ഫ്രാൻസിലെ കലാപത്തിന് കാരണം കുടിയേറ്റമെന്ന് ഡൊണാൾഡ് ട്രംപ്; ഇമ്മാനുവൽ മാക്രോണിന് മുന്നറിയിപ്പ് നൽകിയിരുന്നതായി അവകാശവാദം

  1. Home
  2. International

ഫ്രാൻസിലെ കലാപത്തിന് കാരണം കുടിയേറ്റമെന്ന് ഡൊണാൾഡ് ട്രംപ്; ഇമ്മാനുവൽ മാക്രോണിന് മുന്നറിയിപ്പ് നൽകിയിരുന്നതായി അവകാശവാദം


ഫ്രാൻസിൽ പടർന്നുപിടിക്കുന്ന അക്രമസംഭവങ്ങൾക്കും അശാന്തിക്കും കാരണം കുടിയേറ്റമാണെന്ന വാദം ആവർത്തിച്ച് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ലോകമെമ്പാടുമുള്ള ആളുകളെ രാജ്യത്തേക്ക് കടന്നുപോകാൻ അനുവദിക്കുന്നത് വൻ അപകടമാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന് താൻ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും വാഷിങ്ടണിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ട്രംപ് അവകാശപ്പെട്ടു.

ഫ്രാൻസിൽ നിലവിൽ നടക്കുന്നത് സർക്കാരിനെതിരായ സാധാരണ പ്രതിഷേധമല്ലെന്നും കുടിയേറ്റത്തിന്റെ വിനാശകരമായ ഫലമാണെന്നും ട്രംപ് പറഞ്ഞു. കുടിയേറ്റ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കുകയും കുറ്റവാളികളായ വിദേശികളെ പുറത്താക്കുകയും ചെയ്തില്ലെങ്കിൽ യൂറോപ്പ് തകർച്ച നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജീവിതച്ചെലവ് വർധിക്കുന്നതിലും വിദ്യാലയങ്ങൾക്കുള്ള ഫണ്ട് വെട്ടിക്കുറച്ചതിലും പ്രതിഷേധിച്ച് വിദ്യാർഥികൾ ആരംഭിച്ച പ്രക്ഷോഭമാണ് ഫ്രാൻസിൽ വൻ തോതിലുള്ള അക്രമങ്ങളിലേക്ക് വഴിമാറിയത്. ശനിയാഴ്ച നടന്ന പ്രതിഷേധത്തിൽ അഞ്ച് ലക്ഷത്തോളം ആളുകൾ തെരുവിലിറങ്ങി. മാസ്ക് ധരിച്ചെത്തിയ പ്രതിഷേധക്കാർ പോലീസുമായി ഏറ്റുമുട്ടുകയും പൊതുകെട്ടിടങ്ങൾ തകർക്കുകയും കടകൾ കൊള്ളയടിക്കുകയും ചെയ്തതോടെ പാരിസിലെ പ്രസിദ്ധമായ ലൂവ്ര് മ്യൂസിയം അടച്ചുപൂട്ടി. നിലവിലെ സ്ഥിതി കണക്കിലെടുത്ത് പാരിസ്, ലില്ലെ, ലിയോൺ തുടങ്ങിയ നഗരങ്ങളിൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്.