യുദ്ധക്കളമായി കേരള സർവകലാശാല; എസ് എഫ് ഐ-കെ എസ് യു സംഘർഷം

തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പിനെ ചൊല്ലിയുണ്ടായ സംഘർഷത്തിൽ പരസ്പരം ആരോപണ പ്രത്യാരോപണവുമായി കെഎസ്‌യുവും എസ്എഫ്‌ഐയും. പൊലീസ് ലാത്തിചാർജിൽ എസ്എഫ്‌ഐ പ്രവർത്തകർക്കും കെഎസ്‌യു പ്രവർത്തകർക്കും പരിക്കേറ്റു. സെനറ്റിലും സ്റ്റുഡൻറ് കൗൺസിലിലും കെഎസ്‌യുവിൻറെ സ്ഥാനാർത്ഥികൾ വിജയിച്ചതിൽ പ്രകോപിതരായാണ് എസ്എഫ്‌ഐ പ്രവർത്തകർ അക്രമം നടത്തിയതെന്നാണ് കെഎസ്‌യുവിൻറെ ആരോപണം.
അതേസമയം, സർവകലാശാല ക്യാമ്പസിന് പുറത്ത് നിന്ന് കെഎസ്‌യു പ്രവർത്തകരടക്കം കല്ലേറ് നടത്തുകയായിരുന്നുവെന്നും എസ്എഫ്‌ഐയ്ക്കുനേരെ ആക്രമണം നടത്തുകയായിരുന്നുവെന്നുമാണ് എസ്എഫ്‌ഐ പ്രവർത്തകരുടെ ആരോപണം. കെഎസ്‌യുവിൻറെ ആഹ്ലാദ പ്രകടനത്തിനിടെ എസ്എഫ്‌ഐ പ്രവർത്തകർ ക്യാമ്പസിനുള്ളിൽ നിന്ന് കല്ലെറിഞ്ഞുവെന്നാണ് കെഎസ്‌യു നേതാക്കാൾ ആരോപിക്കുന്നത്.
13 വർഷത്തിനുശേഷം വൈസ് ചെയർപേഴ്‌സണൻ സ്ഥാനത്തേക്കും നാലു പേർ എക്‌സിക്യൂട്ടീവിലും കെഎസ്‌യു പ്രതിനിധികൾ ജയിച്ചു. ഇതിലടക്കം പ്രകോപിതരായി സെനറ്റ് തെരഞ്ഞെടുപ്പിൻറെ വോട്ടെണ്ണൽ അട്ടിമറിക്കാൻ എസ്എഫ്‌ഐ മനപൂർവം സംഘർഷമുണ്ടാക്കുകയായിരുന്നുവെന്ന് കെഎസ്‌യു ആരോപിച്ചു. നിലവിൽ സർവകലാശാലക്കുള്ളിൽ എസ്എഫ്‌ഐയും പുറത്ത് കെഎസ്‌യുവും പ്രതിഷേധിക്കുകയാണ്. കനത്ത സുരക്ഷയിൽ വോട്ടെണ്ണലും തുടരുകയാണ്.
പൊലീസുകാർ ഹെൽമറ്റ് കൊണ്ട് എസ്എഫ്‌ഐ പ്രവർത്തകൻറെ തലക്ക് അടിച്ചുവെന്നും ധനേഷ് എന്ന പ്രവർത്തകൻറെ തലക്ക് പരിക്കേറ്റെന്നും എസ്എഫ്‌ഐ ആരോപിച്ചു. അതേസമയം, എസ്എഫ്‌ഐ ഇറക്കിയ ഗുണ്ടകളാണ് ആക്രമണം നടത്തിയതെന്ന് കെഎസ്‌യു ആരോപിച്ചു. പൊലീസും എസ്എഫ്‌ഐക്കൊപ്പം കെഎസ്‌യു പ്രവർത്തകർക്കുനേരെ ലാത്തിചാർജ് നടത്തുകയായിരുന്നു.
കർശനമായ പൊലീസ് സുരക്ഷയിൽ നടക്കുന്ന തെരഞ്ഞെടുപ്പായിട്ടും പൊലീസ് എസ്എഫ്‌ഐയ്‌ക്കൊപ്പം ചേർന്ന് ആക്രമണം നടത്തുകയായിരുന്നു. അകത്ത് നിന്ന് പുറത്തേക്ക് എസ്എഫ്‌ഐക്കാർ കല്ലെറിഞ്ഞപ്പോൾ പൊലീസ് നോക്കിനിന്നുവെന്നും കെഎസ്‌യു പ്രവർത്തകർ ആരോപിച്ചു. കെഎസ്‌യു പ്രവർത്തകരെ തല്ലിച്ചതയ്ക്കാൻ വേണ്ടി എസ്എഫ്‌ഐ പുറത്ത് നിന്ന് ആളെയിറക്കിയതാണെന്നും കെഎസ്‌യു ആരോപിച്ചു.