് തിയേറ്ററുകളിൽ
സംഗീത് പ്രതാപ്, ഷറഫുദീൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാമിൻ ഗിരീഷ് സംവിധാനം ചെയ്യുന്ന 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ' എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവന്നു. ചിത്രം സെപ്റ്റംബർ 18-ന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും. ഡോക്ടർ പോൾസ് എന്റർടൈൻമെന്റ്, ഡ്രീം ബിഗ് ഫിലിംസ് എന്നിവയുടെ ബാനറിൽ ഡോക്ടർ പോൾ വർഗീസ്, സുജിത് ജെ. നായർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
കോമയിൽ നിന്ന് ഉണരുന്ന പ്രധാന കഥാപാത്രത്തിന് അസാധാരണമായ കേൾവിശക്തി ലഭിക്കുന്നതും തുടർന്നുണ്ടാകുന്ന രസകരമായ സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. നടി നിലീൻ സാന്ദ്ര കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയ ചിത്രത്തിൽ അഖില ഭാർഗവനാണ് നായിക. കോട്ടയം നസീർ, ആനന്ദ് മന്മഥൻ, കിരൺ പീതാംബരൻ, പാർവ്വതി ആർ. കൃഷ്ണ തുടങ്ങിയ വലിയ താരനിരയും അണിനിരക്കുന്നുണ്ട്.
അഖിൽ സേവ്യർ ഛായാഗ്രഹണവും രാകേഷ് ചെറുമഠം എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. മുജീബ് മജീദ് സംഗീതവും നിക്സൺ ജോർജ് സൗണ്ട് ഡിസൈനും കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ ഓഡിയോ അവകാശം തിങ്ക് മ്യൂസിക്കും വിതരണാവകാശം ഡ്രീം ബിഗ് ഫിലിംസുമാണ് സ്വന്തമാക്കിയത്. 'ദി പ്ലോട്ട് പിക്ചേഴ്‌സ്' ആണ് ചിത്രം വിദേശത്ത് തിയേറ്ററുകളിൽ എത്തിക്കുന്നത്.
