അബൂദബിയിൽ 965 ഇരുചക്ര വാഹനങ്ങൾ പിടിച്ചെടുത്തു

അബൂദബിയിൽ അലക്ഷ്യമായി ഉപേക്ഷിക്കപ്പെട്ട 965 ഇരുചക്രവാഹനങ്ങൾ അബൂദബി സിറ്റി മുനിസിപ്പാലിറ്റി പിടിച്ചെടുത്തു. നഗരഭംഗി കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് 922 സൈക്കിളുകളും 43 ഇലക്ട്രിക് ബൈക്കുകളും പിടിച്ചെടുത്തത്.
അബൂദബി, അല്‍ ദാന, അല്‍ ഹൊസന്‍, അല്‍ മുഷ് രിഫ്, സായിദ് പോര്‍ട്ട്, അല്‍ റീം ഐലന്‍ഡ്, സഅദിയാത്ത് ഐലന്‍ഡ്, അല്‍ മറിയ ഐലന്‍ഡ്, അല്‍ ഹുദൈരിയാത്ത് എന്നിവിടങ്ങളിലാണ് അബൂദബി സിറ്റി മുനിസിപ്പാലിറ്റിയും എമിറേറ്റ്സ് ഓക്ഷനും ചേര്‍ന്ന് സംയുക്ത പരിശോധന നടത്തിയത്. പൊതുശുചിത്വ മാനദണ്ഡം ലംഘിച്ച മോട്ടോര്‍ സൈക്കിള്‍ ഉടമകള്‍ക്ക് പിഴ ചുമത്തി.
നഗരഭംഗി പരിപാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് മുനിസിപ്പാലിറ്റി എമിറേറ്റിലുടനീളം ബോധവത്കരണം നടത്തിവരുകയാണ്. സൈക്കിളുകളും ഇലക്ട്രിക് ബൈക്കുകളും പൊതുയിടങ്ങളില്‍ ഉപേക്ഷിക്കുന്ന പ്രവണതക്കെതിരെയും അധികൃതര്‍ ബോധവത്കരണം നടത്തിയിരുന്നു.
പൊതു ഇടങ്ങളില്‍ വൃത്തിഹീനമായ നിലയില്‍ കാറുകള്‍ നിര്‍ത്തുന്നതിനെതിരെ പിഴ ചുമത്തുന്ന നിയമം മാര്‍ച്ചില്‍ അബൂദബി നഗര ഗതാഗത വകുപ്പ് അവതരിപ്പിച്ചിരുന്നു. ആദ്യ തവണത്തെ നിയമലംഘനത്തിന് 500 ദിര്‍ഹവും തുടര്ലംഘനത്തിന് 1000 ദിര്‍ഹവും പിന്നീടുള്ള നിയമലംഘനത്തിന് 2000 ദിര്‍ഹവുമാണ് പിഴ ചുമത്തുക.