പ്രമേഹമുള്ളവർ കഴിക്കാൻ പാടില്ലാത്ത പഴങ്ങൾ; അറിയാം അവ

ഏഷ്യക്കാർക്ക് ജന്മനാ പ്രമേഹരോഗ സാദ്ധ്യതയുണ്ടെന്ന് വിവിധ പഠനങ്ങൾ വെളിവാക്കിയിട്ടുണ്ട്. ചെറുപ്പക്കാരിൽ ഹൃദ്രോഗത്തിനും ഡയാലിസിസ് ചെയ്യുന്നവർക്ക് വൃക്കകളുടെ പ്രവർത്തനം തകരാറിലാകാനും ഈ രോഗാവസ്ഥ കാരണമുണ്ട്. കാഴ്‌ച പ്രശ്‌നങ്ങൾക്കും പ്രമേഹം ഇടവരുത്തും. കേരളത്തിൽ 50 ലക്ഷം പേരെ എടുത്താൽ ഇതിൽ 4.31 ലക്ഷം പേർക്കും പ്രമേഹമുണ്ടെന്നാണ് കണ്ടെത്തൽ.
ജീവിതശൈലിയും കൊഴുപ്പേറിയ ഭക്ഷണവുമാണ് പ്രധാനമായും പ്രമേഹത്തിന് ഇടവരുത്തുന്നത്. പ്രമേഹ രോഗമുള്ളവർ ആഹാരത്തിലും ശ്രദ്ധിക്കേണ്ടതുണ്ട്. വിറ്റാമിൻ, ധാതുക്കൾ എന്നിവയുടെയും നാരുകളടങ്ങിയതുമായ പഴങ്ങൾ എല്ലാവർക്കും ഇഷ്‌ടമേറിയതാണ്. എന്നാൽ ചില പഴങ്ങൾ പ്രമേഹ രോഗികൾ കഴിക്കുന്നത് ഒഴിവാക്കണം. തണ്ണിമത്തൻ, കൈതച്ചക്ക, മാമ്പഴം, വാഴപ്പഴം, ലിച്ചി എന്നീ പഴങ്ങൾ കഴിക്കുന്നത് പ്രമേഹ രോഗികൾ നിയന്ത്രിക്കുകയാണ് നല്ലത്.
ഗ്ളൈസെമിക് സൂചിക ഉയർന്നുനിൽക്കുന്ന പഴങ്ങൾ കഴിക്കുന്നത് പ്രമേഹരോഗികൾ ഒഴിവാക്കണം. തണ്ണിമത്തൻ, പഴുപ്പേറിയ വാഴപ്പഴം എന്നിവയിൽ ഗ്ളൈസെമിക് സൂചിക ഉയർന്നതാകും. അതിനാൽ പഞ്ചസാരയുടെ അളവ് ശരീരത്തിൽ വർദ്ധിക്കും. ചെറിയ ഗ്ളൈസെമിക് സൂചികയുള്ള പഴങ്ങളാണ് പ്രമേഹ രോഗികൾക്ക് നല്ലത്.
ധാരാളം പഞ്ചസാരയുടെ അളവുള്ള ഗ്ളൈസെമിക് സൂചിക ഉയർന്ന പഴം തന്നെയാണ് പൈനാപ്പിളും. അതിനാൽ ചെറിയ തോതിൽ മാത്രമേ കൈതച്ചക്ക പ്രമേഹ രോഗികൾ കഴിക്കാവൂ. ഇതിനൊപ്പം പ്രോട്ടീൻ, നാരുകൾ, ആരോഗ്യകരമായ കൊഴുപ്പ് എന്നിവയടങ്ങിയ ഭക്ഷണവും ചേർത്ത് കഴിക്കണം.
പ്രകൃതി ദത്തമായ ഷുഗറും കാർബോഹൈഡ്രേറ്റുകളും ആവശ്യത്തിന് അടങ്ങിയ പഴമാണ് മാമ്പഴം. അതിനാൽ ഇത് പ്രമേഹരോഗികൾ കഴിക്കുന്നത് രക്തത്തിൽ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കൂടാൻ ഇടയാകും. വേനൽകാലം മാമ്പഴ സീസൺ കൂടിയായതിനാൽ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.
ഗ്ളൈസെമിക് സൂചിക പ്രകാരം പഞ്ചസാരയുടെ അളവ് കൂടിയതാണ് ലിച്ചി പഴവും അതിനാൽ ഇത് എളിയ തോതിൽ കഴിക്കുക മാത്രമേ പ്രമേഹ രോഗികൾ ചെയ്യാവൂ. ഉയർന്ന അളവിൽ ഈ പഴങ്ങൾ കഴിച്ചാൽ രോഗം വഷളാകാനിടയുണ്ട്. ഈ പഴങ്ങൾ അതിനാൽ പ്രമേഹ രോഗികൾ ഭക്ഷണത്തിൽ അധികം ഉൾപ്പെടുത്താതെ ശ്രദ്ധിക്കണം.