ഭീകരവാദത്തിനെതിരെ ശക്തമായ നിലപാട് തുടരുമെന്ന് യുഎഇ
ഭീകരവാദത്തിനെതിരെ ശക്തമായ നിലപാട് തുടരുമെന്ന് യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ വ്യക്തമാക്കി. രാജ്യത്തിന്റെ സുസ്ഥിരതയും ഐക്യവും തകർക്കാൻ ലക്ഷ്യമിട്ടുള്ള ഭീകരവാദ ഗൂഢാലോചന തകർത്ത പശ്ചാത്തലത്തിൽ, കുവൈത്ത് വിദേശകാര്യ മന്ത്രി ഷെയ്ഖ് ജറഹ് ജാബർ അൽ അഹമ്മദ് അൽ സബാഹുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.യുഎഇയുടെ സുരക്ഷയ്ക്കും പരമാധികാരത്തിനും ഭീഷണിയാകുന്ന ഏത് നീക്കത്തെയും വിട്ടുവീഴ്ചയില്ലാതെ നേരിടുമെന്ന് ഷെയ്ഖ് അബ്ദുല്ല ഊന്നിപ്പറഞ്ഞു. ഭീകരവാദത്തിന് മതമോ ജാതിയോ ഇല്ലെന്നും അത് മാനുഷിക മൂല്യങ്ങളിൽ നിന്നുള്ള അപകടകരമായ വ്യതിചലനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഎഇക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച കുവൈത്തിന്റെ നിലപാടിന് അദ്ദേഹം നന്ദി അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ സാഹോദര്യ ബന്ധം ഈ ഐക്യദാർഢ്യത്തിലൂടെ ഒരിക്കൽ കൂടി വ്യക്തമായതായി അദ്ദേഹം പറഞ്ഞു.
പ്രാദേശികവും അന്തർദ്ദേശീയവുമായ സമാധാനം ഉറപ്പാക്കാൻ ഭീകരവാദത്തിന്റെ വേരുകൾ പിഴുതെറിയണമെന്നും ഇതിനായി ആഗോളതലത്തിൽ സഹകരണം ശക്തമാക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഇരുനൂറിലേറെ ദേശീയതയിലുള്ളവർ സമാധാനത്തോടെയും ഐക്യത്തോടെയും കഴിയുന്ന യുഎഇ, ലോകത്തിന് എന്നും സഹിഷ്ണുതയുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ഉത്തമ മാതൃകയായി തുടരുമെന്ന് ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് ഉറപ്പിച്ചു നൽകി. പ്രാദേശികമായ സുരക്ഷാ വിഷയങ്ങളും രാജ്യാന്തര സമാധാനം നിലനിർത്താനുള്ള ശ്രമങ്ങളും ചർച്ചയിൽ വിഷയമായി.
