അബുദാബിയിലും ഷാർജയിലും സൗജന്യ പാർക്കിങ് ഉൾപ്പെടെ ഇളവുകൾ പ്രഖ്യാപിച്ചു
പെരുന്നാൾ(ഈദുൽ ഫിത്ർ) പ്രമാണിച്ച് അബുദാബിയിലും ഷാർജയിലും സൗജന്യ പാർക്കിങ് പ്രഖ്യാപിച്ചു. അബുദാബിയിൽ ഈ മാസം 19 മുതൽ 22 വരെ തുടർച്ചയായ നാല് ദിവസമാണ് പാർക്കിങ് സൗജന്യമായിരിക്കുക. ഇതോടൊപ്പം ‘ദർബ്’ ടോൾ ഗേറ്റുകളിലും ഈ ദിവസങ്ങളിൽ ചാർജ് ഈടാക്കില്ലെന്ന് ഇതു കൈകാര്യം ചെയ്യുന്ന ക്യു മൊബിലിറ്റി അറിയിച്ചു. 23 മുതൽ പാർക്കിങ് ഫീസും ടോൾ നിരക്കുകളും സാധാരണ നിലയിലാകും.അബുദാബിയിലെയും അൽ ഐനിലെയും ഡ്രൈവിങ് ആന്റ് വെഹിക്കിൾ ലൈസൻസിങ് സെന്ററുകൾ വ്യാഴം മുതൽ ഞായർ വരെ പ്രവർത്തിക്കില്ല. തിങ്കളാഴ്ച മുതൽ ഈ കേന്ദ്രങ്ങൾ സാധാരണ പ്രവൃത്തി സമയക്രമം പിന്തുടരും. റമസാന് ശേഷം വരുന്ന പെരുന്നാൾ അവധി ആഘോഷിക്കാൻ ഒരുങ്ങുന്നവർക്ക് ഈ ഇളവുകൾ വലിയ ആശ്വാസമാകും. നേരിട്ടുള്ള സേവനങ്ങൾ അവധിയാണെങ്കിലും ക്യു മൊബിലിറ്റിയുടെ വെബ്സൈറ്റ്, ദർബ് ആപ്പ്, താം (TAMM) പ്ലാറ്റ്‌ഫോം എന്നിവ വഴി 24 മണിക്കൂറും ഡിജിറ്റൽ സേവനങ്ങൾ ലഭ്യമായിരിക്കും.
ഷാർജയിൽ പെരുന്നാളിന്റെ ആദ്യ മൂന്ന് ദിവസങ്ങളിലാണ് പൊതു പാർക്കിങ് സൗജന്യമായി നൽകുന്നത്. എന്നാൽ ആഴ്ചയിൽ എല്ലാ ദിവസവും (നീല ബോർഡുകൾ സ്ഥാപിച്ച) സോണുകളിൽ ഫീസ് ബാധകമാണെന്നും ഈ ഇളവ് ലഭിക്കില്ലെന്നും ഷാർജ മുനിസിപ്പാലിറ്റി വ്യക്തമാക്കിയിട്ടുണ്ട്. പെരുന്നാൾ പ്രമാണിച്ച് രാജ്യത്തെ പൊതു-സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് ദീർഘമായ അവധിയാണ് ലഭിക്കുന്നത്. ശവ്വാൽ മാസപ്പിറവി നിരീക്ഷിക്കുന്നതിനായുള്ള സമിതി ഇന്ന് യോഗം ചേരുന്നതോടെ പെരുന്നാൾ എന്നാണെന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമുണ്ടാകും. മാസപ്പിറവി ദൃശ്യമായാൽ വ്യാഴാഴ്ചയും ഇല്ലെങ്കിൽ വെള്ളിയാഴ്ചയുമായിരിക്കും പെരുന്നാൾ ആഘോഷം.
