വൈദ്യുതി തടസം ജനങ്ങളെ അറിയിക്കാൻ വാട്സ് ആപ്പ് ഗ്രൂപ്പ്-മന്ത്രി സണ്ണി ജോസഫ്
വൈദ്യുതി തടസം ജനങ്ങളെ കൃത്യസമയത്ത് അറിയിക്കുന്നതിന് ഓരോ സെക്ഷൻ പരിധിയിലും ജനപ്രതിനിധികളെ ഉൾപ്പെടുത്തി വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ സജീവമാക്കണമെന്ന് വൈദ്യുതിവകുപ്പ് മന്ത്രി സണ്ണി ജോസഫ് നിർദ്ദേശിച്ചു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വൈദ്യുതി മേഖലയിലെ പ്രവർത്തനങ്ങൾ വിലയിരുത്താൻ ചേർന്ന ജനപ്രതിനിധികളുടെയും കെഎസ്ഇബി ഉദ്യോഗസ്ഥരുടെയും യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരാതികളുമായി ഫോണിലോ നേരിട്ടോ ബന്ധപ്പെടുന്ന ഉപഭോക്താക്കളോട് സൗഹാർദ്ദപരമായി പെരുമാറാൻ ജീവനക്കാർ ശ്രദ്ധിക്കണം. ഫോൺ കോളുകളോട് പ്രതികരിക്കാത്ത സാഹചര്യം ഉണ്ടാകരുത്. വൈദ്യുതി തടസങ്ങൾ സമയബന്ധിതമായി പരിഹരിക്കാൻ കെഎസ്ഇബി ജാഗ്രത പുലർത്തണം. ജനപ്രതിനിധികളുടെ സഹായത്തോടെ ഉദ്യോഗസ്ഥർ പൊതുജനങ്ങൾക്കായി നിരന്തര വൈദ്യുതി സുരക്ഷാ ബോധവൽക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.
വൈദ്യുതി ഉത്പാദന, വിതരണ, പ്രസരണ മേഖലകളിലെ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണുന്നതിനായി മണ്ഡലാടിസ്ഥാനത്തിലുള്ള സമിതികൾ കൂടുതൽ സജീവമാക്കണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി നിർദ്ദേശം നൽകി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്‍റുമാരെയും കെഎസ്ഇബി ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി രണ്ടോ മൂന്നോ മാസത്തിലൊരിക്കൽ അവലോകന യോഗങ്ങൾ വിളിച്ചുചേർക്കാൻ എംഎൽഎമാർ മുൻകൈ എടുക്കണം. എംഎൽഎ ചെയർപേഴ്സണും എക്സിക്യൂട്ടീവ് എഞ്ചിനീയർ കൺവീനറുമായ സമിതി മണ്ഡലതലത്തിലെ പ്രവൃത്തികൾ കൃത്യമായി വിലയിരുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
