ഗുണനിലവാരം കൂടിയ ബീജം ഉത്പാദിപ്പിക്കുന്ന പുരുഷന്‍മാര്‍ കൂടുതല്‍ കാലം ജീവിക്കും: പഠനം

പുരുഷന്‍മാരുടെ ആയുസും അവരുടെ ബീജത്തിന്റെ ഗുണനിലവാരവും തമ്മില്‍ ബന്ധമുണ്ടെന്ന് കണ്ടെത്തി ഡാനിഷ് ഗവേഷകര്‍. ഉയര്‍ന്ന ഗുണനിലവാരമുള്ള ബീജം ഉത്പാദിപ്പിക്കുന്ന പുരുഷന്‍മാര്‍ കൂടുതല്‍കാലം ജീവിക്കുമെന്നാണ് അവരുടെ പഠനം. ഡാനിഷ് ശാസ്ത്രജ്ഞര്‍ ഏകദേശം 80,000 പുരുഷന്മാരില്‍ നിന്നുള്ള സാമ്പിളുകള്‍ വിശകലനം ചെയ്താണ് പഠനം നടത്തിയിരിക്കുന്നത്.
ഓരോ സ്ഖലനത്തിനും 120 ദശലക്ഷത്തിലധികം ബീജങ്ങള്‍ ഉത്പാദിപ്പിക്കുന്നവര്‍ക്ക് 5 ദശലക്ഷത്തില്‍ താഴെ ഉല്‍പ്പാദിപ്പിച്ചവരേക്കാള്‍ രണ്ടോ മൂന്നോ വര്‍ഷം കൂടുതല്‍ ആയുസ്സുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ഏറ്റവും ഗുണനിലവാരത്തിലുള്ള ബീജം ഉത്പാദിപ്പിക്കുന്ന പുരുഷന്‍ ശരാശരി 80.3 വര്‍ഷത്തോളം ജീവിക്കുമെന്നാണ് പറയുന്നത്. എന്നാല്‍ ഗുണനിലവാരം കുറഞ്ഞ ബീജം ഉത്പാദിപ്പിക്കുന്ന പുരുഷന്റെ ശരാശരി ആയുര്‍ദൈര്‍ഘ്യം 77.6 വര്‍ഷമാണെന്നും ഈ പഠനത്തില്‍ പറയുന്നു.
ബീജത്തിന്റെ മോശം ഗുണനിലവാരവും നേരത്തെയുള്ള മരണവും എങ്ങനെ ബന്ധപ്പെട്ട് കിടക്കുന്നുവെന്നത് ഈ പഠനത്തില്‍ വിശദീകരിക്കുന്നില്ലെങ്കിലും ഒരു പരിധിവരെ ജീവിതശൈലി ഘടകങ്ങളായ പുകവലി, ഭക്ഷണക്രമം അല്ലെങ്കില്‍ വ്യായാമം എന്നിവയെ പ്രതിഫലിപ്പിക്കുന്നതായാണ് പറയുന്നത്.
ശുക്ലത്തിന്റെ ഗുണനിലവാരം കുറഞ്ഞ പുരുഷന്മാരില്‍ ഏതൊക്കെ രോഗങ്ങളാണ് കൂടുതലായി കാണപ്പെടുന്നതെന്ന് കണ്ടെത്താനാണ് ഇപ്പോള്‍ ശ്രമിക്കുന്നതെന്നും ഗവേഷകര്‍ വ്യക്തമാക്കി.