രഞ്ജി ട്രോഫി ഫൈനൽ; സച്ചിന്‍ ബേബിയുടെ വിക്കറ്റ് വീണു, സെഞ്ചുറി നഷ്ടം, ഒന്നാം ഇന്നിംഗ്‌സ് ലീഡിനരികെ കേരളം

  1. Home
  2. Kerala

രഞ്ജി ട്രോഫി ഫൈനൽ; സച്ചിന്‍ ബേബിയുടെ വിക്കറ്റ് വീണു, സെഞ്ചുറി നഷ്ടം, ഒന്നാം ഇന്നിംഗ്‌സ് ലീഡിനരികെ കേരളം

sachin babey


 

രഞ്ജി ട്രോഫി ഫൈനലില്‍ വിദര്‍ഭയ്‌ക്കെതിരെ കേരളാ താരം സച്ചിന്‍ ബേബിക്ക് സെഞ്ചുറി നഷ്ടം. 98 റണ്‍സുമായി ക്രീസില്‍ നില്‍ക്കെ കേരള  ക്യാപ്റ്റന്‍ പുറത്താവുകയായിരുന്നു. സച്ചിന്‍ ബേബിയുടെ ഇന്നിംഗ്‌സിന്റെ കരുത്തില്‍ ഒന്നാം ഇന്നിംഗ്‌സ് ലീഡിനരികിലേക്ക് നീങ്ങുകയാണ് കേരളം. വിദര്‍ഭയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 379നെതിരെ മൂന്നാം ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 337 റണ്‍സെടുത്തിട്ടുണ്ട് കേരളം. നാഗ്പൂര്‍, വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ പുരോഗമിക്കുന്ന മത്സരത്തില്‍ ഇപ്പോള്‍ 42 റണ്‍സ് മാത്രം പിറകില്‍. ജലജ് സക്‌സേന (28), ഏദന്‍ ആപ്പില്‍ ടോം (6) എന്നിവര്‍ ക്രീസിലുണ്ട്. മൂന്നിന് 131 എന്ന നിലയില്‍ ഇന്ന് ബാറ്റിംഗ് ആരംഭിച്ച കേരളത്തിന് സച്ചിന്‍ ബേബിയെ കൂടാതെ ആദിത്യ സര്‍വാതെ (79), സല്‍മാന്‍ നിസാര്‍ (21), മുഹമ്മദ് അസറുദ്ദീന്‍ (34) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്.

വ്യക്തിഗത സ്‌കോറിലേക്ക് 13 റണ്‍സ് കൂടി ചേര്‍ത്താണ് ആദിത്യ ഇന്ന് മടങ്ങുന്നത്. ഹര്‍ഷ് ദുബെയുടെ പന്തില്‍ ഡാനിഷ് മലേവാറിന് ക്യാച്ച് നല്‍കിയാണ് മടക്കം. 10 ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്. വൈകാതെ സച്ചിന്‍ ബേബി അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. ഇതുവരെ ആറ് ബൗണ്ടറികള്‍ അദ്ദേഹം നേടിയിട്ടുണ്ട്. എന്നാല്‍ ലഞ്ചിന് മുമ്പുള്ള അവസാന പന്തില്‍ സല്‍മാന്‍ മടങ്ങിയത് കേരളത്തിന് തിരിച്ചടിയായി. ഹര്‍ഷ് ദുബയെുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. എന്നാല്‍ സച്ചിന്‍ ബേബിയുടെ വിക്കറ്റാണ് കേരളത്തിന് വലിയ തിരിച്ചടിയായത്. പാര്‍ത്ഥ് രെഖാതെയ്‌ക്കെതിരെ സിക്‌സടിക്കാന്‍ ശ്രമിക്കുമ്പോള്‍ കരുണ്‍ നായര്‍ക്ക് ക്യാച്ച് നല്‍കുകയായിരുന്നു അദ്ദേഹം. അതുവരെ ശാന്തമായി കളിച്ച സച്ചിന്‍ ബേബി 10 ബൗണ്ടറികള്‍ നേടിയിരുന്നു.

ഓപ്പണര്‍മാരായ രോഹന്‍ കുന്നുമ്മലിന്റെയും അക്ഷയ് ചന്ദ്രന്റെയും അഹമ്മദ് ഇമ്രാന്റെയും വിക്കറ്റുകളാണ് കേരളത്തിന് രണ്ടാം ദിനം നഷ്ടമായത്. വിദര്‍ഭക്കായി ദര്‍ശന്‍ നാല്‍ക്കണ്ഡെ മൂന്നും ഹര്‍ഷ് ദുബെ രണ്ടും വിക്കറ്റ് നേടി. കേരളത്തിന് ആദ്യ ഓവറില്‍ തന്നെ തിരിച്ചടിയേറ്റിരുന്നു. ദര്‍ശന്‍ നാല്‍ക്കണ്ഡെയുടെ ഓവറിലെ അഞ്ചാം പന്തില്‍ രോഹന്‍ കുന്നുമ്മല്‍ (0) ബൗള്‍ഡായി. തന്റെ രണ്ടാം ഓവറിലും വിക്കറ്റ് വീഴ്ത്തിയ നാല്‍ക്കണ്ഡെ കേരളത്തെ ബാക്ക് ഫൂട്ടിലാക്കി. 11 പന്തില്‍ മൂന്ന് ബൗണ്ടറികള്‍ സഹിതം 14 റണ്‍സെടുത്ത അക്ഷയ് ചന്ദ്രനെയാണ് നാല്‍ക്കണ്ഡെ മടക്കിയത്. ഇതോടെ രണ്ടിന് 14 എന്ന നിലയിലേക്ക് വീണു കേരളം. എന്നാല്‍ അഹമ്മദ് ഇമ്രാനെ കൂട്ടുപിടിച്ച് മുന്‍ വിദര്‍ഭ താരം കൂടിയായ ആദിത്യ സര്‍വാതെ പൊരുതിയതോടെ കേരളം ഭേദപ്പെട്ട സ്‌കോറിലെത്തി. 90 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച സര്‍വാതെ അഹമ്മദ് ഇമ്രാനുമൊത്ത് മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ 93 റണ്‍സ് കൂട്ടിച്ചേര്‍ത്ത് കേരളത്തെ 100 കടത്തി. എന്നാല്‍ തൊട്ടുപിന്നാലെ അഹമ്മദ് ഇമ്രാനെ(37) പുറത്താക്കി യാഷ് താക്കൂര്‍ വിദര്‍ഭയ്ക്ക് ബ്രേക്ക് ത്രൂ നല്‍കി.  

നേരത്തെ നാല് വിക്കറ്റിന് 254 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച വിദര്‍ഭയെ 379 റണ്‍സിന് പുറത്താക്കിയാണ് കേരളം ശക്തമായി തിരിച്ചുവന്നത്. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ എം ഡി നിധീഷും ഏദന്‍ ആപ്പിള്‍ ടോമും  രണ്ട് വിക്കറ്റെടുത്ത എന്‍ പി ബേസിലും ഒരു വിക്കറ്റെടുത്ത ജലജ് സക്‌സേനയുമാണ് കേരളത്തിന്റെ തിരിച്ചുവരവിന് നേതൃത്വം നല്‍കിയത്. രണ്ടാം ദിനം തുടക്കത്തിലെ ബ്രേക്ക് ത്രൂ നേടിയാണ് കേരളം മത്സരത്തില്‍ തിരിച്ചെത്തിയത്. വിദര്‍ഭയുടെ സെഞ്ചുറിവീരന്‍ ഡാനിഷ് മലേവാറിനെ എന്‍ പി ബേസില്‍ ബൗള്‍ഡാകകുകയായിരുന്നു. 285 പന്തുകള്‍ നേരിട്ട മലേവാര്‍ 15 ബൗണ്ടറികളും മൂന്ന് സിക്സറുകളും സഹിതം 153 റണ്‍സെടുത്താണ് മടങ്ങിയത്.