ദുബൈയിൽ കരാറുകാരുടെ റേറ്റിങ്ങിന് പുതിയ സംവിധാനം

എമിറേറ്റിലെ നിർമാണ മേഖലയിലെ കരാറുകാരുടെ റേറ്റിങ്ങിന് പുതിയ സംവിധാനം വരുന്നു. പുതുക്കിയ കോൺട്രാക്ടർ, എൻജിനീയറിങ് കൺസൽട്ടൻസി റേറ്റിങ് സിസ്റ്റം അടുത്തവർഷം മുതൽ നടപ്പാക്കുമെന്ന് ദുബൈ മുനിസിപ്പാലിറ്റി അറിയിച്ചു. കരാറുകാരുടെയും എൻജിനീയറിങ് സ്ഥാപനങ്ങളുടെയും പ്രകടനം വിലയിരുത്തുന്നതിന് കൂടുതൽ കൃത്യവും സംയോജിതവുമായ ചട്ടക്കൂട് നടപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സംവിധാനം രൂപപ്പെടുത്തിയത്.
ദുബൈയിലെ നിർമാണ, നഗരവികസന മേഖലയെ കൂടുതൽ സുസ്ഥിരവും, ആഗോളതലത്തിൽ മത്സരക്ഷമതയുള്ളതുമാക്കി മാറ്റാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് പുതിയ മാനദണ്ഡങ്ങളെന്ന് അധികൃതർ വെളിപ്പെടുത്തി. പ്രകടനം വിലയിരുത്തുന്നതിന് വ്യത്യസ്തമായ മാനദണ്ഡങ്ങളും രീതികളും ഉൾപ്പെടുത്തിയാണ് പുതിയ സംവിധാനം നിലവിൽവരുക. സ്ഥാപനങ്ങളുടെ സാങ്കേതിക കഴിവ്, പദ്ധതി നിർവഹണ ഗുണനിലവാരം, മാനദണ്ഡങ്ങൾ പാലിക്കൽ, സുസ്ഥിരത രീതികളുടെ ഉപയോഗം എന്നിവ കൃത്യമായി വിലയിരുത്താൻ ഇതിലൂടെ സാധിക്കും.
സാമ്പത്തിക സ്ഥിരത, സ്വദേശിവത്കരണ നിരക്ക്, സാമൂഹിക ഉത്തരവാദിത്തം, സമയബന്ധിതമായ പദ്ധതി നിർവഹണം, നൂതന സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നത് തുടങ്ങിയ മേഖലകളെ പുതിയ സംവിധാനത്തിൽ വിലയിരുത്തും. അതോടൊപ്പം പ്രോപർട്ടി ഉടമകളുടെ അഭിപ്രായങ്ങളും ഇതിൽ പരിഗണിക്കും.
കരാർ കമ്പനികളുമായും കൺസൽട്ടിങ് സ്ഥാപനങ്ങളുമായും സഹകരിച്ചാണ് പുതിയ മൂല്യനിർണയ മാനദണ്ഡങ്ങൾ വികസിപ്പിക്കുക. സംവിധാനം ഔദ്യോഗികമായി അംഗീകരിക്കുന്നതിനുമുമ്പ് അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിക്കാൻ മീറ്റിങ്ങുകളും സംഘടിപ്പിക്കും. കെട്ടിടങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും ആഗോള മത്സരശേഷി വർധിപ്പിക്കുന്നതിനുമുള്ള ദുബൈ മുനിസിപ്പാലിറ്റിയുടെ പ്രതിബദ്ധതയാണ് പുതിയ സംവിധാനം ഉറപ്പിക്കുന്നതെന്ന് മുനിസിപ്പാലിറ്റിയിലെ ബിൽഡിങ് റെഗുലേഷൻ ആൻഡ് ലൈസൻസിങ് ഏജൻസി സി.ഇ.ഒ എൻജിനീയർ മർയം ഉബൈദ് അൽ മുഹൈരി പറഞ്ഞു.
അതിനിടെ എമിറേറ്റിലെ രണ്ട് എൻജിനീയറിങ് കൺസൽട്ടൻസി സ്ഥാപനങ്ങളെ ആറ് മാസത്തേക്ക് സസ്‌പെൻഡ് ചെയ്തായി ദുബൈ മുനിസിപ്പാലിറ്റി അറിയിച്ചു. ലൈസൻസിങ് ആൻഡ് പ്രഫഷനൽ പ്രാക്ടീസ് രജിസ്‌ട്രേഷൻ കമ്മിറ്റിയാണ് നടപടി സ്വീകരിച്ചത്. സസ്‌പെൻഷൻ കാലയളവിൽ പുതിയ പദ്ധതികളുടെ അനുമതി ഈ സ്ഥാപനങ്ങൾക്ക് ലഭിക്കില്ല. നടപടി നേരിട്ട സ്ഥാപനങ്ങളുടെ പേര് വെളിപ്പെടുത്തിയിട്ടില്ല.